പറവൂർ: ഓട്ടിസം ബാധിച്ച കുട്ടിയും മാതാപിതാക്കളും ആത്മഹത്യ ചെയ്തതു കോവിഡ് ലോക്ക്ഡൗൺ സൃഷ്ടിച്ച കടുത്ത സാമ്പത്തിക ബാധ്യത മൂലം. വടക്കൻ പറവൂർ പെരുവാരത്ത് വാടകയ്ക്കു താമസിക്കുയായിരുന്ന മൂന്നംഗ കുടുംബത്തെയാണ് വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ വീട്ടിലെ കിടപ്പു മുറിയിൽ കണ്ടെത്തിയതു. കുഴിപ്പിള്ളി സ്വദേശി രാജേഷ്(56), ഭാര്യ നിഷ(50),മകൻആനന്ദ് രാജ്(16) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാവിലെ വീട്ടു ഉടമസ്ഥൻ സ്ഥലത്തെത്തിയിരുന്നു. ആരെയും പുറത്തു കാണാതിരുന്നതിനാൽ വീട്ടുടമ എത്തി ബെൽ അടിച്ചെങ്കിലും വാതിൽ തുറന്നില്ല. പുറത്തെവിടെയെങ്കിലും പോയതായിരിക്കുമെന്നു കരുതി തിരിച്ചുപോയെങ്കിലും ഏറെനേരമായിട്ടും ആരെയും കാണാതായതോടെ പലതവണ ഇവരുടെ മൊബൈൽ ഫോണിലേക്കു വിളിച്ചു. ആരും ഫോൺ എടുത്തില്ല. രാത്രി 7 മണിയോടെ വാർഡ് കൗൺസിലർ പ്രഭാവതി ടീച്ചറെ വിവരം അറിയിക്കുകയും കൗൺസിലറുടെ നിർദ്ദേശാനുസരണം പറവൂർ പൊലീസിൽ അറിയിക്കുകയും ചെയ്തു.

പൊലീസ് നിഷയുടെ സഹോദരനെ അറിയിച്ചു സ്ഥലത്തു എത്തി വാതിൽ തുറന്നു ഉള്ളിൽ പ്രവേശിച്ചപ്പോഴാണ് ആത്മഹത്യാ വിവരം പുറംലോകം അറിയുന്നത്. രാജേഷും നിഷയും നിലത്തു ചാരി ഇരിക്കുന്ന നിലയിലും ആനന്ദ് രാജ് കട്ടിലിൽ നിന്നു താഴേക്കു കിടക്കുന്ന നിലയിലുമായിരുന്നു. വിദേശത്തായിരുന്ന രാജേഷ് നാട്ടിൽ തിരിച്ചെത്തിയ ശേഷം മത്സ്യ മൊത്ത വിതരണക്കാരനായിരുന്നു.

രണ്ടു വർഷമായി പറവൂർ പെരുവാരത്തു വാടകയ്ക്കു താമസിക്കുകയാണ് രാജേഷും കുടുംബവുംയ കുഴിപ്പള്ളിയിലെ വീടിന്റെ ഒരു ഭാഗം അങ്കൺവാടിക്കു നൽകിയിരിക്കുന്നതിനാൽ പ്രായമായ അമ്മയുടെയും ബുദ്ധിവൈകല്യം ബാധിച്ച മകന്റെയും പരിചരണ സൗകര്യത്തിനായാണ് രാജേഷ് കുറച്ചുകൂടി സൗകര്യമുള്ള പെരുവാരത്തെ വാടക വീട്ടീലേക്ക് താമസം മാറ്റിയത്.

മുനമ്പം ഹാർബറിലെ കമ്മീഷൻ ഏജന്റ് ആയ രാജേഷ് നല്ല സാമ്പത്തിക സ്ഥിതിയുള്ള വ്യക്തി ആയിരുന്നുവെന്നും, ഗുരുതര സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി തങ്ങൾക്കു അറിവ് ഇല്ലായിരുന്നെന്നും സമീപവാസികൾ പറയുന്നു. അയൽക്കാരോടും നാട്ടുകാരോടും നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്ന കുടുംബമായിരുന്നു രാജേഷിന്റേതെന്നും കഴിഞ്ഞ ദിവസവും അവരുടെ വീട്ടിൽ ഇലക്ഷൻ പ്രചരണത്തിനു എത്തിയ മുൻ വാർഡ് കൗൺസിലർ കൂടി ആയ പ്രഭാവതി ടീച്ചർ പറഞ്ഞു.

തരകന്മാർ എന്നാണ് മത്സ്യബന്ധന ഹാർബറുകളിൽ മത്സ്യലേലം നിയന്ത്രിക്കുന്നവരെ പശ്ചിമ കൊച്ചി മേഖലയിൽ പൊതുവെ അറിയപ്പെടുന്നതു. മുനമ്പം പോലെ സാമാന്യം വലിയ ഒരു മത്സ്യ ബന്ധന തുറമുഖത്തെ തരകൻ ആയിരുന്ന രാജേഷ് നല്ല സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു ജീവിച്ചിരുന്നത്. മകന്റെ ബുദ്ധിവൈകല്യം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല കുടുംബത്തിൽ. പുല്ലംകുളം ശ്രീനാരായണ സ്‌കൂളിൽ ആനന്ദ് രാജിന് ഹയർ സെക്കൻഡറി അഡ്‌മിഷൻ ശരിയായി ഇരിക്കുകയായിരുന്നു.

നല്ല നിലയിൽ പൊയ്ക്കൊണ്ടിരുന്ന കുടുംബത്തിലേക്കു വില്ലനായി എത്തിയതു കോവിഡ് ലോക്ക്ഡൗൺ ആയിരുന്നു. മറ്റു എല്ലാ മേഖലയിലേയും പോലെ മത്സ്യബന്ധന മേഖലയെയും കോവിഡ് കാര്യമായി തന്നെ ബാധിച്ചു. ഹാർബറുകൾ ദീർഘകാലം അടച്ചിട്ടു. പൊതുവെ അഭിമാനിയായ രാജേഷ് തന്റെ പ്രശ്നങ്ങൾ ആരുമായി പങ്കുവെച്ചിരിന്നില്ല. കടം വാങ്ങി പോയവർ തിരിച്ചു തരാതെ ആയപ്പോൾ ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ കൈവിട്ടു പോയതോടെ ഐസ്‌ക്രീമിൽ വിഷം കലർത്തി ജീവിതം അവസാനിപ്പിക്കുകയായിരുന്നു. 2 തവണ കുഴിപ്പിള്ളി പഞ്ചായത്ത് അംഗമായിട്ടുണ്ട്.