ബ്രിസ്‌ബേൻ: ഓസീസ് മണ്ണിൽ കളിക്കാനിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി. പിന്നാലെ ക്യാപ്ടൻ വിരാട് കോലി ഭാര്യ അനുഷ്‌ക്ക ശർമ്മയുടെ പ്രസവത്തിനായി നാട്ടിലേക്ക് വണ്ടി കയറി. അജിങ്ക്യെ രഹാനയുടെ നായകത്വത്തിൽ കളിക്കളത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം ഓസീസ് നിരയെ തോൽപ്പിക്കില്ലെന്ന് കരുതിയവർ ഏറെയായിരുന്നു. ക്രിക്കറ്റ് പണ്ഡിതർ തന്നെ ഇക്കാര്യം എടുത്തു പറഞ്ഞു എന്നാൽ, പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തി കളിക്കളത്തിൽ ടീം സ്പിരിറ്റോടെ രഹാനയും കൂട്ടരും നിറഞ്ഞപ്പോൾ ഇന്ത്യയുടെ വിദേശ ടെസ്റ്റ് പര്യടനങ്ങളിലെ ഏറ്റവും മികച്ച പരമ്പര നേട്ടമായി ഗവാസ്‌ക്കർ-ബോർഡർ ട്രോഫിയിലെ വിജയം.

കളിക്കളത്തിൽ തെറിപറയുന്ന ഓസീസ് കളിക്കാരെയും പുറമേ വംശീയമായി അധിക്ഷേപിച്ച ഓസീസ് കാണികൾക്കും മുമ്പിലായിരുന്നു ടീം ഇന്ത്യയുടെ വിജയം. പ്രതിന്ധികളുടെ കയത്തിൽ നിന്ന് ഓസ്ട്രേലിയൻ മണ്ണിൽ ടീം ഇന്ത്യ നേടിയ വിജയത്തിന് പത്തരമാറ്റിന്റെ പൊൻതിളക്കം തന്നെയാണ്. ക്യാപ്ടൻസിയിൽ വിരാട് കോലിക്ക് വലിയ വെല്ലുവിളി കൂടി ഉയർത്തുന്നു അജിൻക്യ രഹാനെ. നായകനെന്ന നിലയിൽ രഹാനെയുടെ ആത്മവിശ്വാസം മുഴുവൻ നിഴലിച്ച മത്സരമായിരുന്നു ബ്രിസ്‌ബേനിലേതും.

എല്ലാറ്റിനും മുകളിൽ ഒരു ടീം എന്ന നിലയിലുള്ള ഒത്തിണക്കവും പോരാട്ടവീര്യവും. കളിക്കളത്തിലെ പതിനൊന്നു പേരോടും അവരുടെ ചീത്തവിളിയോടും മാത്രമായിരുന്നില്ല ഈ പരമ്പരയിൽ ഇന്ത്യ എതിരിട്ടത്. വംശവെറി നിറഞ്ഞ കാണികളോടു കൂടിയായിരുന്നു. അതു കൊണ്ടു തന്നെയാണ് ഈ ജയവും പരമ്പരയും ഏറെ മധുരതരമാകുന്നത്. ആദ്യ ടെസ്റ്റിൽ കളിച്ച നായകൻ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയത് തിരിച്ചടിയാകുമോ എന്ന ഭയം ടീം ഇന്ത്യയ്ക്കും ആരാധകർക്കുമുണ്ടായിരുന്നു. എന്നാൽ കിട്ടിയ അവസരം മുതലാക്കിയ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ ടീമിനെ മുന്നിൽ നിന്നു നയിച്ചു. കോലി പതറിയിടത്തെല്ലാം രഹാനെ കരുത്തു കാണിച്ചു. ക്യാപ്ടൻസിയിലെ നിർണായക തീരുമാനങ്ങൾ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

രണ്ടാം ടെസ്റ്റിലെ ഐതിഹാസികമായ ജയത്തിന് പിന്നിൽ രഹാനെയുടെ സെഞ്ച്വറിയും ക്യാപ്റ്റൻസിയുമുണ്ടായിരുന്നു. മൂന്നാം ടെസ്റ്റിൽ വീരോചിത സമനില. നാലാം ടെസ്റ്റിൽ വിജയവും. സിഡ്നിയിലെ മൂന്നാം ടെസ്റ്റിലാണ് മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറയ്ക്കും കാണികളിൽ നിന്ന് വംശീയാധിക്ഷേപം നേരിട്ടത്. കളി നിർത്തിവച്ച് കാര്യങ്ങൾ ചർച്ച ചെയ്ത് കളത്തിൽ യഥാർത്ഥ നായകനായി അന്ന് രഹാനെ. അധിക്ഷേപം നേരിട്ട തന്റെ താരങ്ങളേ ചേർത്തുപിടിച്ച നായകൻ സൈബർ ലോകത്തും താരമായി.

രഹാനെയുടെ കളി ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളിലൊന്നാകും ഓസീസിനെതിരെയുള്ള പരമ്പര ജയം എന്നതിൽ സംശയമില്ല. ഗൂഗ്ൾ സിഇഒ സുന്ദർപിച്ചൈ അതിനെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്; ''എക്കാലത്തെയും മികച്ച ടെസ്റ്റ് വിജയങ്ങളിൽ ഒന്ന്. ഇന്ത്യയ്ക്ക് അഭിനന്ദനം. ഓസീസും നന്നായി കളിച്ചു. എന്തൊരു പരമ്പര! ഇതാ പുതിയ ഇന്ത്യ!

വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ആർ അശ്വിൻ, കെഎൽ രാഹുൽ തുടങ്ങിയ വൻ തോക്കുകളുടെ സേവനം ലഭിക്കാത്ത പരമ്പരയിൽ ഉയർന്നു വന്നത് ഒരുപിടി പുതിയ താരങ്ങളാണ്. ശുഭ്മാൻ ഗിൽ, മുഹമ്മദ് സിറാജ്, ശാർദുൽ ഠാക്കൂർ, വാഷിങ്ടൺ സുന്ദർ ടി നടരാജൻ...തുടങ്ങി ഒരുപിടി താരങ്ങൾ. ടീം ഇന്ത്യയുടെ ഭാവി സുരക്ഷിതമാണ് എന്ന് തെളിയിക്കുന്ന പരമ്പര കൂടിയാണ് അവസാനിക്കുന്നത്. നെറ്റിൽ പരിശീലനത്തിനായി പന്തെറിയാനായി വന്ന നടരാജനും ശാർദുലുമൊക്കെ ടീമിനെ മൊത്തം തോളിലേറ്റിയത് ക്രിക്കറ്റ് ആരാധകർക്ക് മധുരം നൽകുന്ന കാഴ്‌ച്ചയായി.

ഓസീസ് അഹങ്കാരത്തിന് മേൽ കൂടിയാണ് രഹാനെയും കൂട്ടരും അടി കൊടുത്തത്. നാലാം ടെസ്റ്റിൽ വിജയിച്ച് പരമ്പര 2-1 ന് സ്വന്തമാക്കിയ ഇന്ത്യ തകർത്തത് ഓസ്ട്രേലിയയുടെ 32 വർഷത്തെ ഒരു റെക്കോഡായിരുന്നഡ്. നാലാം ടെസ്റ്റിന് വേദിയായ ബ്രിസ്ബെയ്‌നിലെ ഗാബ ഗ്രൗണ്ടിൽ ഓസ്ട്രേലിയ 1988-ന് ശേഷം തോൽവിയറിഞ്ഞിട്ടില്ല. എന്നാൽ ഇന്നത്തെ ഉജ്ജ്വല വിജയത്തോടെ ഇന്ത്യ ആ റെക്കോഡ് തകർത്ത് തരിപ്പണമാക്കി.

1988-ൽ വെസ്റ്റ് ഇൻഡീസിനോടാണ് ഓസ്ട്രേലിയ അവസാനമായി ഗാബയിൽ പരാജയപ്പെട്ടത്. അതിനുശേഷം നടന്ന 31 മത്സരങ്ങളിൽ 24 എണ്ണത്തിലും ഓസിസ് വിജയം നേടി. ഏഴുമത്സരങ്ങൾ സമനിലയിലുമായി. ഋഷഭ് പന്തിന്റെയും ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ഇന്ത്യ വിജയം നേടിയപ്പോൾ ഓസിസ് കാത്തുസൂക്ഷിച്ച റെക്കോഡ് പഴങ്കഥയായി. ഇന്ത്യ ഇതിനുമുൻപ് ഇവിടെ ആറുമത്സരങ്ങളാണ് ഇതുവരെ കളിച്ചത്. അതിൽ അഞ്ചെണ്ണത്തിൽ പരാജയപ്പെട്ടപ്പോൾ ഒരു മത്സരം സമനിലയിലായി. ഇന്ത്യ ആദ്യമായി ഓസ്ട്രേലിയൻ മണ്ണിൽ ഓസിസിനെ കീഴടക്കി പരമ്പര സ്വന്തമാക്കിയ 2018-19 സീസണിൽ, ഗാബ മത്സരത്തിന് വേദിയായിരുന്നില്ല.

ടീമിൽ സ്ഥാനം ഉറപ്പിച്ചു ഋഷബ് പന്ത്

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ നിർണായകസാന്നിധ്യമായ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ഈ പ്രകടനത്തോടെ ടീമിൽ സ്ഥാനം ഉറപ്പിച്ചു. ടെസ്റ്റിൽ പുതിയൊരു റെക്കോർഡാണ് പന്ത് നേടിയത്. രണ്ടാമിന്നിങ്സിൽ 89 റൺസ് നേടി പുറത്താവാതെ നിന്ന പന്ത് മത്സരത്തിലെ താരമായി തിരെഞ്ഞെടുക്കപ്പെട്ടു. അതിനോടൊപ്പം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോനിയുടെ ഒരു റെക്കോഡും താരം മറികടന്നു.

ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളിൽ അതിവേഗത്തിൽ 1000 റൺസ് നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോഡാണ് പന്ത് സ്വന്തമാക്കിയത്. 26 ഇന്നിങ്സുകളിൽ നിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. ഇതിനുമുൻപ് അതിവേു.ഗത്തിൽ 1000 റൺസ് നേടിയ വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് കൈയടക്കിയിരുന്നത് ധോനിയായിരുന്നു. ധോനിക്ക് ഈ നേട്ടത്തിലെത്താൻ 32 ഇന്നിങ്സുകൾ വേണ്ടിവന്നു. അഞ്ചാം ദിനം ബാറ്റിങ്ങിനിറങ്ങുമ്പോൾ 976 റൺസാണ് പന്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. മത്സരത്തിൽ 23 റൺസ് പിന്നിട്ടതോടെ താരം പുതിയ റെക്കോഡ് സ്വന്തമാക്കി. ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങളിൽ 1000 റൺസ് പൂർത്തീകരിക്കുന്ന ഏഴാമത്തെ വിക്കറ്റ്കീപ്പർ കൂടിയാണ് പന്ത്.

ബോർഡർ - ഗാവസ്‌ക്കർ ട്രോഫി കൈവിട്ടതിനു പിന്നാലെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്നിനെ കൂവി വിളിച്ച് ഗാബയിലെ കാണികൾ. ഗാബയിലെ തോൽവിക്ക് ശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനായി എത്തിയപ്പോഴാണ് കാണികൾ ഓസീസ് ക്യാപ്റ്റനെ കൂക്കിവിളിച്ചത്. പ്രമുഖ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ ഇന്ത്യൻ ടീമിനോട് പരമ്പര തോറ്റതോടെ പെയ്നിന്റെ ക്യാപ്റ്റൻ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ മൈതാനത്തേക്കിറങ്ങിയപ്പോൾ നിറഞ്ഞ കൈയടികളാണ് സ്റ്റേഡിയത്തിൽ മുഴങ്ങിയത്.