ലഖ്നൗ:ലക്‌നൗ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സംഘവും ലക്‌നൗ വിമാനത്താവളത്തിൽനിന്ന് ലഖിംപുർ ഖേരിയിലേക്കു തിരിച്ചു.ലഖ്നൗ വിമാനത്താവളത്തിൽ ഒന്നര മണിക്കൂറോളം നീണ്ട നാടകീയ സംഭവങ്ങൾക്ക് ശേഷം രാഹുലും സംഘവും ലഖിംപൂരിലേക്ക് പുറപ്പെട്ടു.സ്വന്തം വാഹനത്തിൽ യാത്ര അനുവദിക്കില്ലെന്നും പൊലീസ് വാഹനത്തിൽ ലഖിംപൂരിലേക്ക് പോകണമെന്നുള്ള നിർദ്ദേശം തള്ളിയതോടെ രാഹുലിനെ വിമാനത്താവളത്തിനുള്ളിൽ സുരക്ഷാസേന തടഞ്ഞിരുന്നു. പുറത്തേക്ക് കടക്കാൻ അനുവാദിക്കാതിരുന്നതോടെ രാഹുലും സംഘവും വിമാനത്താവളത്തിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനുശേഷമാണ് സ്വന്തം വാഹനത്തിൽ തന്നെ യാത്ര ചെയ്യാൻ യുപി പൊലീസ് അനുമതി നൽകിയത്.

സിതാപുരിലെത്തിയ രാഹുൽ ഗാന്ധി അവിടെനിന്ന് പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് ലഖിംപുർ ഖേരിയിലേക്കു പോകുക. ലഖിപൂർ സന്ദർശനത്തിന് യുപി സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് രാഹുൽ ലഖ്നൗ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ രാഹുലിന് സ്വീകരണവും ഒരുക്കിയിരുന്നു.
ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് ചന്നി, കെസി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നീ നേതാക്കളും രാഹുലിനൊപ്പമുണ്ട്. ലഖിംപൂരിലേക്ക് പോകാൻ പ്രിയങ്കാ ഗാന്ധിക്കും അനുമതി നൽകിയിട്ടുണ്ട്.

എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പരമാവധി അഞ്ചു വീതം നേതാക്കൾക്കാണ് ലഖിംപുർ സന്ദർശിക്കുന്നതിന് ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. നേരത്തെ സന്ദർശനത്തിന് മുതിർന്ന നേതാക്കളെ തടയുന്ന സമീപനമായിരുന്നു യുപി സർക്കാർ സ്വീകരിച്ചിരുന്നത്. ഇതേത്തുടർന്ന് പ്രിയങ്കാ ഗാന്ധിയെ അടക്കം തടങ്കലിലാക്കിയിരുന്നു.

നേരത്തെ, യുപി സന്ദർശനം നടത്താൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം അനുമതി തേടിയിരുന്നെങ്കിലും യുപി സർക്കാർ നിഷേധിച്ചിരുന്നു. ലഖ്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഉച്ചയോടെ ലഖ്നൗവിലെത്തിയത്. ഇതിനുപിന്നാലെയാണ് യുപി സർക്കാർ സന്ദർശനത്തിന് അനുമതി നൽകിയത്.

അതേസമയം ലഖിംപുർ ഖേരിയിൽ മരിച്ച കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങൾക്ക് ഇരു സംസ്ഥാനങ്ങളും ധനസഹായം പ്രഖ്യാപിച്ചു. 50 ലക്ഷം രൂപവീതം സഹായം നൽകുമെന്ന് മുഖ്യമന്ത്രിമാർ ലക്‌നൗ വിമാനത്താവളത്തിൽ പ്രഖ്യാപിച്ചു. സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി, ബഹുജൻ സമാജ്‌വാദി പാർട്ടി നേതാക്കളും ലഖിംപുർ ഖേരി സന്ദർശിക്കുമെന്നു വിവരമുണ്ട്.

ഇതിനിടെ കർഷകർക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയെന്ന് ആരോപണത്തിൽ ഉൾപ്പെട്ട കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിലാണ് കർഷകർക്ക് നേരെ വാഹനം കയറ്റിയതെന്നാണ് ആരോപണം. തനിക്കും മകനുമെതിരെ ഉയർന്ന ആരോപണം അജയ് മിശ്ര നിഷേധിച്ചിട്ടുണ്ടെങ്കിലും സംഭവത്തിൽ ബിജെപി ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.