തിരുവനന്തപുരം: പൊലീസുകാരനോട് കൈ ചൂണ്ടി കയർക്കുകയല്ലായിരുന്നു ആ കൊച്ചു പയ്യൻ. നീതി നിഷേധത്തെ കൈ ഉയർത്തി ചോദ്യം ചെയ്യുകയായിരുന്നു. എന്തു കൊണ്ടു നാട്ടുകാർ കാഴ്ചക്കാരായി.... ആ പയ്യന് അതിനും ഉത്തരമുണ്ട്. പൊലീസിന്റെ ക്രൂരതകളെ ഭയന്ന നാട്ടുകാർ. അതുകൊണ്ടാണ് അവർ കാഴ്ചയ്ക്കാരായത്. താൻ കുഴിവെട്ടാൻ ഇറങ്ങിയപ്പോൾ പൊലീസിന് പിന്നോക്കം പോകേണ്ടി വന്നു. ഇതിന് ശേഷം സഹായിച്ചത് നാട്ടുകാരണെന്നും രഞ്ജിത് പറയുന്നു.

രാജന്റേയും അമ്പിളിയുടേയും ഇളയ മകൻ കരഞ്ഞ് തളർന്നു. നെഞ്ചു വേദന കാരണം ആശുപത്രിയിലേക്കും മാറി. ഈ പ്ലസ് ടുക്കാരന്റെ കുഴിവെട്ടിന് പിന്നിലെ യഥാർത്ഥ സംഭവും ആ കുട്ടി തന്നെ പറയുന്നു. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്തു തന്നെ അച്ഛനെ അടക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ഇതു തർക്കഭൂമിയാണെന്നും ഇവിടെ അടക്കാൻ നിയമ തടസ്സമുണ്ടെന്നും പൊലീസ് പറഞ്ഞു. നാട്ടുകാർ മാറി നിന്നപ്പോഴാണ്, ഞാൻ കുഴിയെടുക്കാൻ തുടങ്ങിയത്. നിർത്തെടാ എന്നു പറഞ്ഞ് പൊലീസ് ദേഷ്യപ്പെട്ടു. അപ്പോഴാണ് സങ്കടത്തോടെ എനിക്ക് പൊലീസിനോട് പറയേണ്ടിവന്നത്. പൊലീസ് പിന്മാറിയതോടെ എന്റെ കയ്യിൽനിന്നു മൺവെട്ടി വാങ്ങി നാട്ടുകാരാണ് കുഴി പൂർത്തിയാക്കിയത്-ഇതാണ് രഞ്ജിത്തിന് പറയാനുള്ളത്.

ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വരുന്ന കാര്യം അച്ഛൻ പൊലീസുകാരോടും കോടതി അധികാരികളോടും പറഞ്ഞു. ഞങ്ങൾ ഇറങ്ങിയില്ലെങ്കിൽ എല്ലാം തല്ലിപ്പൊളിക്കുമെന്ന മട്ടിലായിരുന്നു അവരുടെ നിൽപ്. അപ്പോഴേക്കും അച്ഛൻ അമ്മയെ ചേർത്തു പിടിച്ച് കുപ്പിയിൽ നിന്നു പെട്രോൾ തലയിലൊഴിച്ചു. തീ കൊളുത്തിയെങ്കിലും അച്ഛൻ തന്നെ അണച്ചു. വന്നവരെ പേടിപ്പിച്ചു വിടാനാണ് അച്ഛൻ ഇതു ചെയ്തത്. എന്നാൽ ഒരു പൊലീസുകാരൻ ലൈറ്റർ തട്ടിത്തെറിപ്പിക്കാൻ ശ്രമിച്ചതോടെ തീ ആളിപ്പടർന്നു-അച്ഛനും അമ്മയും തീയ്ക്ക് മുന്നിൽ കീഴടങ്ങിയതും പൊലീസ് ക്രൂരതയാണെന്ന് രഞ്ജിത്തും പറയുന്നു. ഇനി ചേട്ടൻ രാഹുൽ മാത്രമാണ് രഞ്ജിത്തിനുള്ളത്.

വസ്തു ഒഴിപ്പിക്കാനാണ് അവർ വന്നത്. ഒഴിപ്പിക്കരുതെന്ന ഹർജി അപ്പോൾ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. ഒഴിപ്പിക്കാൻ വന്നവർ അരമണിക്കൂർ ക്ഷമിച്ചിരുന്നെങ്കിൽ വിലപ്പെട്ട രണ്ടു ജീവനുകൾ രക്ഷിക്കാമായിരുന്നു, രണ്ടു കുട്ടികൾ അനാഥരാകില്ലായിരുന്നു. ഡിസംബർ 22-ന് ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിക്കുന്നതിനുമുമ്പേ നെയ്യാറ്റിൻകര നെട്ടതോട്ടം ലക്ഷംവീട് കോളനിയിൽ രാജന്റെയും ഭാര്യ അമ്പിളിയുടെയും ദേഹത്തേക്ക് തീ പടർന്നിരുന്നു. തൊട്ടുപിന്നാലെ, രാജനെയും കുടുംബത്തെയും ജനുവരി 15 വരെ ഒഴിപ്പിക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുവന്നു. എതിർകക്ഷിക്ക് നോട്ടീസ് അയക്കാനും നിർദ്ദേശിച്ചു.

ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് എത്തുന്നതിന് അരമണിക്കൂർമുമ്പാണ് പൊലീസും അഭിഭാഷക കമ്മിഷനും ഒഴിപ്പിക്കലിനെത്തുന്നത്. സ്റ്റേ ഉത്തരവിന്റെ രേഖകൾ എത്തിക്കാമെന്നു പറഞ്ഞിട്ടും അല്പംപോലും കാക്കാതെയാണ് ഉച്ചഭക്ഷണത്തിനു മുന്നിലിരുന്ന രാജനെ പൊലീസ് വീട്ടിൽനിന്ന് വലിച്ചിറക്കിയതെന്നാണ് മക്കളായ രാഹുലും രഞ്ജിത്തും പറയുന്നത്. അയൽവാസിയുടെ പരാതിയിൽ, ജൂൺ 16-നാണ് രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവുവന്നത്. ഇതിനെതിരേ ഒക്ടോബറിൽ ജില്ലാ കോടതിയിൽ അപ്പീൽ നൽകി. അപ്പീൽ നൽകാൻ വൈകിയതിനാൽ ഇതു പരിഗണിക്കുന്നതിൽ താമസമുണ്ടായി. ഇതിനിടെ, നിലവിലെ ഉത്തരവ് നടപ്പാക്കണമെന്ന് മുൻസിഫ് കോടതി ഉത്തരവിട്ടു. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ രാജന്റെയും അമ്പിളിയുടെയും കുട്ടികൾക്ക് വീട് നിർമ്മിച്ചുനൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാനും പൂർണസംരക്ഷണം നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. ജനുവരി ഏഴിനുമുമ്പ് റിപ്പോർട്ട് നൽകാൻ റൂറൽ എസ്‌പി., ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണം സംബന്ധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ റൂറൽ പൊലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ആന്റണി ഡോമിനിക് ഉത്തരവിട്ടു.