കോഴിക്കോട് കടപ്പുറത്തെ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത് വലിയങ്ങാടിയിലെ ചുമട്ടു തൊഴിലാളിയായ ഹമീദ് പള്ളിക്കണ്ടി. പ്രദേശവാസിയായ നൗഫലും സഹായത്തിനെത്തിയതോടെ ചീറിയടുത്ത പെരുമ്പാമ്പ് ചാക്കിലേക്ക് കയറി. പിന്നീട് വനംവകുപ്പ് ജീവനക്കാരെത്തി ഇതിനെ കൊണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം.

കോഴിക്കോട് കടപ്പുറത്തെ കാറ്റു കൊണ്ട് ബീച്ച് വാക്ക്‌വേയിൽ നടക്കാൻ എത്തിയവർ വാക്ക്‌വേ അവസാനിക്കുന്നതിനടുത്ത് കണ്ടത് കൂറ്റൻ പെരുമ്പാമ്പിനെ. പത്ത് അടി നീളമുള്ള കരുത്തനെ അര മണിക്കൂറോളം പാടു പെട്ടാണ് വാലിൽ പിടിച്ച് ചാക്കിലേക്ക് കടത്തിയത്. വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ജീവനക്കാർ എത്തി കൊണ്ടുപോയി. വലിയങ്ങാടിയിലെ ചുമട്ടു തൊഴിലാളിയായ ഹമീദ് പള്ളിക്കണ്ടിയാണ് പെരുമ്പാമ്പിനെ പിടികൂടാനുള്ള ധൈര്യം കാണിച്ചത്.

പ്രദേശവാസിയായ നൗഫൽ ഫ്രീക്ക് ചാക്കുമായി റെഡിയായി നിന്നു. ചുറ്റും നിന്നവർക്കു നേരെ ചീറിയടുത്ത പാമ്പ് കുറച്ചു നേരത്തെ പ്രയത്നത്തിനു ശേഷം ശാന്തനായി ചാക്കിലേക്ക് കയറി. നഗത്തിലെ മലിനജലം കടലിലേക്ക് ഒഴുകിയെത്തുന്ന ഓട ഇതിനു സമീപത്തുണ്ട്. മാലിന്യം പലയിടത്തും കൂടിക്കിടക്കുന്നുണ്ട്. ഓടയിലൂടെ ഒഴുകി വന്നതാകും പാമ്പ് എന്നു കരുതുന്നു.