തിരുവനന്തപുരം : വി എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഭൂപരിഷ്‌കരണനിയമം കാലഹരണപ്പെട്ടതാണെന്നും വ്യവസായ ആവശ്യങ്ങൾക്കായി ഭൂമി കണ്ടെത്തുന്നതിന് ഈനിയമം റദ്ദാക്കണമെന്നും വ്യവസായവകുപ്പ് ശുപാർശചെയ്തിരുന്നു. എന്നാൽ ''ഒരു കമ്യൂണിസ്റ്റുകാരനെങ്കിലും മന്ത്രിസഭയിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഭൂപരിഷ്‌കരണ നിയമം ശക്തിപ്പെടുത്തുകയും മുന്നോട്ടുപോകുകയും ചെയ്യും'' -എന്നായിരുന്നു വി.എസിന്റെ പ്രതികരണം. പിന്നീട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും ഈ നീക്കം നടന്നു. ഇതും ഇടതുപക്ഷ എതിർപ്പിനെ തുടർന്ന് നടന്നില്ല. ഈ പരിഷ്‌കരണം വീണ്ടും ചർച്ചകൾക്ക വിധേയമാകുകയാണ്. പിണറായി സർക്കാർ മുന്നിൽ നിൽക്കുന്നു. എതിർക്കാൻ വിഎസും സജീവമായി രാഷ്ട്രീയത്തിൽ ഇല്ല. അതുകൊണ്ട് തന്നെ രണ്ടാം തുടർഭരണത്തിൽ തോട്ടഭൂമിയെല്ലാം മാഫിയയുടെ കൈയിലേക്ക് എത്തും. ഇതിനൊപ്പം പാറമടകളിലും കള്ളക്കളികൾ നടക്കുകയാണ്. ഇതിന് പിന്നിൽ നിർമ്മാണ മേഖലയിലെ അനിഷേധ്യരായ ഊരാളുങ്കലിന്റെ ഇടപെടലാണ് എന്നാണ് റിപ്പോർട്ട്.

ക്വാറി, മണൽ വാരൽ എന്നിവയിലൂടെ അടുത്ത 3 വർഷത്തിനുള്ളിൽ നികുതിയിതര വരുമാനം വർധിപ്പിക്കുകയെന്ന ആശയവുമായാണ് സർക്കാരിന്റെ മുന്നോട്ട് പോക്ക്. പരിസ്ഥിതി ദിനത്തിൽ ക്ലിഫ് ഹൗസിൽ വൃക്ഷതൈ നട്ട് പരിസ്ഥിതിയോട് ഐക്യപ്പെടുന്നവരാണ് ഇതിന് പിന്നിൽ. പരിസ്ഥിതിക്ക് ഏറ്റവും ആഘാതമുണ്ടാക്കുന്ന 2 നടപടികളാണ് മണൽവാരലും പാറപൊട്ടിക്കലും. നദികളിലെ മണൽവാരൽ സംസ്ഥാനത്ത് ഇപ്പോൾ നിലവിലില്ല. ഇതു പുനരാരംഭിക്കുന്നതിനൊപ്പം ഡാമിലെ മണൽ വാരൽ കാര്യക്ഷമമാക്കുക കൂടിയാണ് സർക്കാർ ലക്ഷ്യം. നദികളെ എല്ലാം തകർക്കുന്നതാകും ഈ നീക്കം.

പാറപൊട്ടിക്കൽ വ്യാപകമാകാനും വഴിയൊരുക്കും.നികുതി വരുമാനത്തിൽ 14% വർധനയാണ് 3 വർഷം കൊണ്ടു ലക്ഷ്യമിടുന്നതെന്ന് ബജറ്റിനൊപ്പം നിയമസഭയിൽ വച്ച സാമ്പത്തിക നയരേഖയിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടുന്നു. നികുതിയിതര വരുമാനത്തിൽ 15% വർധന പ്രതീക്ഷിക്കുന്നു. മണൽ വാരൽ, പാറപൊട്ടിക്കൽ എന്നിവയാണ് നികുതി വർധിക്കുന്നതിനുള്ള പ്രധാന മാർഗങ്ങൾ. ഇത് ഫലത്തിൽ കേരളത്തിന്റെ പ്രകൃതിയെ തകർക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലും മറ്റും പാറപൊട്ടിക്കൽ ഇപ്പോഴും പരിധി വിടുന്ന അവസ്ഥയിലാണ്, പത്തനംതിട്ടയിലെ ചില ക്വാറികളെ കുറിച്ച് ആക്ഷേപവും ഉയർന്നു കഴിഞ്ഞു.

സമുദായ നേതാവും രാഷ്ട്രീയ ഉന്നതനുമായ വ്യക്തിയുടെ സഹോദരന് പത്തനംതിട്ടയിലെ പരിസ്ഥിതി ലോല പ്രദേശത്ത് ക്വാറി അനുവദിച്ച് ഉത്തരവുകൾ ഇറങ്ങിയിരുന്നു. ഈ വ്യക്തിക്ക് കൂടുതൽ ക്വാറികൾ ഇനിയും തുറക്കാൻ പദ്ധതിയുണ്ട്. ഇതെല്ലാം ബജറ്റ് പ്രസംഗത്തിലെ നികുതിയേതര വരുമാനത്തിലെ വരികൾക്കിടയിൽ വായിച്ചെടുക്കാമെന്ന് പരിസ്ഥിതി സ്‌നേഹികൾ പറയുന്നു. ഇതിനൊപ്പമാണ് തോട്ടഭൂമിയിൽ പുതിയ വിളകൾ കൃഷിചെയ്യാൻ അനുമതി നൽകുന്നതിന് ഭൂപരിഷ്‌കരണനിയമത്തിൽ കാതലായ ഭേദഗതി വേണ്ടിവരുമെന്ന ചർച്ചയും സജീവമാക്കുന്നത്.

പുതിയ സംസ്ഥാന ബജറ്റിലാണ് തോട്ടങ്ങളിൽ റംബൂട്ടാൻ, അവക്കാഡോ, ഡ്രാഗൺ ഫ്രൂട്ട്, മാങ്കോസ്റ്റിൻ, ലോങ്കൻ തുടങ്ങിയ ഫലവർഗങ്ങൾ കൃഷിചെയ്യാൻ അനുമതി നൽകുമെന്ന് പ്രഖ്യാപിച്ചത്. ഭൂപരിഷ്‌കരണനിയമം ഭേദഗതിചെയ്യുന്നതിനെ കർക്കശമായി എതിർത്തുപോന്ന എൽ.ഡി.എഫിന്റെ പരമ്പരാഗത നയത്തിൽനിന്നുള്ള വ്യതിയാനമാണിത്. നിലവിൽ തോട്ടഭൂമിയുടെ അഞ്ചുശതമാനം സ്ഥലം ടൂറിസത്തിനും ചില വിളകൾ കൃഷിചെയ്യാനും ഉപയോഗിക്കാം. പുതിയ നിയമഭേദഗതി എങ്ങനെയാണെന്ന് വ്യക്തമല്ല. പുതുതായിവരുന്ന വിളകളെക്കൂടി നിലവിൽ അനുമതിയുള്ള വിളകളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ഒരു മാർഗം. അഥവാ മറ്റുവിളകൾകൂടി തോട്ടങ്ങളിൽ കൃഷിചെയ്യാനാകുംവിധം സമഗ്രമായി നിയമം പൊളിച്ചെഴുതണം. ആറു മാസത്തിനകം ഇക്കാര്യത്തിൽ നയം രൂപവത്കരിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

ഭൂപരിഷ്‌കരണനിയമപ്രകാരം ഒരാൾക്ക് പരമാവധി കൈവശംവെക്കാവുന്ന ഭൂമി 15 ഏക്കർ മാത്രമാണെന്ന പരിധി തോട്ടങ്ങൾക്ക് ബാധകമല്ല. മറ്റുവിളകൾ കൃഷി ചെയ്യാൻ അനുവദിക്കുന്നത് ഭൂപരിഷ്‌കരണനിയമത്തിന്റെ അന്തസ്സത്തതന്നെ ഇല്ലാതാക്കുമെന്നും ഭാവിയിൽ അവ കഷണങ്ങളാക്കി കൈമാറ്റംചെയ്യപ്പെടുന്നതിന് ഇടയാക്കുമെന്നുമായിരുന്നു വിമർശനങ്ങളുടെ കാതൽ. പരമ്പരാഗതതോട്ടങ്ങൾ നഷ്ടത്തിലാകുകയും പലതും പൂട്ടുകയുംചെയ്തു. തോട്ടം ലാഭകരമായി നടത്താൻ മറ്റു കൃഷികൾക്കും അനുമതി നൽകണമെന്ന ആവശ്യം ദീർഘകാലമായുണ്ട്. ഇതിന്റെ തുടർച്ചയായാണ് മറ്റുവിളകളും തോട്ടങ്ങളിൽ കൃഷിചെയ്യാനുള്ള അനുമതി ബജറ്റിൽ ഉൾക്കൊള്ളിച്ചതെന്ന് വിലയിരുത്തുന്നു.

ഭൂപരിഷ്‌കരണനിയമം ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയതിനാൽ ഇതുസംബന്ധിച്ച നിയമ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം വേണം. നിയമസഭയിലെ കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽമാത്രം ഭേദഗതിയുണ്ടാകരുതെന്ന ദീർഘവീക്ഷണത്തിലാണ് ഭൂനിയമങ്ങൾ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ചുശതമാനം ഭൂമി ടൂറിസത്തിനും ചില വിളകൾക്കുമായി അനുവദിച്ച നിയമഭേദഗതിക്ക് 2012-ലാണ് രാഷ്ട്രപതി അംഗീകാരം നൽകുന്നത്. തുടർന്ന് തരിശുഭൂമി വ്യവസായത്തിന് ഉപയോഗിക്കാൻ കഴിയുന്നവിധത്തിൽ 2015-ൽ നിയമഭേദഗതിക്ക് ശ്രമിച്ചെങ്കിലും ഇടതുപക്ഷം ശക്തമായി എതിർത്തതിനാൽ അത് നടപ്പായില്ല.