മുംബൈ: മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ കനത്തമഴ നാശം വിതയ്ക്കുന്നു. താഴ്ന്ന പ്രദേശങ്ങളും നഗരമേഖലയും വെള്ളക്കെട്ടിൽ അമർന്നതായാണ് റിപ്പോർട്ട്. റായ്ഗഡ് ജില്ലയിൽ മണ്ണിടിച്ചിലിൽ 36 പേർ മരിച്ചു. ആയിരക്കണക്കന് പേർ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടു.

ഹെലികോപ്ടറുകൾ അടക്കം ഉപയോഗിച്ചാണ് റായ്ഗഡ് ജില്ലയിലെ വെള്ളപ്പൊക്കെ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത്. മുംബൈ നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെയാണിത്.

കുടുങ്ങി കിടക്കുന്നവരോട് വീടിന്റെ മേൽക്കൂരകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും മാറിനിൽക്കാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇന്നലെ മൂന്ന് മണ്ണിടിച്ചിലുകളിലായിട്ടാണ് 36 പേർ മരിച്ചത്. ഒരിടത്ത് നിന്ന് 32 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റിടങ്ങളിൽ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെത്തി.

കേന്ദ്രസർക്കാർ അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. മഹാരാഷ്ട്ര,ഗോവ,കർണ്ണാടക അതിർത്തി മേഖലകളിൽ കനത്ത മഴ തുടരുന്നത് സ്ഥിതിഗതി രൂക്ഷമാക്കിയിരിക്കുകയാണ്. മുംബൈ, താനെ, പാൽഖർ, കോലാപ്പൂർ എന്ന ജില്ലകളും വെള്ളപ്പൊക്ക കെടുതിയിലാണ്.

പ്രദേശിക ഭരണകൂടങ്ങളുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്ഥിതിഗതികൾ വിലയിരുത്തി.

നാവികസേനയും രണ്ട് രക്ഷാപ്രവർത്തന സംഘങ്ങൾ, 12 പ്രാദേശിക ദുരിതാശ്വാസ സംഘങ്ങൾ, ദേശീയ ദുരന്ത നിവാരണ സേനയിലെ മൂന്ന് ടീം തുടങ്ങിയവരെ വെള്ളപ്പൊക്ക പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. തീര രക്ഷാ സേനയും രക്ഷാപ്രവർത്തനത്തിലുണ്ട്. 35 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിനുള്ളത്.

തീവണ്ടിഗതാഗതം പൂർണ്ണമായും നിർത്തിയതിനാൽ ആറായിരത്തിലധികം യാത്രക്കാർ പാതിവഴിയിൽ കുടുങ്ങിയിരിക്കുകയാണ്. റെയിൽ പാത വെള്ളത്തിനടിയിലായതിനാൽ കൊങ്കൺ പാതയിലെ തീവണ്ടി ഗതാഗതം നിർത്തിയതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. രത്നഗിരി ജില്ലയിലെ ചിപ്ലൂൻ മേഖലയിലാണ് മൺസൂൺ രൂക്ഷമായിരിക്കുന്നത്.

മുംബൈയിൽ നിന്നും 240 കിലോമീറ്റർ അകലെയുള്ള ചിപ്ലൂൻ മേഖലിയിലെ ജാഗ്ബുദി നദി കരകവിഞ്ഞതിനാൽ മേഖലയിൽ വെള്ളപ്പൊക്കം അതിരൂക്ഷമാണ്.

തലസ്ഥാനമായ മുംബൈയിൽ കാലാവസ്ഥാ വകുപ്പ് 'റെഡ്' അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ സംവിധാനങ്ങളെല്ലാം ദുരിതബാധിതരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.
ഭണ്ഡാര, ചന്ദ്രപൂർ, ഗഡ്ചിരോലി, യവത്മാൽ ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഇവിടെ കാലാവസ്ഥ വകുപ്പ് 'ഓറഞ്ച്' അലേർട്ട് പ്രഖ്യാപിച്ചിരുന്നു.