തൃശ്ശൂർ: ദേശീയപാതാ നിർമ്മാണത്തിന്റെ ഭാഗമയായി കൂഴിയെടുക്കവേ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്ത സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ അറസ്റ്റു ചെയ്തു. ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവർ നൂർ അമീനെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ വാണിയംകുളത്താണ് സംഭവം.

ദേശീയ പാതാ നിർമ്മാണത്തിന്റെ ഭാഗമായി വഴിയരികിൽ കുഴിയെടുക്കാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചിരുന്നു. കുഴിയെടുക്കുന്നതിനിടെ യന്ത്രം ദേഹത്ത് കയറി പാമ്പ് ചാവുകയായിരുന്നു. പാമ്പിനെ മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ച അമീൻ കണ്ടിരുന്നില്ല. പാമ്പു ചത്തു കഴിയുമ്പോഴാണ് അറിയുന്നത്.

ദേശീയപാതയിൽ ആയതിനാൽ പാമ്പു ചത്തത് മറ്റുള്ളവരും അറിഞ്ഞു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ യന്ത്രത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നൂർ അമീനെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തിൽ കേസെടുക്കാതെ തരമില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ദേശീയ പാതയ്ക്ക് വേണ്ടി കരാർ ഏറ്റെടുത്തിട്ടുള്ള ആരും വനപാലകരോട് സംസാരിച്ചിട്ടില്ല.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ ഏതെങ്കിലും തരത്തിൽ അപായപ്പെടുത്താൻ ശ്രമിക്കുന്നത് മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.