മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലക സ്ഥാനത്തേക്കുള്ള ബിസിസിഐയുടെ ക്ഷണം നിരസിച്ച് രാഹുൽ ദ്രാവിഡ്. ജൂനിയർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും, ബെംഗളുരു വിടാൻ താത്പര്യമില്ലെന്നും ദ്രാവിഡ് പറഞ്ഞു. നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനായി പ്രവർത്തിക്കുകയാണ് ദ്രാവിഡ്.

ട്വന്റി 20 ലോകകപ്പിന് ശേഷം സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്ക് പകരമാണ് ബിസിസിഐ പുതിയ പരിശീലകനെ തേടുന്നത്. അനിൽ കുംബ്ലെ, വിവി എസ് ലക്ഷ്മൺ തുടങ്ങിയവരുടെ പേരുകൾ നേരത്തെ ഉയർന്നു കേട്ടിരുന്നെങ്കിലും, വിദേശ പരിശീലകരെയും ഇത്തവണ പരിഗണിച്ചേക്കും. ബൗളിങ് കോച്ചായി ഇന്ത്യൻ മുൻ പേസർ പരസ് മാംബ്രേ നിയമിക്കപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.

വിദേശ പരിശീലകരെയാണ് പരിഗണിക്കുന്നതെങ്കിൽ മഹേല ജയവർധനെ ടോം മൂഡിഎന്നിവരുടെ പേരുകളായിരുന്നു പറഞ്ഞുകേട്ടിരുന്നത്. എന്നാൽ ഇന്ത്യൻ പരിശീലകനാവാനില്ലെന്ന് ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പരിശീലകൻ കൂടിയായ ജയവർധനെ വ്യക്തമാക്കിയിരുന്നു.

ട്വന്റി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേഷ്ടാവായി മുൻ നായകൻ എം എസ് ധോണിയെ ബിസിസിഐ നിയമിച്ചിരുന്നു. എന്നാൽ ലോകകപ്പിന് മാത്രമായി ചുമതല ഏറ്റെടുക്കാമെന്നാണ് ധോണി അറിയിച്ചിരിക്കുന്നത്. അനിൽ കുബ്ലെ ഇന്ത്യൻ പരിശീലകനായിരുന്നിട്ടുണ്ടെങ്കിലും ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായഭിന്നതയെത്തുടർന്ന് രാജിവെക്കുകയായിരുന്നു.

ഇന്ത്യൻ ടീമിന്റഎ പരിശീലകനാകാൻ താൽപര്യം പ്രകടിപ്പിച്ച് മുൻ ഓസ്ട്രേലിയൻ ഓൾ റൗണ്ടറായ ടോം മൂഡിയും മുൻ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ലാൻസ് ക്ലൂസ്നറും രംഗത്ത് എത്തിയിരുന്നു.

ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിശീലകനായ രവി ശാസ്ത്രി സ്ഥാനമൊഴിയുമെന്ന് ഉറപ്പായ അവസരത്തിൽ ഓസ്ട്രേലിയയ്ക്കൊപ്പം ലോകകപ്പ് നേടിയിട്ടുള്ള താരവും ലോകത്തെ വിവിധ ക്രിക്കറ്റ് ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ളതുമായ ടോം മൂഡിക്ക് ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ആഗ്രഹമുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.' - ഓസ്ട്രേലിയൻ മാധ്യമമായ ഫോക്‌സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

56 കാരനായ മൂഡി നിലവിൽ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദെരാബാദിന്റെയും ശ്രീലങ്കൻ ദേശീയ ടീമിന്റെയും ക്രിക്കറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയാണ്. അതേസമയം, ഇതാദ്യമായല്ല ഇന്ത്യയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള ആഗ്രഹം വ്യക്തമാക്കുന്നത്. ഇതിന് മുൻപ് മൂന്ന് തവണ ഇന്ത്യൻ പരിശീലകനാകാനുള്ള അപേക്ഷ അദ്ദേഹം ബിസിസിഐക്ക് മുന്നിൽ മൂന്ന് തവണ സമർപ്പിച്ചിരുന്നെങ്കിലും മൂന്ന് തവണയും അദ്ദേഹത്തിന്റെ പേര് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരിഗണിച്ചിരുന്നില്ല.

ട്വന്റി 20 ലോകകപ്പോടെയാണ് 59 കാരനായ രവി ശാസ്ത്രിയുടെ ഇന്ത്യൻ പരിശീലകനായുള്ള കരാർ അവസാനിക്കുന്നത്. കരാർ നീട്ടാൻ തനിക്ക് താത്പര്യമില്ല എന്ന് രവി ശാസ്ത്രി അറിയിച്ചതോടെയാണ് ബിസിസിഐ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പുതിയ പേരുകൾ തിരഞ്ഞു തുടങ്ങിയത്.

2013 മുതൽ 2019 വരെ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്ന മൂഡി 2016ൽ ഡേവിഡ് വാർണർക്കൊപ്പം സൺറൈസേഴ്‌സിനെ അവരുടെ ആദ്യ കിരീടത്തിലേക്ക് നയിച്ചിരുന്നു. പിന്നീട് 2019ൽ ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനായ ട്രെവർ ബെയ്ലിസ് മൂഡിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തതോടെയാണ് അദ്ദേഹം ടീമിന്റെ ഡയറ്കടറായി സ്ഥാനമേറ്റത്. ശ്രീലങ്കൻ ദേശീയ ടീമിന്റെ പരിശീലകനായും മൂഡി പ്രവർത്തിച്ചിട്ടുണ്ട്.

വളരെ കുറച്ചുകാലമെ കുംബ്ലെ ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുള്ളൂവെങ്കിലും വളരെ മികച്ച റെക്കോർഡാണ് കുംബ്ലെയ്ക്ക് ഉള്ളത്. 2017ൽ അദ്ദേഹത്തിന്റെ കീഴിലാണ് ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ എത്തിയത്. ഫൈനലിൽ എത്തിയെങ്കിലും പാക്കിസ്ഥാനോട് തോറ്റ ഇന്ത്യക്ക് കിരീടം നേടാൻ കഴിഞ്ഞില്ല. കുംബ്ലെയുടെ കീഴിൽ വെസ്റ്റിൻഡീസ്, ന്യൂസിലൻഡ്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവർക്ക് എതിരെ ടെസ്റ്റ് പരമ്പരകളും ഇന്ത്യൻ സംഘം സ്വന്തമാക്കിയിരുന്നു.