കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് വരനു നേരെ പെൺകുട്ടിയുടെ അമ്മാവന്മാർ ചേർന്ന് നടത്തിയത് ദുരഭിമാനക്കൊലക്കായുള്ള ശ്രമം. തങ്ങളുടെ വീട്ടിലെ ഡ്രൈവറായിരുന്ന ചെറുപ്പക്കാരൻ വീട്ടിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് ഇത്തരത്തിലുള്ള അക്രമത്തിൽ കലാശിച്ചത്.

വിവാഹത്തിന് പെൺകുട്ടിയുടെ മാതാപിതാക്കൾ സമ്മതിച്ചിരുന്നെങ്കിലും അമ്മാവന്മാരാണ് ദുരഭിമാനം കൊണ്ട് വിവാഹത്തെ എതിർത്തതും വരനെ വധിക്കാൻ ശ്രമിച്ചതും. നടേരി മഞ്ഞളാട്ട് കുന്നുമ്മൽ കിടഞ്ഞിയിൽ മീത്തൽ കുഞ്ഞിമുഹമ്മദിന്റെ മകനായ മുഹമ്മദ് സ്വാലിഹും കീഴരിയൂർ സ്വദേശിനിയായ ഫർഹാനയും തമ്മിൽ പ്രണയത്തിലായിരുന്നു. ഫർഹാനയുടെ കുടുംബത്തിലെ ഡ്രൈവറായിരുന്നു സ്വാലിഹ്. കേവലം ഡ്രൈവറായ സ്വാലിഹിനെ വിവാഹം കഴിക്കാൻ സമ്മതിക്കില്ലെന്ന് നേരത്തെ തന്നെ ഫർഹാനയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു.

എന്നാൽ ബന്ധുക്കളുടെ എതിർപ്പ് വകവെക്കാതെ ഇരുവരും രണ്ട് മാസങ്ങൾ്ക്ക് മുമ്പ് രജിസ്റ്റർ വിവാഹം കഴിക്കുകയും ഫർഹാന സ്വാലിഹിന്റെ വീട്ടിലെത്തി താമസം തുടങ്ങുകയും ചെയ്തിരുന്നു. ഈ സമയത്താണ് സ്വാലിഹിന് ആദ്യമായി ഫർഹാനയുടെ ബന്ധുക്കളിൽ നിന്ന് മർദ്ദനമേൽക്കേണ്ടി വന്നത്. അന്ന് ഫർഹാനയുടെ അമ്മാവന്മാർ സ്വാലിഹിന്റെ വീട് ആക്രമിക്കുകയും ഫർഹാനയെ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രതികൾക്കെതിരെ നടപടിയൊന്നുമുണ്ടായിരുന്നില്ല.

ദിവസങ്ങൾക്ക് ശേഷം ഫർഹാന വീണ്ടും സ്വാലിഹിന്റെ വീട്ടിലെത്തി താമസം തുടങ്ങുകയും ചെയ്തു. ഇതോടെയാണ് ഇരു വീട്ടുകാരും ചേർന്ന് മതാചാരപ്രകാരമുള്ള വിവാഹം നടത്താമെന്ന് സമ്മതിച്ചത്. എന്നാൽ അപ്പോഴും ഫർഹാനയുടെ അമ്മാവന്മാർ അതിന് സമ്മതിച്ചിരുന്നില്ല. അതുപ്രകാരം കീഴരിയൂരിലെ മദ്രസയിൽ വെച്ച് നിക്കാഹ് നടത്താൻ വേണ്ടിയാണ് സാലിഹും ബന്ധുക്കളും സുഹൃത്തുക്കളും കീഴരിയൂരിലെത്തിയത്. ഈ സമയത്താണ് ഫർഹാനയുടെ അമ്മാവന്മാർ ചേർന്ന് സ്വാലിഹിന്റെ വാഹനം തടഞ്ഞുനിർത്തി മർദ്ദിച്ചത്.

പെൺകുട്ടിയുടെ മാതാപിതാക്കൾ ഇരുവരുടെയും വിവാഹത്തിന് അനുവാദം നൽകിയിരുന്നെങ്കിലും പെൺകുട്ടിയുടെ അമ്മാവന്മാർ തുടക്കം മുതലെ എതിരായിരുന്നു. വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹത്തിന് സമ്മതമായിരുന്നുവെന്നും എന്നാൽ ബന്ധുക്കളാണ് പ്രശ്നമുണ്ടാക്കിയതെന്നും ഫർഹാന പറയുന്നു. ഫർഹായനുടെ ബന്ധുക്കളായ കബീർ, മൻസൂർ എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. ഇരുവരും വലിയ സാമ്പത്തിക ശേഷിയുള്ളവരാണ്. തങ്ങളുടെ ഡ്രൈവറായിരുന്ന ഒരു ജോലിക്കാരൻ കുടുംബത്തിൽ നിന്നുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചതിലുള്ള പകയാണ് ഈ തരത്തിലുള്ള അക്രമത്തിലേക്ക് നയിച്ചത്.

അതേസമയം സംഭവത്തിൽ സംസ്ഥാന വനിത കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണെന്ന് വധൂവരന്മാർ. പൊലീസിൽ നിന്നും നീതി ലഭിക്കില്ലെന്ന തിരിച്ചറിവാലണ് സംസ്ഥാന വനിത കമ്മീഷനെ സമീപിക്കുന്നതെന്ന് അക്രമത്തിനിരയായ സ്വാലിഹും ഭാര്യ ഫർഹാനയും പറഞ്ഞു. അക്രമം നടന്ന് ഇത്ര സമയമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തത് പൊലിസിന്റെ അനാസ്ഥയാണെന്നും ഇവർ പറയുന്നു. പൊലീസ് അന്വേഷണം വൈകുമെന്ന ഭയത്താലാണ് ഇപ്പോൾ ഇരുവരും സംസ്ഥാന വനിത കമ്മീഷനെ സമീപിക്കുന്നത്.

പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പ്രതികൾക്ക് വേണ്ടി പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തുന്നുണ്ട്. ഇന്നലെ മുതൽ കോഴിക്കോട്, കൊയിലാണ്ടി, കാപ്പാട് മേഖലകളിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിട്ടില്ല.