ന്യൂഡൽഹി: ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിച്ചതിൽ, മനഃപൂർവമല്ലെങ്കിലും ട്വിറ്ററിനും പങ്കുണ്ടെന്ന് വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിന്റെ പുതിയ സിഇഒയും ഇന്ത്യൻ വംശജനുമായ പരാഗ് അഗർവാളിന് എഴുതിയ കത്തിലാണ് രാഹുൽ ഗാന്ധി ട്വിറ്ററിനെതിരെ രംഗത്തുവന്നത്. കഴിഞ്ഞ മാസം എഴുതിയ കത്തിലെ വിശദാംശങ്ങൾ എൻ.ഡി.ടി.വിയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ട്വിറ്ററിൽ സജീവമാകുന്നതിൽ നിന്നും, പ്ലാറ്റ്ഫോമിൽ തന്റെ സ്വാധീനം വർധിപ്പിക്കുന്നതിൽ നിന്നും തന്നെ തടയുന്നതിനും അടിച്ചമർത്തുന്നതിനും കേന്ദ്ര സർക്കാർ ക്യാംപെയിൻ നടത്തുന്നതായും രാഹുൽ കത്തിൽ ആരോപിക്കുന്നു. കേന്ദ്രസർക്കാറിനെ പരോക്ഷമായി സഹായിക്കുന്ന നടപടിയാണ് ട്വിറ്ററിന്റേത് എന്ന വിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്.

എൻ.ഡി.ടി.വി റിപ്പോർട്ട് പ്രകാരം ഡിസംബർ 27നാണ് കത്ത് തയാറാക്കിയിരിക്കുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിന്റെ വിശദാംശങ്ങൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് ശശി തരൂർ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളുമായി താരതമ്യപ്പെടുത്തുന്ന ഡാറ്റ സഹിതമാണ് കത്ത് തയാറാക്കിയിരിക്കുന്നത്.

2021ലെ ആദ്യത്തെ ഏഴ് മാസങ്ങളിൽ ട്വിറ്ററിൽ തനിക്ക് നാല് ലക്ഷം അധികം ഫോളോവേഴ്സ് ഉണ്ടായപ്പോൾ പിന്നീടുള്ള മാസങ്ങളിൽ അത് കുത്തനെ ഇടിഞ്ഞെന്നും രാഹുൽ ചൂണ്ടിക്കാണിക്കുന്നു. 2021 ആഗസ്റ്റിൽ തന്റെ ട്വിറ്റർ അക്കൗണ്ട് എട്ട് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തതിന് ശേഷമാണ് ഈ ഇടിവ് ഉണ്ടായിരിക്കുന്നതെന്നും രാഹുൽ പറയുന്നു. അതേസമയം മറ്റ് നേതാക്കൾക്ക് ഈ സമയങ്ങളിൽ തങ്ങളുടെ ഫോളേവേഴ്സിന്റെ വർധനവിൽ കുറവൊന്നും ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ് നേതാവ് കത്തിൽ കൂട്ടിച്ചേർത്തു.

''ട്വിറ്ററിൽ എന്റെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഇടിവുണ്ടായ ഇതേ മാസം തന്നെയാണ് ഞാൻ ഡൽഹിയിലെ പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ മാതാപിതാക്കളുടെ അതിജീവനത്തെക്കുറിച്ച പറഞ്ഞത്. ഇതേസമയം തന്നെയാണ് ഞാൻ കർഷകർക്കൊപ്പം നിൽക്കുകയും വിവിധ മനുഷ്യാവകാശ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പോരാടുകയും ചെയ്തത്. ഇത് അത്ര യാദൃശ്ചികമല്ല.

വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് കർഷകർക്ക് വാഗ്ദാനം നൽകുന്ന എന്റെ ട്വിറ്റർ വീഡിയോ ആണ് ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവ് പോസ്റ്റ് ചെയ്തതിൽ വെച്ച് ഏറ്റവും കൂടുതലാളുകൾ കണ്ട വീഡിയോകളിലൊന്ന്,'' രാഹുൽ കത്തിൽ പറഞ്ഞു. ഇന്ത്യ എന്ന സങ്കൽപത്തെ നശിപ്പിക്കുന്നതിന് ഒരു കരുവായി ട്വിറ്റർ മാറരുതെന്നും ഇന്ത്യയിലെ 100 കോടിയിലധികം വരുന്ന ജനങ്ങൾക്ക് വേണ്ടിയാണ് താൻ ഈ കത്തെഴുതുന്നതെന്നും രാഹുൽ പറഞ്ഞു.

ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റഫോമുകൾ തെരഞ്ഞെടുപ്പ് സമയങ്ങളിലും മറ്റും ബിജെപിക്ക് അനുകൂലമായും വിദ്വേഷ പ്രചരണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും പ്രവർത്തിച്ചിരുന്നു എന്ന് നിരന്തരം ആരോപണങ്ങളുയരുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് രാഹുൽ ഗാന്ധിയുടെ കത്തിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.