ന്യൂഡൽഹി: റഫാൽ യുദ്ധവിമാന കരാർ ഉറപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഇടനിലക്കാരായ ഡെഫിസിസ് സൊലൂഷൻസ് എന്ന കമ്പനിക്ക് ദസ്സോ കമ്പനി സമ്മാനമായി നൽകിയത് 8.77 കോടി രൂപയെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടാണ് റഫാൽ ഇടപാട് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.

റഫാൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന ദസ്സോ കമ്പനിയിൽ നടന്ന ഓഡിറ്റിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2016-ൽ റഫാൽ കരാർ ഉറപ്പിച്ചതിന് പിന്നാലെ ദസ്സോയുടെ സബ് കോൺട്രാക്ടറായ ഡെഫിസിസ് സൊലൂഷൻസ് എന്ന ഇന്ത്യൻ കമ്പനിക്ക് 10,17,850 യൂറോ(ഏകദേശം 8.77 കോടി രൂപ) നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

റഫാൽ വിമാനങ്ങളുടെ 50 പകർപ്പുകൾ നിർമ്മിക്കാനാണ് ഈ പണം ചെലവഴിച്ചതെന്നാണ് ദസ്സോയുടെ വിശദീകരണമെങ്കിലും ഇത് സാധൂകരിക്കുന്ന തെളിവുകളോ മറ്റോ ദസ്സോയ്ക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസിയായ ഏജൻസെ ഫ്രാൻസൈസ് ആന്റികറപ്ഷൻ(എഎഫ്എ) കമ്പനിയിൽ നടത്തിയ ഓഡിറ്റിലാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്.

2017-ലെ അക്കൗണ്ടിൽ 'ഇടപാടുകാർക്കുള്ള സമ്മാന'മായി ഏകദേശം 5,08,925 യൂറോ കമ്പനി ചെലവഴിച്ചു. ഈ പണം റഫാൽ വിമാനങ്ങളുടെ പകർപ്പ് നിർമ്മിച്ചതിന് ചെലവഴിച്ചെന്നാണ് കമ്പനിയുടെ വിശദീകരണം. പക്ഷേ, ഇതിന്റെ തെളിവുകളും ദസ്സോയ്ക്ക് ഹാജരാക്കാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ കമ്പനിയായ ഡെഫ്സിസ് സൊലൂഷൻസിന് പണം നൽകിയത് സംബന്ധിച്ചും വൻക്രമക്കേടുകളാണ് എ.എഫ്.എ. ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു വിമാന മാതൃകയ്ക്ക് 20,357 യൂറോയാണ് വിലയിട്ടിരുന്നതെന്നും ഇത് ഉയർന്ന തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ഇത്തരം ചെലവുകൾ 'ഇടപാടുകാർക്കുള്ള സമ്മാന'മെന്ന രീതിയിൽ അക്കൗണ്ടുകളിൽ വിശദീകരിച്ചതിനെക്കുറിച്ചും ദസ്സോയ്ക്ക് വ്യക്തമായ മറുപടി നൽകാനായില്ലെന്നും റിപ്പോർട്ടിലുണ്ട്.

ഇന്ത്യയിലെ വിവാദ വ്യവസായിയായ സുഷേൻ ഗുപ്തയുമായി ബന്ധപ്പെട്ട കമ്പനിയാണ് ഡെഫ്സിസ് സൊലൂഷൻസ്. നേരത്തെ അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് സുഷേൻ ഗുപ്ത.

അതേസമയം, ദസ്സോയിലെ ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേടുകളെ സംബന്ധിച്ച് എ.എഫ്.എ. ഫ്രഞ്ച് പ്രോസിക്യൂഷൻ അധികൃതരെ വിവരമറിയിച്ചിട്ടില്ലെന്നും മീഡിയപാർട്ട് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റഫാൽ കരാറിനെ സംബന്ധിച്ചുള്ള അന്വേഷണാത്മക പരമ്പരയിലെ ആദ്യഭാഗമാണ് മീഡിയപാർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മൂന്ന് ഭാഗങ്ങളുള്ള പരമ്പരയിലെ രണ്ട് റിപ്പോർട്ടുകൾ വരുംദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും മൂന്നാമത്തെ റിപ്പോർട്ടിൽ വലിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും മീഡിയപാർട്ട് റിപ്പോർട്ടർ ഇന്ത്യ ടുഡെ ടിവിയോട് പറഞ്ഞു.

ദുരൂഹമായ ഇടപാടുകൾ കണ്ടെത്തിയിട്ടും കമ്പനിയ്‌ക്കെതിരെ എന്തെങ്കിലും നിയമനടപടികൾ സ്വീകരിക്കുമെന്നുള്ള വാർത്തകളില്ല. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കും രാഷ്ട്രീയ നേതൃത്വത്തിനുമെതിരെയാണ് ചോദ്യചിഹ്നം ഉയരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

പ്രതിരോധ രംഗത്തെ കരാറുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ സംശയമുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗമാണ് ഈ ഇടപാടു സംബന്ധിച്ച സൂചന നൽകിയത്. ഡെഫ്‌സിസ്എന്ന ഇന്ത്യൻ കമ്പനിക്കാണ് തുക കൈമാറിയതെന്നം സാധാരണ ഗതിയിൽ സമ്മാനമായി കൈമാറുന്ന തുകയെക്കാൾ കൂടിയ തുകയാണ് നൽകിയതെന്നുമായിരുന്നു കണ്ടെത്തൽ.

വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസിലടക്കം ഉയർന്നു കേട്ട വിവാദ വ്യവസായി സുഷൻ ഗുപ്തയുമായി ബന്ധമുള്ള സ്ഥാപനമാണ് പണം ലഭിച്ച ഡെഫ്‌സിസ് സൊല്യൂഷൻസ്. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസിൽ അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാർ സംബന്ധിച്ചുള്ള വാർത്താ പരമ്പരയിൽ ആദ്യത്തെ ഭാഗമാണ് ഇതെന്നാണ് മീഡിയ പാർട്ട് ലേഖകൻ പറയുന്നത്. സംഭവത്തിൽ പ്രതികരിക്കാൻ ഇതുവരെ ഡസോയോ ഡെഫ്‌സിസോ തയ്യാറായിട്ടില്ല.