അമരാവതി: വെള്ളിയാഴ്ച മുതൽ തുടരുന്ന കനത്ത മഴയെത്തുടർന്ന് ആന്ധ്ര പ്രദേശിലെ കടപ്പ, അനന്തപുരമു ജില്ലകളിലായി സംസ്ഥാന ദുരന്തപ്രതികരണ സേനാംഗം ഉൾപ്പെടെ 25 പേർ മരിച്ചു. 17 പേരെ കാണാതായിട്ടുണ്ട്. കടപ്പയിലെ ചെയ്യേരു നദിയിൽ ഒഴുക്കിൽപെട്ട 30 പേരിൽ 12 പേരുടെ മൃതദേഹം ശനിയാഴ്ച വൈകിട്ടോടെ കണ്ടെത്തി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.

അനന്തപുരമു ജില്ലയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം സമീപത്തെ മറ്റൊരു കെട്ടിടത്തിനു മുകളിലേക്കു തകർന്നുവീണ് 2 കുട്ടികൾ ഉൾപ്പെടെ 5 പേർ മരിച്ചു. കെട്ടിടത്തിനുള്ളിൽ വേറെയും ആളുകൾ കുരുങ്ങിക്കിടപ്പുണ്ടാകാം എന്നു സംശയിക്കുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ ബന്ധുക്കൾക്കു സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം അടിയന്തര സഹായം അനുവദിച്ചു. തിരുപ്പതിയിൽ സ്ഥിതി രൂക്ഷമായി തുടരുകയാണെങ്കിലും തിരുമല ക്ഷേത്രത്തിൽ ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയില്ല.

കർണാടകയിൽ വ്യാപകമായി പെയ്ത കനത്ത മഴയിൽ മരണം 10 ആയി. 2.33 ലക്ഷം ഹെക്ടർ കൃഷി നശിച്ചു. 157 വീടുകൾ പൂർണമായും 3531 എണ്ണം ഭാഗികമായും തകർന്നു. 474 കിലോമീറ്റർ റോഡും 44 പാലങ്ങളും കലുങ്കുകളും തകർന്നു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 18 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കുകിഴക്കൻ മൺസൂൺ ആരംഭിച്ച ശേഷം തമിഴ്‌നാട്ടിൽ ഇതുവരെ 68% മഴ അധികം ലഭിച്ചു. തമിഴ്‌നാട്ടിൽ വില്ലുപുരം, കൂടല്ലൂർ ജില്ലകളിലാണ് നാശനഷ്ടമേറെയും. 24 മണിക്കൂറിനുള്ളിൽ 3 പേർ മരിച്ചു.