ആലപ്പുഴ: രൺജീത്ത് കേസിലെ യഥാർത്ഥ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നത് സിപിഎം നേതൃത്വമാണെന്ന ആരോപണവുമായി പി കെ കൃഷ്ണദാസ്. സിപിഎം നേതാക്കളുടെ സംരക്ഷണത്തിലാണ് പ്രതികൾ ഇപ്പോഴുള്ളതെന്ന് കൃഷ്ണദാസ് പറയുന്നു. എസ്ഡിപിഐക്കാരെ സംരക്ഷിക്കുകയെന്നത് സിപിഎം നയത്തിന്റെ ഭാഗമാണെന്നും പാർട്ടിയിലെ ഉന്ന നേതാക്കളുടെ അറിവോടെയാണ് രൺജീത്തിനെ കൊലപ്പെടുത്തിയതെന്നും കൃഷ്ണദാസ് ആരോപിച്ചു.

രൺജീത്ത് വധക്കേസിൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടക്കുന്നില്ലെന്നാണ് കൃഷ്ണദാസ് ആരോപിക്കുന്നത്. സിപിഎമ്മിൽ താലിബാൻവൽക്കരണം നടക്കുന്നുണ്ടെന്നും പാർട്ടി സമ്മേളനങ്ങൾ സിപിഎമ്മിനെ എസ്ഡിപിഐവത്കരിക്കാനുള്ള ഇടമാണെന്നും കൃഷ്ണദാസ് ആരോപിക്കുന്നു. പാർട്ടി സമ്മേളനങ്ങൾ അവസാനിക്കുമ്പോൾ എസ്ഡിപിഐക്കാരാകും സിപിഎം നേതാക്കൾ ആകുകെയെന്നാണ് കൃഷ്ണദാസിന്റെ അക്ഷേപം.

എസ്ഡിപിഐയിൽ നിന്നും സിപിഎമ്മിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയതിനെ സിപിഎം എതിർത്തത് താലിബാനിസ്റ്റുകളെ പ്രീതിപ്പെടുത്താനാണ്, സവർക്കറെ അപമാനിക്കാൻ മുഖ്യമന്ത്രി തയ്യാറായത് താലിബാനിസ്റ്റുകളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. ഇങ്ങനെ പോകുന്നു കൃഷ്ണദാസിന്റെ ആക്ഷേപങ്ങൾ. എസ്ഡിപിഐക്കാർക്ക് വേണ്ടി കേരളത്തിൽ പൊലീസ് രാജ് നടപ്പാക്കുന്നുവെന്നും. ആർഎസ്എസ് ബിജെപി നേതാക്കളെ പൊലീസ് വേട്ടയാടുന്നുവെന്നും കൃഷ്ണദാസ് പരാതിപ്പെട്ടു.

ഇടത് ജിഹാദി കൂട്ടുകെട്ട് കേരളത്തിന് അപകടകരമാണ് ഗവർണറെ അപമാനിക്കുന്നതിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ സ്വരമാണ്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നു. പ്രതിപക്ഷനേതാവ് ഉപമുഖ്യമന്ത്രിയുടെ പണി ഏറ്റെടുക്കണമെന്നാണ് കൃഷ്ണദാസിന്റെ പരിഹാസം. അതേസമയം രൺജീത് ശ്രീനിവാസൻ വധക്കേസിൽ നാല് എസ് ഡി പി ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. ഇതിൽ രണ്ടുപേർ കൊലയാളി സംഘാംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂരിൽ നിന്ന് ഇന്നലെ രാത്രിയാണ് കൊലയാളി സംഘത്തിൽ ഉൾപ്പെട്ട ഇരുവരെയും പിടികൂടിയത്.

വ്യാജ സിം കാർഡ് നൽകിയ കടയുടമ മുഹമ്മദ് ബാദുഷയും അറസ്റ്റിലായി. ആകെ 10 പേരാണ് പിടിയിലായിട്ടുള്ളത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അനൂപ്, ജെസീബ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് വ്യാജ സിം കാർഡുകൾ സംഘടിപ്പിച്ച് നൽകിയത് മുഹമ്മദ് ബാദുഷയാണ്. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളിൽ നിന്നും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെക്കുറിച്ച് വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. രൺജീതിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് വലിയമരം സ്വദേശി സെയ്ഫുദ്ദീനെ അറസ്റ്റ് ചെയ്തത്.

രൺജീത് വധക്കേസിൽ രാവിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ രൺജീതിനെ ആക്രമിച്ച സംഘത്തിലെ നാല് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സംഘത്തിലെ എട്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. 12 അംഗ സംഘമാണ് രൺജീതിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ മറ്റുസംസ്ഥാനങ്ങളിലേക്ക് കടന്നെന്ന നിഗമനത്തെതുടർന്ന് അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഇതിനിടെയാണ് രണ്ട് പേർ പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്. കേസിൽ രണ്ട് മുഖ്യപ്രതികൾ നേരത്തെ പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ കൂടി പിടിയിലായത്.

ഇവർ രണ്ട് പേരും കൊല്ലപ്പെട്ട രഞ്ജിത്തിന്റെ വീടിനോട് ചേർന്ന പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകരാണെന്ന് വ്യക്തമായിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായവർ എസ്ഡിപിഐയുടെ പ്രാദേശിക ഭാരവാഹികളായിരുന്നു. റിമാൻഡ് ചെയ്യപ്പെട്ട ഇവരെ പൊലീസ് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ പേർ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചു. കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത കൂടുതൽ പ്രതികളിലേക്ക് പൊലീസ് എത്തിയതായാണു സൂചന. കൊലപാതകികളെക്കുറിച്ചും ഇവർ ഒളിവിൽ കഴിയുന്ന താവളങ്ങളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.