തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയെ അനുകൂലിച്ച എൽ.ഡി.എഫ് സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറയാൻ ആർജവം കാണിക്കണമെന്ന് നവോത്ഥാനസമിതി കൺവീനർ പുന്നല ശ്രീകുമാർ. യുവതീപ്രവേശനത്തെ അനുകൂലിച്ച സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആർജവത്തോടെ സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും പുന്നല ആവശ്യപ്പെട്ടു. യുഡിഎഫ് ശബരിമലയുമായി ബന്ധപ്പെട്ട കരട് നിയമം പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു പുന്നല ശ്രീകുമാറിന്റെ പ്രതികരണം.

യു.ഡി.എഫിന്റെ കരട് നിയമം അന്ധവിശ്വാസത്തെ സംരക്ഷിക്കുന്നതാണെന്നും പുന്നല വ്യക്തമാക്കി. ശബരിമലയിൽ കോടതി വിധി വന്ന ശേഷം ചർച്ചയാകാമെന്ന നിലപാട് പ്രീണിപ്പിക്കൽ നയമാണെന്നും അതിലൂടെ നവോർത്ഥാനസമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും പുന്നല പറഞ്ഞു. ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് യു.ഡി.എഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് തങ്ങൾ അധികാരത്തിലെത്തിയാൽ കൊണ്ടുവരുന്ന നിയമത്തിന്റെ കരട് രൂപവും യു.ഡി.എഫ് ശനിയാഴ്ച പുറത്തുവിട്ടിരുന്നു. കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎയാണ് നിയമത്തിന്റെ കരട് പുറത്തുവിട്ടത്.

ശബരിമലയിൽ ആചാരം ലംഘിച്ച് കടന്നാൽ രണ്ടു വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിലാണ് യു.ഡി.എഫിന്റെ ശബരിമല നിയമം. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരിയെന്നും അവസാന വാക്ക് തന്ത്രിയുടേതായിരിക്കുമെന്നും നിയമത്തിന്റെ കരടിൽ പറയുന്നു.

തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യു.ഡി.എഫ് പറയുന്നു. നിയമത്തിന്റെ കരട് രൂപരേഖ നിയമമന്ത്രി എ.കെ ബാലന് കൈമാറുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. ശബരിമല വിഷയത്തിൽ ഏതെങ്കിലും തരത്തിൽ നിയമത്തിന്റെ കരട് ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടെങ്കിൽ കൈമാറട്ടെ എന്ന് മന്ത്രി എ.കെ ബാലൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുന്നത്. വെറുതെ വാചകക്കസർത്ത് നടത്തുകയല്ല യു.ഡി.എഫ് ചെയ്യുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.