ന്യൂഡൽഹി: ഹൈക്കമാൻഡിനെതിരേ എതിർശബ്ദങ്ങൾ ഉയർന്നതിനിടെ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതിയോഗത്തിൽ വൈകാരികരംഗങ്ങൾ. പാർട്ടിയെ നയിക്കാൻ രാഹുൽ തിരിച്ചുവരണമെന്ന് നേതാക്കൾ ഏകകണ്ഠമായി ആവശ്യപ്പെട്ടു. വിമതശബ്ദമുയർത്തിയ ജി-23 നേതാക്കളായ ആനന്ദ് ശർമയും ഗുലാംനബി ആസാദുമടക്കം രാഹുൽ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടപ്പോൾ, എല്ലാവരുടെയും വികാരംമാനിച്ച് അതിനുതയ്യാറാണെന്ന് രാഹുൽ സമ്മതംമൂളി.

പഞ്ചാബിൽ ദളിത് നേതാവായ ചരൺജിത്ത് സിങ് ചന്നിയെ നേതാവാക്കിയ കോൺഗ്രസ് നടപടി ചൂണ്ടിക്കാട്ടിയ രാഹുൽ, രാജ്യത്ത് ദളിത്-ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്ന് അഭിപ്രായപ്പെട്ടു. അവർക്കായി ആശയപരമായി പോരാടാനാണ് താൻ ആലോചിക്കുന്നതെന്നും അതിനാൽ സംഘടനയിലെ സ്ഥാനത്തിൽ പ്രസക്തിയില്ലെന്നും രാഹുൽ പറഞ്ഞു.

രാഹുലിന് ആശയപരമായ എന്തുനിലപാടെടുക്കാമെങ്കിലും രാജ്യത്തിനും ജനങ്ങൾക്കും സംഘടനയ്ക്കും വേണ്ടി അധ്യക്ഷപദവി ഏറ്റെടുത്തേ പറ്റൂവെന്ന് പിന്നാലെ സംസാരിച്ച എ.കെ.ആന്റണി നിർദേശിച്ചു. ഇതോടെ ആനന്ദ് ശർമയും ഗുലാംനബി ആസാദും അശോക് ഗഹ്ലോതും ചന്നിയും ഉൾപ്പെടെയുള്ളവർ രാഹുൽ തിരിച്ചുവരണമെന്ന് അഭ്യർത്ഥിച്ചു. തന്നെപ്പോലെ സാമൂഹികമായി വളരെ പിന്നാക്കാവസ്ഥയിൽനിന്നുവന്ന ഒരു നേതാവിന് മുഖ്യമന്ത്രിസ്ഥാനം സ്വപ്നംകാണാൻ കഴിഞ്ഞത് രാഹുൽ കാരണമാണെന്ന് ചന്നി പറഞ്ഞു. മറ്റുപ്രവർത്തകസമിതി അംഗങ്ങളും ഈ ആവശ്യത്തെ പിന്തുണച്ചതോടെ താരിഖ് ഹമീദ് കാര രാഹുലിന്റെ തിരിച്ചുവരവിനായി പ്രമേയം അവതരിപ്പിച്ചു. തുടർന്നാണ് എല്ലാവരുടെയും അഭിപ്രായം മാനിച്ച് തിരിച്ചുവരാൻ തയ്യാറാണെന്ന് രാഹുൽ അറിയിച്ചത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ ദയനീയ തോൽവിയുടെ പിന്നാലെയാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെ പാർട്ടിയുടെ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ഉടലെടുത്തിരുന്നു. തുടർന്ന് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരുകയും ചെയ്തു.

നവംബർ ഒന്നിനുതുടങ്ങി അടുത്തവർഷം സെപ്റ്റംബർ 20-ന് തീരുന്ന തിരഞ്ഞെടുപ്പു നടപടിക്രമങ്ങളിലൂടെ എഐസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനും സമിതി തീരുമാനിച്ചു. അതുവരെ സോണിയാഗാന്ധി ഇടക്കാലാധ്യക്ഷ സ്ഥാനത്ത് തുടരും. ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ഉടൻ ആരംഭിക്കാനും യോഗത്തിൽ  തീരുമാനിച്ചിട്ടുണ്ട്.