പുതുപ്പള്ളി: ഭർത്താവിനെ വെട്ടിക്കൊന്നത് കുടുംബം നോക്കാത്തതുകൊണ്ടും സാമ്പത്തിക പ്രശ്‌നങ്ങളും മൂലമെന്ന് ഭാര്യ. പുതുപ്പള്ളിയിൽ ഓട്ടോ റിക്ഷാ ഡ്രൈവറായ പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാമിനെ(കൊച്ച്-48) ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല നടത്തിയ ശേഷം വീട്ടിൽ നിന്നുപോയ മാത്യുവിന്റെ ഭാര്യ റോസന്നയെ മണർകാട്ടുനിന്നാണ് പൊലീസ് പിടിച്ചത്.

ഉറക്കത്തിലാണ് ഭർത്താവിനെ കോടാലികൊണ്ട് റോസന്ന വെട്ടിക്കൊന്നത്. പ്രതിയെ പുതുപ്പള്ളി പെരുങ്കാവിലെ ഇവരുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് പൊലീസ് തെളിവെടുപ്പിനെത്തിച്ചത്.

മാത്യു കുടുംബം നോക്കിയില്ല

വീട്ടിൽ വഴക്ക് പതിവായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം കഴിഞ്ഞിരുന്നത്. കൃത്യമായി ജോലിക്ക് പോകാതിരുന്ന ഭർത്താവ് കുടുംബം നോക്കിയിരുന്നില്ലെന്നാണ് റോസന്ന പറയുന്നത്. ഇതിനെ ചോദ്യം ചെയ്ത തന്നെ മാനസിക രോഗിയായി ചിത്രീകരിക്കാനാണ് ശ്രമിച്ചിരുന്നത്. ഇത് റോസന്നയിൽ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഇവർ നൽകുന്ന മൊഴിയിലെ സൂചന.

മദ്യപാനത്തിനും ദുർനടപ്പിനും പുറമേ സ്വന്തം വീട്ടിലേക്കാൾ സഹോദരന്റെ വീട്ടിലേക്ക് മാത്യു സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നുവെന്നു. ഇതുമൂലം നാളുകളായി ഭർത്താവിനോട് ദേഷ്യത്തിലായിരുന്നു. വഴക്കിട്ട് മൂന്നുദിവസമായി വീട്ടിൽ ആഹാരം വെച്ചിരുന്നില്ല. ഈ സമയം സഹോദരന്റെ വീട്ടിൽ നിന്ന് ആഹാരം കൊണ്ടുവന്ന് മകനും ഭർത്താവും കഴിക്കും. സംഭവ ദിവസം രാത്രി ബിരിയാണി കൊണ്ടുവന്ന് റോസന്നയ്ക്ക് നൽകാതെ ഇരുവരും കഴിച്ചു. മിച്ചമുണ്ടായിരുന്നത് സമീപത്തുള്ള സഹോദരന്റെ വീട്ടിലേക്ക് നൽകിയതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. റോസന്നയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ഇവരുടെ മകൻ ജോയലിനെ മാത്യുവിന്റെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി. മൃതദേഹപരിശോധനയ്ക്കുശേഷം വൈകീട്ട് വീട്ടിലെത്തിച്ച മൃതദേഹം അരമണിക്കൂർ പൊതുദർശനത്തിന് വെച്ചു. ആറുമണിയോടെ വെള്ളൂക്കുട്ട പള്ളിയിൽ സംസ്‌കരിച്ചു.

തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ നീക്കം

ചൊവ്വാഴ്ച പുലർച്ചെ റോസന്ന, ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാർന്ന മാത്യു തല്ക്ഷണം മരിച്ചു. തുടർന്ന്, റോസന്ന സംഭവ സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. തമിഴ് നാട്ടിലേയ്ക്ക് രക്ഷപെടാനായിരുന്നു ഇവരുടെ നീക്കമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം പിന്നീട് പണമില്ലാത്തതിനാൽ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മണർകാട് പള്ളിയുടെ ഭാഗത്ത് എത്തിയതും പൊലീസ് പിടിയിലായതും.

തമിഴ്‌നാട് ബോഡിമെട്ട് സ്വദേശിനിയാണ് റോസന്ന. കോട്ടയത്തെ ഒരു അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. ഒൻപതു വർഷങ്ങൾക്ക് മുമ്പായിരുന്നു മാത്യു റോസന്നയെ ജീവിത സഖിയാക്കിയത്. പലതവണ റോസന്ന, മെഡിക്കൽ കോളജ് ആശുപത്രിയിൽ മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സയിലായിരുന്നു എന്ന് പറയുന്നെങ്കിലും സ്ഥിരീകരണമില്ല.

ബന്ധുക്കളും ഏതാനും ചില നാട്ടുകാരും മാത്രമാണ് ഇവരുടെ വിവാഹ വിവരം അറിഞ്ഞതുപോലും. നാളുകൾക്കുശേഷം ഇവർക്ക് മകനുണ്ടായി. ആരെയും റോസന്ന വീട്ടിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. മുൻപും റോസന്ന നാട് വിട്ട് പോയിട്ടുണ്ട്. അന്ന് ഇവരെ തമിഴ്‌നാട്ടിൽനിന്നുമാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.