മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവാൻ ഔദ്യോഗികമായി അപേക്ഷ നൽകി ബാറ്റിങ് ഇതിഹാസം രാഹുൽ ദ്രാവിഡ്. അപേക്ഷിക്കുന്നതിനുള്ള അവസാന ദിവസമാണ് രാഹുൽ ദ്രാവിഡ് അപേക്ഷ നൽകിയത്. ദ്രാവിഡിന്റെ വിശ്വസ്തനും സഹായിയുമായ മുൻ ഇന്ത്യൻ പേസ് ബൗളർ പരസ് മാംബ്രെ ബൗളിങ് കോച്ചായി അപേക്ഷ നൽകിയിട്ടുണ്ട്. നിലവിൽ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ മേധാവിയായി പ്രവർത്തിക്കുകയാണ് രാഹുൽ.

രവി ശാസ്ത്രിയുടെ പിൻഗാമിയായി ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാൻ നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഐപിഎല്ലിനിടെ ദ്രാവിഡുമായി നടത്തിയ ചർച്ചയിൽ തത്വത്തിൽ ധാരണയായിരുന്നു.

എങ്കിലും ലോധ കമ്മിറ്റി ശുപാർശകൾ പ്രകാരം പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കേണ്ടതുണ്ട് എന്നതിനാൽ ബിസിസിഐ മുഖ്യ പരിശീലകൻ, ബാറ്റിങ് കോച്ച്, ബൗളിങ് കോച്ച്, ഫീൽഡിങ് കോച്ച് എന്നിവയ്ക്ക് പുറമെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ സ്പോർട്സ് സയൻസ്/മെഡിസിൻ തലവൻ സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ദ്രാവിഡ് ഇപ്പോൾ അപേക്ഷ സമർപ്പിച്ചത്. ദ്രാവിഡ് പരിശീലകനാകുമെന്ന് ഉറപ്പായതിനാൽ മറ്റാരെങ്കിലും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ദ്രാവിഡിന്റെ വിശ്വസ്തനായ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിങ് പരിശീലകൻ പരസ് മാംബ്രേ ഇന്ത്യൻ ടീമിന്റെ ബൗളിങ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടുണ്ട്.

ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഇന്ന് വൈകിട്ട് അഞ്ച് മണി വരെയായിരുന്നു അപേക്ഷ നൽകാനുള്ള അവസാന സമയം. മറ്റ് ചുമതലകളിലേക്ക് അപേക്ഷിക്കാൻ നവംബർ മൂന്ന് വരെ അവസരമുണ്ട്.

യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പോടെയാണ് രവി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള നിലവിലെ പരിശീലക സംഘത്തിന്റെ കാലാവധി അവസാനിക്കുന്നത്. രണ്ട് വർഷത്തേക്ക് റെക്കോർഡ് പ്രതിഫലമാണ് ദ്രാവിഡിന് ബിസിസിഐ വാഗ്ദാനം ചെയ്തിരിക്കുന്നത്. പത്തു കോടി രൂപയാണ് ദ്രാവിഡിന് ബിസിസിഐ നൽകുന്ന വാർഷിക പ്രതിഫലമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ദ്രാവിഡ് ചുമതലയേൽക്കും. രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കേണ്ടത്.

നേരത്തെ ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളെ ആറ് വർഷക്കാലമായി പരിശീലിപ്പിച്ച പരിചയം ദ്രാവിഡിനുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.

പരിശീലക സ്ഥാനത്തേക്ക് എത്താൻ രാഹുൽ ദ്രാവിഡ് സമ്മതം അറിയിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. പരിശീലക സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ ദ്രാവിഡ് ഇതുവരെ ഉറപ്പ് നൽകിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.

അപേക്ഷ നൽകാൻ ദ്രാവിഡിന് താത്പര്യം ഉണ്ടെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്യും. എല്ലാം നടപടി ക്രമങ്ങൾ അനുസരിച്ച് നടക്കും. ഇപ്പോൾ ദ്രാവിഡ് നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. ഇന്ത്യൻ ക്രിക്കറ്റിൽ എൻസിഎയ്ക്ക് വലിയ റോളുണ്ട്. തീരുമാനം എടുക്കാൻ ദ്രാവിഡ് സമയം ചോദിച്ചിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം എന്നായിരുന്നു ഗാംഗുലി പ്രതികരിച്ചത്.

അവസാന നിമിഷം രാഹുൽ ദ്രാവിഡ് അപേക്ഷ നൽകുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. അപേക്ഷ നൽകിയതോടെ ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്.