ചണ്ഡീഗഡ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ പഞ്ചാബിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് അറിയിച്ചു. രാത്രി 10 മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് കർഫ്യൂ. എല്ലാ നഗരങ്ങളിലും നിയന്ത്രണം ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴശിക്ഷയും സർക്കാർ ഇരട്ടിയാക്കിയിട്ടുണ്ട്. കോവിഡ് മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് പിഴശിക്ഷ ആയിരം രൂപയായാണ് ഉയർത്തിയത്. പുതിയ നിയന്ത്രണം ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളും പ്രധാന നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ നാല് പ്രധാന നഗരങ്ങളിലും മധ്യപ്രദേശിലെ 5 ജില്ലകളിലുമാണ് രാത്രി കർഫ്യൂ പ്രഖ്യാപിച്ചത്.