പുതുച്ചേരി: തന്റെ പിതാവ് രാജീവ് ഗാന്ധിയെ കൊന്നവരെ കുറിച്ചുള്ള ചോദ്യത്തിൽ വികാരഭരിതനായി രാഹുൽ ഗാന്ധി. പുതുച്ചേരി ഭാരതിദാസൻ വനിതാ കോളെജിലെ വിദ്യാർത്ഥിനികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു രാഹുൽ ഗാന്ധി. തന്റെ പിതാവ് രാജീവ് ഗാന്ധിയെ കൊന്നവരോട് ഇപ്പോൾ തനിക്ക് വൈരാഗ്യമോ പകയോ ഇല്ലെന്ന് രാഹുൽ പറഞ്ഞു. തന്റെ പിതാവിനെ വധിച്ചവരോട് ഇപ്പോൾ താൻ ക്ഷമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

'എനിക്കിപ്പോൾ ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. എനിക്കെന്റെ അച്ഛനെ നഷ്ടമായി. അത് എനിക്ക് കടന്നുപോകാൻ വളരെ പ്രയാസമുള്ള ഒരു സമയമായിരുന്നു. ഹൃദയം മുറിഞ്ഞുപോകുന്നതു പോലെ വേദന തോന്നിയിരുന്നു. വളരെ ആഴത്തിൽ വേദന തോന്നിയപ്പോഴും എനിക്ക് ആരോടും പക തോന്നിയില്ല. എനിക്ക് ദേഷ്യമോ വെറുപ്പോ തോന്നിയില്ല. ഹിംസയ്ക്ക് നിങ്ങളിൽ നിന്നും ഒന്നും കവർന്നെടുക്കാൻ സാധിക്കില്ല. എന്റെ അച്ഛൻ എന്നിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹം എന്നിലൂടെ സംസാരിക്കുന്നുണ്ട്'. രാഹുൽ ഗാന്ധി പറഞ്ഞു.

1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിക്കിടെയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കേസിൽ അറസ്റ്റിലായ പേരറിവാളൻ, നളിനി, ഭർത്താവ് മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവർ ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

അതേസമയം പതിറ്റാണ്ടുകളായി ജയിൽ ശിക്ഷ അനുഭവിക്കുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യം തമിഴ്‌നാട്ടിൽ ശക്തമാകുകയാണ്. 1991ലെ രാജീവ്ഗാന്ധിവധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 2018ലാണ് തമിഴ്‌നാട് സർക്കാർ ഗവർണർക്ക് ശുപാർശ നൽകിയത്. എന്നാൽ ഈ പ്രമേയം ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിട്ടതോടെ മോചനം ഇനിയും വൈകുമെന്ന് ഉറപ്പായിട്ടുണ്ട്. രാജീവ് ഗാന്ധി വധക്കേസ് പ്രതികൾക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമായി ശിക്ഷ ഇളവുചെയ്യുകയായിരുന്നു.

അതേസമയം പുതുച്ചേരിയെ പരിപാടിയിൽ കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവും രാഹുൽ ഗാന്ധി ഉന്നയിച്ചു. വ്യക്തികളുടെ ചിന്തകളുടെ പേരിൽ രാജ്യത്ത് ജനങ്ങൾ അറസ്റ്റ് ചെയ്യപ്പെടുകയാണെന്ന് രാഹുൽ പറഞ്ഞു. ജനങ്ങൾക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ചുകൊണ്ട് രാജ്യത്തിന്റെ സൽപേരിനെ നശിപ്പിക്കുകയാണെന്നും പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത് നടപടിയെ പരാമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. പുതുച്ചേരിയിൽ വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെയായിരുന്നു കേന്ദ്ര സർക്കാരിനെതിരായ രാഹുൽ ഗാന്ധിയുടെ വിമർശനം.

നിങ്ങൾ രാജ്യത്തെ അടച്ചുപൂട്ടുകയും ജനങ്ങളെ ഭീഷണപ്പെടുത്തുകയും അവരെ സംസാരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ സൽപേരിനെ ഇല്ലാതാക്കുകയാണ്. ഇതു പറയുന്നതിന്റെ പേരിൽ ഞാൻ ചിലപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം - രാഹുൽ ഗാന്ധി പറഞ്ഞു. കർഷക സമരത്തെ പിന്തുണച്ച് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ നടത്തിയ ട്വീറ്റിലുള്ള ടൂൾകിറ്റ് എഡിറ്റ് ചെയ്തതിന്റെ പേരിൽ ദിഷ രവിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസെടുത്തത്. റിപ്പബ്ലിക്ക് ദിനത്തിലെ ചെങ്കോട്ടയിലെ അക്രമങ്ങൾ മുൻകൂട്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും ഡൽഹി പൊലീസ് എഫ്‌ഐആറിൽ പറയുന്നു.