ഛണ്ഡീഗഢ്: കാവേരി നദീജല തർക്കത്തിന്റെ പേരിൽ തമിഴ്‌നാടും കർണാടകവും കാലങ്ങലായി സംഘർഷത്തിലാണ്. ഇത്തരം സംഘർഷങ്ങൾ ദക്ഷിണേന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. പഞ്ചാബും- ഹരിയാനയും തമ്മിൽ ജലം പങ്കിടുന്ന സത്‌ലജ് - യമുന കനാൽ പദ്ധതിയും ഏറെ വിവാദ കലുഷിതമായ ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഈ വിഷയം പഞ്ചാബിൽ ആളിക്കത്തുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സത്‌ലജ് - യമുന കനാൽ പദ്ധതി പൂർത്തിയാക്കി ഹരിയാനയുമായി ജലം പങ്കുവെയ്ക്കേണ്ട സാഹചര്യം ഉണ്ടായാൽ പഞ്ചാബിൽ കലാപസമാനമായ സാഹചര്യമുണ്ടാവുമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. വിഷയം കേന്ദ്രസർക്കാർ ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായി പരിഗണിക്കണണെന്നും അദ്ദേഹം പറഞ്ഞു

44 വർഷം പഴക്കമുള്ള സത്‌ലജ്-യമുന ജല തർക്കത്തിൽ പഞ്ചാബ്- ഹരിയാന മുഖ്യമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് കരാറിൽ എതിർപ്പ് ആവർത്തിച്ചുകൊണ്ട് അമരീന്ദർ സിങ് നിലപാട് വ്യക്തമാക്കിയത്. സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് ഇന്ന് ചർച്ച നടത്തിയത്. ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന വൈകാരികമായ വിഷയം എന്നാണ് ജല തർക്കത്തെ അമരീന്ദർ സിങ് വിശദീകരിച്ചത്. ദേശീയസുരക്ഷയുടെ ഭാഗത്ത് നിന്നും ഈ വിഷയത്തെ പരിഗണിക്കേണ്ടതുണ്ട്. കനാൽ പൂർത്തീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവാനാണ് തീരുമാനമെങ്കിൽ അത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. പഞ്ചാബ് കത്തും, ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായി മാറും. ഹരിയാനയും രാജസ്ഥാനും ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും സിങ് പറഞ്ഞു.

1982ലാണ് കനാൽ നിർമ്മാണ പദ്ധതി ആരംഭിച്ചത്. ഹരിയാന സ്വന്തം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെങ്കിലും ജലം പങ്കുവെയ്ക്കാൻ തയ്യാറല്ലെന്നാണ് പഞ്ചാബിന്റെ നിലപാട്. പദ്ധതി പൂർത്തിയാക്കി തങ്ങൾക്ക് അനുവദിക്കപ്പെട്ട 3.5 എംഎഎഫ് ജലം കൊണ്ടുപോകാനാണ് ഹരിയാനയുടെ നീക്കം. ഇത് അനുവദിക്കാനവില്ലെന്നും വീണ്ടും പഠനം നടത്തണണെന്നാണ് പഞ്ചാബിന്റെ വാദം. സത്‌ലജ് നദിയെ യമുനാ നദിയുമായി കനാൽ വഴി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഹരിയാനയിലേയ്ക്ക് വെള്ളമെത്തിക്കുകയാണ് ലക്ഷ്യം. 700 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ കൂടുതലായി മുതൽമുടക്കുന്നത് ഹരിയാനയാണ്. 85 ശതമാനം നിർമ്മാണവും പൂർത്തിയായി കഴിഞ്ഞു. മൂന്നാഴ്ചക്കം ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ജൂലൈ 28ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തർക്കത്തിൽ മധ്യസ്ഥത വഹിക്കാനായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും യോഗത്തിൽ പങ്കെടുത്തു.

ജലസേചനം, വൈദ്യുതോത്പാദനം, കുടിവെള്ളം എന്നിവയ്ക്കായി നദീജലം ഉപയോഗപ്പെടുത്തുന്നവയാണ് ഇന്ത്യയിലെ നദീജല പദ്ധതികൾ. ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ് സത്‌ലജ്-യമുന ജല പദ്ധതി. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ നദീതടപദ്ധതിയായ ഭക്രാനംഗൽ രാജ്യത്തിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യപദ്ധതിയാണ്. സിന്ധുവിന്റെ പോഷകനദിയായ സത്ലജ് നദിയിൽ, ഹരിയാനയിലെ ഭക്ര എന്ന സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന 225 മീ. ഉയരമുള്ള കോൺക്രീറ്റ് അണക്കെട്ടാണ് പദ്ധതിയുടെ മുഖ്യഭാഗം.

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെ ജലസിക്തമാക്കുവാൻ ആവിഷ്‌കരിച്ച ഈ പദ്ധതിയിൽ വൈദ്യുതോത്പാദനവും ലക്ഷ്യമിട്ടിരുന്നു. ഭക്രയിൽനിന്ന് 128 കി.മീ. താഴെ നംഗൽ എന്ന സ്ഥലത്തെ 27 മീ. ഉയരമുള്ള അണക്കെട്ട്, 64 കി.മീ. നീളത്തിലുള്ള നംഗൽ ജലസേചനത്തോട്, ഇതിന്റെ കരയിൽ സംഘ്മാൻ, കോത്ല എന്നിവിടങ്ങളിലും ഭക്രയിൽ രണ്ടിടത്തുമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള വൈദ്യുതോത്പാദനകേന്ദ്രങ്ങൾ, 166 ച.കി.മീ. വിസ്തൃതിയിലുള്ള ഗോവിന്ദ്സാഗർ റിസർവോയർ, 4,464 കി.മീ. നീളത്തിലുള്ള പ്രധാന ജലസേചനച്ചാലുകൾ എന്നിവയെല്ലാം ഭക്രാനംഗൽ പദ്ധതിയിൽ ഉൾപ്പെടുന്നു. 14.6 ലക്ഷം ഹെക്ടർ പ്രദേശം ജലസിക്തമാക്കുവാനും 1,325 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാനും ഉപകരിക്കുന്ന ഈ പദ്ധതിയിൽ ഗുണഭോക്താക്കളായ മൂന്നു സംസ്ഥാനങ്ങൾക്കും പങ്കുണ്ടെങ്കിലും പദ്ധതിയുടെ മേൽനോട്ടവും പ്രവർത്തനവും കേന്ദ്രഗവൺമെന്റിന്റെ കീഴിലുള്ള ബോർഡിന്റെ ചുമതലയിലാണ്. ഈപദ്ധഥിയാണ് ഇപ്പോൾ വിവാദത്തിലാകുന്നത്.