വാഷിങ്ടൺ: ഇനി മുതൽ അമേരിക്കയി പോയി തിരിച്ചെത്തുന്ന ബ്രിട്ടീഷുകാർക്ക് ക്വാറന്റൈൻ ആവശ്യമായി വന്നേക്കില്ല. അറ്റ്ലാന്റിക്കിന് കുറുകേയുള്ള യാത്രയേ അധികമായി ആശ്രയിക്കുന്ന എയർലൈൻ സർവ്വീസുകൾക്ക് സഹായകമാകുന്ന ഒരു തീരുമാനം ഉടൻ നിലവിൽ വന്നേക്കുമെന്ന് അറിയുന്നു. ഇതിനുള്ള നടപടികൾ ആരംഭദശയിലാണ്. എന്നാൽ, ഇത് യാഥാർത്ഥ്യമായാൽ അമേരിക്കയായിരിക്കും ബ്രിട്ടന്റെ ആദ്യത്തെ റീജിയണൽ ട്രാവൽ കോറിഡോർ ലക്ഷ്യസ്ഥാനം.

അമേരിക്കയിലെ ശീതകാല ഒഴിവുദിനങ്ങളിൽ സന്ദർശകർ ധാരാളമായി എത്താൻ ഇത് സഹായിക്കും. അമേരിക്കയിൽ നിന്നുള്ള സന്ദർശകരെ ആശ്രയിച്ച് നിലനിൽക്കുന്ന നിരവധി ബിസിനസ്സ് സ്ഥാപനങ്ങൾക്ക് ഇത് സഹായകരമാവുകയും ചെയ്യും. സമഗ്രമായ ഒരു പരിശോധന പദ്ധതിയില്ലാതെ അന്താരാഷ്ട്ര വ്യോമയാന മേഖലക്ക് ഇനിയൊരു നിലനിൽപില്ലെന്നാണ് എയർലൈൻസ് യു കെ യുടെ തലവൻ ടിം പറഞ്ഞത്. അതേസമയം വിമാനത്താവളങ്ങളിൽ രോഗ പരിശോധന എന്ന ആശയത്തെ ട്രാൻസ്പോർട്ട് മന്ത്രി ഗ്രാന്റ് ഷാപ്സ് സ്വാഗതം ചെയ്യുന്നില്ല. ലക്ഷണം പ്രകടിപ്പിക്കാത്ത 90 ശതമാനം രോഗികളേയും കണ്ടുപിടിക്കാൻ സ്വാബ് പരിശോധന പരാജയപ്പെടും എന്നാണ് അതിന് കാരണമായി പറയുന്നത്.

അതേസമയം, ഇതിനോട് ശക്തമായി വിയോജിച്ചുകൊണ്ട് 40 ടോറി എം പിമാർ അടക്കം 80 എം പിമാർ രംഗത്തെത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ രോഗ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ അത് ട്രാവൽ മേഖലയെ വിപരീതമായി ബാധിക്കുമെന്നും തന്മൂലം സമ്പദ്ഘടന ഇനിയും തകർന്നേക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു. ഇപ്പോൾ നിർബന്ധമായിട്ടുള്ള ക്വാറന്റൈൻ നിയമം അക്ഷരാർത്ഥത്തിൽ ബ്രിട്ടനെ അടച്ചുപൂട്ടിയിരിക്കുകയാണെന്നും വിദേശ സന്ദർശകർ വഴി പ്രതിദിനം ലഭിക്കുമായിരുന്ന 60 മില്ല്യൺ പൗണ്ട് നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണെന്നാണ് പ്രമുഖ വിമാനത്താവളം നടത്തിപ്പുകാർ പറയുന്നത്.

വിമാനത്താവളങ്ങളിൽ പരിശോധനാ സംവിധാനങ്ങൾ ഒരുക്കുന്നതിനൊപ്പം, താരതമ്യേന രോഗവ്യാപനം കുറഞ്ഞയിടങ്ങളിലേക്ക് പോകുവാൻ റീജിയണൽ ട്രാവൽ കോറിഡോറുകൾ സൃഷ്ടിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ന്യുയോർക്കിൽ കഴിഞ്ഞ ഏഴ് ദിവസത്തെ കണക്ക് പ്രകാരം 1 ലക്ഷം പേരിൽ 7.2 രോഗികൾ എന്നനിരക്കിലാണ് രോഗവ്യാപനമുള്ളത്. ഇത് ബ്രിട്ടന്റെ 1 ലക്ഷം പേരിൽ 11.3 എന്ന നിരക്കിനേക്കാൾ കുറവാണ്. മാത്രമല്ല, ക്വാറന്റൈൻ ആവശ്യപ്പെടുന്ന 1 ലക്ഷം പേരിൽ 20 രോഗികൾ എന്നതിനേക്കാൾ വളരെ കുറവുമാണ്.

ഈ സാഹചര്യത്തിൽ, ബ്രിട്ടന്റേയൂം അമേരിക്കയുടെയും ട്രാൻസ്പോർട്ട് വകുപ്പ് അധികാരികൾ ഇക്കാര്യത്തിൽ ചർച്ച ആരംഭിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവു തിരക്കുപിടിച്ച വ്യോമയാന മാർഗ്ഗമായ ലണ്ടൻ-ന്യുയോർക്ക് സർവ്വീസുകൾ പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ലണ്ടനിലെ വിമാനത്താവളങ്ങളിൽ രോഗപരിശോധന സംവിധാനങ്ങൾ വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു എന്നും വാർത്തകളുണ്ട്.

ഇത്രയും തിരക്കുള്ള വിമാന പാത പുനഃസ്ഥാപിക്കാൻ കഴിയുകയും, യാത്രക്കാരിൽ ദീർഘദൂര യാത്രയ്ക്കുള്ള ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്താൽ, അതായിരിക്കും വ്യോമയാന മേഖലയ്ക്കായി സർക്കാരിന് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്നാണ് ഈ മേഖലയിൽ ഉള്ളവർ പറയുന്നത്. അതേസമയം രോഗവ്യാപനം 1 ലക്ഷം പേരിൽ 21.2 പേർ എന്ന നിരക്കിലേക്ക് ഉയർന്നതോടെ സ്വിറ്റ്സർലാൻഡും ക്വാറന്റൈൻ ആവശ്യമായ രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.