കോതമംഗലം: കാട്ടാന ശല്യത്തിന് പുറമെ മലമ്പാമ്പും. ഉപ്പുകണ്ടം -കോട്ടപ്പടി പാതയോരത്തെ മരത്തിനുമുകളിൽ കയറിയ ഭീമനെ സാഹസീകമായി പിടികൂടി. ഇന്നലെ രാത്രി 10.30 തോടെയാണ് പാമ്പിനെ പ്രദേശവാസികൾ കാണുന്നത്. പട്ടികുരകേട്ട് കാരണം അന്വേഷിച്ചിറങ്ങിയ നാട്ടുകാരാണ് റോഡിന് കുറുകെ നീങ്ങിയിരുന്ന മലമ്പാമ്പിനെ ആദ്യം കാണുന്നത്. താമസിയാതെ പാമ്പ് പാതയോരത്തെ മരത്തിലേയ്ക്ക് കയറി.

വിവരമറിഞ്ഞ് വാർഡ് മെമ്പർ ഷൈമോൾ ബേബിയും വനംവകുപ്പ് അധികൃതരും ഇവിടേയ്ക്കെക്കി. മരത്തിൽ ക്കയറിയതിനാൽ താഴെ ഇറക്കാതെ പാമ്പിനെ പിടികൂടുക ബുദ്ധിമുട്ടാണെന്ന് വനംവകുപ്പ് വാച്ചർമാർക്ക് ബോദ്ധ്യമായി. ഇതേതുടർന്ന് മരത്തിന്റെ കൊമ്പ് ചായ്ച്ച് ,മരക്കമ്പ് ഉപയോഗിച്ച് പാമ്പിനെ നിലത്തോയ്ക്ക് ചാടിച്ചു. തുടർന്ന് ഫോറസ്റ്റ് വാച്ചർമാരായ സണ്ണി വർഗീസ്, അജേഷ്,വാവച്ചൻ നാട്ടുകാരായ ജൂവൽ ജൂഡി,ലിന്റോ എൽദോസ് എന്നിവരുൾപ്പെട്ട സംഘം സാഹസീകമായി പാമ്പിനെ പിടികൂടി.

കോട്ടപ്പടി പഞ്ചായത്തിലെ വിവധ് മേഖലകളിൽ കാട്ടാന ശല്യം വ്യാപകമാണ്. കാട്ടനകൂട്ടം എത്തി കൃഷി വ്യാപകമായി നശിപ്പിക്കുന്നതുമൂലം കർഷകർ തീരാ ദുരിതത്തിലാണ്. ഇതിനു പുറമെയാണ് ഇപ്പോൾ മലമ്പാകളുടെ രംഗപ്രവേശം. അടുത്തിടെയാണ് മേഖലയിൽ ജനവാസമേഖകളിൽ പലവട്ടം മലമ്പാമ്പുകൾ എത്തിയിരുന്നു.