തിരുവനന്തപുരം: അടുത്ത 10 വർഷത്തേക്കുള്ള കേരളത്തിന്റെ വികസന രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് (ആർജിഐഡിസ്) സംഘടിപ്പിക്കുന്ന 'പ്രതീക്ഷ 2030 വികസന ഉച്ചകോടി' നാളെ നടക്കും.മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

അഞ്ചു ഘട്ടങ്ങൾ നീണ്ട കൺസൽറ്റേഷന്റെ സമാപനമാണ് 'പ്രതീക്ഷ 2030'. പ്രവാസി മലയാളികൾ, രാജ്യത്തെ മറ്റു നഗരങ്ങളിലെ മലയാളികൾ, വിവിധ ജില്ലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ, വിദഗ്ദ്ധർ എന്നിവരുമായി നേരത്തേ ആശയവിനിമയം നടത്തി.ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ 'കേരള വികസന രേഖ' ഉച്ചകോടിയിൽ ഡോ. മന്മോഹൻ സിങ് പ്രകാശനം ചെയ്യുമെന്ന് ചെയർമാൻ രമേശ് ചെന്നിത്തല അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉച്ചകോടിയെ അഭിസംബോധന ചെയ്യും.

തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന ഉച്ചകോടിയിൽ രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, താരീഖ് അൻവർ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ ചീഫ് സെക്രട്ടറിയും ഉച്ചകോടിയുടെ സെക്രട്ടറി ജനറലുമായ ജിജി തോംസൺ, സാമ്പത്തിക വിദഗ്ധൻ പ്രഫ. ബി.എ.പ്രകാശ്, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബി.എസ്.ഷിജു എന്നിവർ വിഷയാവതരണം നടത്തും.

പ്രതിനിധികൾക്കു നിർദേശങ്ങൾ അവതരിപ്പിക്കാനും നേതാക്കളുമായി ആശയവിനിമയത്തിനും പ്രത്യേക അവസരവും ഉണ്ടാകും.