കോഴിക്കോട്: പ്രവാചക നിന്ദ വിഷയത്തിൽ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി എന്ന സംഘടനയുടെ പേരിൽ നടത്താനിരുന്ന രാജ്ഭവൻ മാർച്ചിൽ നിന്ന് പിന്മാറി പ്രമുഖ മുസ്ലിം സംഘടനകൾ. സമസ്തയും മുസ്ലിം ലീഗും മാർച്ചുമായി തങ്ങൾക്ക് ഒരു ബന്ധമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മാർച്ചുമായി സംഘടനക്കും പോഷക വിഭാഗങ്ങൾക്കും ബന്ധമില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കർ ഹസ്രത്തും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവിയും സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും പത്രക്കുറിപ്പിൽ അറിയിച്ചു.

പോപ്പുലർ ഫ്രണ്ടാണ് ഇത്തരമൊരു മാർച്ച് സംഘടിപ്പിക്കാൻ രംഗത്തിറങ്ങിയത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. മുസ്ലിം കോഓഡിനേഷൻ എന്ന പേരിൽ നാളെ നടക്കുന്ന രാജ്ഭവൻ മാർച്ചുമായി ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ. സമസ്തയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള ഇത്തരം പരിപാടികൾക്ക് സംഘടനയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്നും വ്യക്തമാക്കി.

മാർച്ചുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പേര് ഉൾപ്പെടുത്തിയുള്ള പ്രചാരണ പോസ്റ്ററുകളും മെസ്സേജുകളും സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയുള്ള ഇത്തരം പരിപാടികൾക്ക് സമസ്തയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്നും വാർത്ത കുറിപ്പിൽ പറഞ്ഞു.

പ്രവാചകനിന്ദക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ശക്തിയായി പ്രതിഷേധിക്കുകയും കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സമസ്തയുടെ പോഷക ഘടകമായ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളത്തിലെ നാല് എയർപോർട്ടുകൾക്ക് മുമ്പിലും കഴിഞ്ഞ ദിവസം മാർച്ചും ധർണയും സംഘടിപ്പിക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഏത് പരിപാടികളും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ അനുമതിക്കും അംഗീകാരത്തിനും വിധേയമായി മാത്രമേ സംഘടിപ്പിക്കാവൂ എന്നും കീഴ്ഘടകങ്ങളോട് നേതാക്കൾ അഭ്യർത്ഥിച്ചതായും സമസ്ത ഓഫീസിൽ നിന്നും അറിയിച്ചു.

രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുന്ന സംഘടനകളോടൊപ്പം കെ.എൻ.എമ്മിന്റെ പേരും ശ്രദ്ധയിൽപെട്ടെന്നും ഇതിൽ സംഘടനയുടെ പേര് എഴുതരുതെന്നും സമരത്തിൽ പങ്കെടുക്കുന്നില്ലെന്നും കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. രാജ്ഭവൻ മർച്ചിൽ സംഘടനയുടെ പേരും എഴുതിക്കണ്ടെന്നും സംഘടനയുടെ അനുവാദമില്ലാതെ പോസ്റ്ററുകളിലും നോട്ടിസിലും പേരെഴുതിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും മാർച്ചുമായി ബന്ധമില്ലെന്നും എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ വാർത്താകുറിപ്പിറക്കി.

കഴിഞ്ഞ ദിവസമാണ് കണക്ടിങ് വേൾഡ്-റൈറ്റ് ക്ലിക്ക് എന്ന വ്യാജ ഇമെയിലിൽ നിന്നും പ്രവാചക നിന്ദക്കെതിരെ രാജ്ഭവൻ മാർച്ചിന്റെ അറിയിപ്പ് സംഘടനകൾക്കും പത്രമാധ്യമങ്ങൾക്കും ലഭിച്ചത്. പ്രവാചക നിന്ദക്കെതിരെയും ഭരണകൂട വേട്ടക്കെതിരേയും വിശ്വാസി സമൂഹം ഒരു കുടക്കീഴിൽ രാജ്ഭവനിലേക്ക് മാർച്ച് ചെയ്യുകയാണ്. ഇതിൽ മുസ്ലിം ലീഗ്, പി.ഡി.പി, ഐ.എൻ.എൽ, വെൽഫെയർ പാർട്ടി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി, കെ.എൻ.എം, വിസ്ഡം ഗ്ലോബൽ, മർക്കസുദ്ദഅ്വ, മെക്ക, ജംഇയ്യത്തുൽ ഉലമാ ഹിന്ദ്, ലജ്നത്തുൽ മുഅല്ലിമീൻ, മുസ്ലിം അസോസിയേഷൻ, എം.ഇ.എസ്, എം.എസ്.എസ്, ഇമാംസ് കൗൺസിൽ, കച്ചി മേമൻജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങി 40 ഓളം മുസ്ലിം സംഘടനകൾ മാർച്ചിൽ അണിനിരക്കുന്നുണ്ടെന്നായിരുന്നു സന്ദേശം.

ഇത്തരമൊരു സന്ദേശത്തിന് പിന്നിൽ ചില നിഗൂഢ താൽപ്പര്യമുണ്ടെന്ന സൂചനയെ തുടർന്നാമ് മുസ്ലിം സംഘടനകൾ പിന്മാറിയത്.