ചണ്ഡീഗഢ്: ഹോഷിയാർപുരിൽ ആറ് വയസുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിൽ പത്ത് ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് പഞ്ചാബ് പൊലീസ്. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് അതിവേഗം നടപടികൾ സ്വീകരിച്ചതെന്ന് ഐഎഎൻഎസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിച്ച പഞ്ചാബ് സർക്കാർ വിചാരണ അതിവേഗം പൂർത്തിയാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഹാഥ്റസ് സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ ഹോഷിയാർപുർ കേസിന് രാഷ്ട്രീയ നിറം നൽകാൻ ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ, പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത കേസിലെ പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേസിൽ പത്ത് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കണമെന്ന് ആഭ്യന്തര വകുപ്പിന്റെകൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി അമരീന്ദർ സിങ് പൊലീസിനോട് നിർദ്ദേശിച്ചിരുന്നു.

ഇതേത്തുടർന്ന് ഒൻപത് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കിയാണ് പഞ്ചാബ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. അന്വേഷണത്തിന്റെ ഗൗരവം ഒരു ഘട്ടത്തിലും ചോരാത്ത നിലയിലാണ് പ്രവർത്തിച്ചതെന്ന് ഡിജിപി ദിൻകർ ഗുപ്ത പറഞ്ഞു. പോസ്റ്റുമോർട്ടം നടത്തിയത് മെഡിക്കൽ ബോർഡിന്റെ സാന്നിധ്യത്തിലാണെന്നും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച തെളിവുകളും ഡിഎൻഎ സാമ്പിളുകളും ഉന്നത നിലവാരം പുലർത്തുന്ന ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഡിജിപി അവകാശപ്പെട്ടു.