ന്യൂഡൽഹി: മണിപ്പുരിൽ അസം റൈഫിൾസിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ സംരക്ഷിക്കാനുള്ള കഴിവില്ലെന്ന് മോദി സർക്കാർ ഒരിക്കൽ കൂടി തെളിയിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു. രാജ്യം നിങ്ങളുടെ ത്യാഗത്തെ ഓർക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെ കൂട്ടിച്ചേർത്തു.

ആസാം റൈഫിൾസിന്റെ 46 വിങ് കമാൻഡിങ് ഓഫീസർ സഞ്ചരിച്ചിരുന്ന വാഹനവ്യുഹത്തിനു നേരേയാണ് ആക്രമണമുണ്ടായത്. കേണൽ വിപ്ലാവ് ത്രിപദിയും സംഘവുമാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹമടക്കം നാലു ജവാന്മാർ കൊല്ലപ്പെട്ടു.

വിപ്ലാവ് ത്രിപദിയുടെ ഭാര്യയും മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജവാന്മാരുമടക്കം നിരവധി പേർക്കു അതീവ ഗുരുതരമായി പരിക്കേറ്റെന്ന വിവരമാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ സൂരജ് ചന്ദ് ജില്ലയിലൂടെ സഞ്ചരിക്കുന്‌പോൾ രാവിലെയാണ് ആക്രമണമുണ്ടായത്.

ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ആക്രമണത്തെ രൂക്ഷമായി അപലപിച്ചു. കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബൈറൺ സിംഗും അപലപിച്ചു.

അതേസമയം, ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘടനകൾ രംഗത്തെത്തി. മണിപ്പൂർ പീപ്പിൾസ് ലിബറേഷൻ ആർമിയും മണിപ്പൂർ നാഗാ പീപ്പിൾസ് ഫ്രണ്ടുമാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.