കോഴിക്കോട്: രാഷ്ട്രപതിക്കുള്ള ഡി ലിറ്റ് ശുപാർശ സർക്കാർ തടഞ്ഞിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. ഓണററി ബിരുദം നൽകുന്നത് സർവകലാശാലയുടെ സ്വയംഭരണാവകാശമാണ്. അതിൽ സർക്കാർ ഇടപെടാറില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു അഭിപ്രായവും സർവകലാശാലയിൽ നിന്ന് ആരും ചോദിച്ചിട്ടില്ല.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടേത് തെറ്റായ ആരോപണമെന്നും ആർ.ബിന്ദു പ്രതികരിച്ചു. അതേസമയം, ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം.

രാഷ്ട്രപതിക്ക് ഓണററി ഡിലിറ്റ് നൽകാൻ കേരള സർവകലാശാല വിസമ്മതിച്ചതാണ് ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ അടിസ്ഥാനമെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. രമേശ് ചെന്നിത്തല ഉന്നയിച്ച ഡി ലിറ്റ് പദവി ആരോപണം തെറ്റാണ്. അദ്ദേഹം ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയില്ല. രമേശ് ചെന്നിത്തല പറയുന്നതാണോ ആത്യന്തിക സത്യം എന്ന മറു ചോദ്യവും മന്ത്രി ഉന്നയിക്കുന്നു.

'ഓണററി ബിരുദം നൽകൽ സർവ്വകലാശാലയുടെ സ്വയംഭരണാവകാശമാണ്. ഇതിൽ സർക്കാരിന് ഒരു റോളുമില്ല. സർക്കാർ ഇടപെടില്ല. ഓണററി ബിരുദം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക സെനറ്റും സിന്റിക്കേറ്റുമാണ്. രമേശ് ചെന്നിത്തലയുടെ പരാമർശങ്ങൾ തീർത്തും തെറ്റായ ആരോപണങ്ങളാണ്'-മന്ത്രി പറഞ്ഞു.

ഗവർണറുടെ നിലപാട് നിയമവിരുദ്ധം ആണെന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണ് എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഗവർണ്ണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് ഇവർ തമ്മിലുള്ള തർക്കത്തിലെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമെ പുറത്തുവന്നിട്ടുള്ളൂ എന്നാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സർക്കാരും താനുമായുള്ള തർക്കത്തെ സംബന്ധിച്ച് ഗവർണ്ണർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണ്. താൻ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുൾപ്പെടെ തർക്കമുണ്ടെന്ന ഗവർണറുടെ വാക്കുകൾ ഉദ്ധരിച്ച് അവ ഈ വിഷയങ്ങൾ ആണോ എന്ന ചോദ്യമാണ് ചെന്നിത്തല ഉയർത്തുന്നത്.

വിഷയത്തിൽ വ്യക്തത വരുത്താൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങൾ.

1. ഇന്ത്യൻ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണ്ണർ കേരള സർവ്വകലാശാലാ വൈസ് ചാൻസിലർക്ക് നിർദ്ദേശം നൽകിയിരുന്നോ? എങ്കിൽ എന്നാണ് ?

2. ഈ നിർദ്ദേശം സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് കേരള സർവ്വകലാശാലാ വൈസ് ചാൻസിലർ നിരാകരിച്ചിരുന്നോ?

3. വൈസ് ചാൻസിലർ, ഗവർണ്ണറുടെ നിർദ്ദേശം സിന്റിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സർക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കിൽ അത് ഏത് നിയമത്തിന്റെ പിൻബലത്തിൽ?

4. ഇത്തരത്തിൽ ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ?

5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസിലർ, അദ്ദേഹത്തിന്റെ കാലാവധി തീരും മുൻപ് മൂന്ന് പേർക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള തീരുമാനം ഗവർണ്ണറുടെ അനുമതിക്കായി സമർപ്പിച്ചിരുന്നോ? എങ്കിൽ എന്നാണ് പട്ടിക സമർപ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?

6. ഈ പട്ടികക്ക് ഇനിയും ഗവർണ്ണറുടെ അസ്സന്റ് കിട്ടാത്തതിന്റെ കാരണം സർവകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?