ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. ചടങ്ങുകളുടെ ഭാഗമായി സർവമത പ്രാർത്ഥനയും (സർവ്വ ധർമ്മ പൂജ) നടന്നു. അംബാല വ്യോമസേന താവളത്തിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലി മുഖ്യാതിഥിയായി. ചടങ്ങിന്റെ ഭാഗമായി വ്യോമാഭ്യാസ പ്രകടനവും നടന്നു.

ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. ജൂലായ് 27-നാണ് ഫ്രാൻസിൽനിന്നാണ് ആദ്യ ബാച്ചിൽപെട്ട വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. 58,000 കോടി രൂപ ചെലവിട്ട് 36 റഫാൽ വിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഫ്രാൻസുമായി കരാറൊപ്പിട്ടുള്ളത്.

ഇന്ത്യ വാങ്ങുന്ന 36 റഫാൽ വിമാനങ്ങളിൽ അഞ്ചെണ്ണം ജൂലൈ 29 ന് അംബാലയിൽ എത്തിയിരുന്നു. അടുത്ത 4 വിമാനങ്ങൾ ഒക്ടോബറിലും മൂന്നാം ബാച്ച് ഡിസംബറിലും വരും. 2021 അവസാനത്തോടെ 36 വിമാനങ്ങളും ലഭിക്കും.