കണ്ണൂർ: എങ്ങനേയും മാനസയെ കൂടെ നിർത്തുകയെന്നതായിരുന്നു രാഖിലിന്റെ മനസ്സ്. പണം കൈയിലെത്തിയാൽ ഇതിന് കഴിയുമെന്നും രാഖിൽ വിലയിരുത്തിയിരുന്നു. കാര്യമായ വരുമാനവും ജോലിയുമില്ലാത്തതാണ് ബന്ധം തുടരാൻ പ്രശ്‌നമെന്നും തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് രാഖിലിന്റെ കൈയിലേക്ക് തോക്ക് എത്തുന്നത്. ഈ തോക്ക് രാഖിലിന് എങ്ങനെ കിട്ടിയെന്നതാണ് പൊലീസ് നടത്തുന്ന അന്വേഷണം.

മാനസ പിണങ്ങിയതോടെ എങ്ങനേയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്കു രാഖിൽ കടന്നു. ഇന്റീരിയർ ഡിസൈൻ, പ്ലൈവുഡ് ബിസിനസ് തുടങ്ങിയ മേഖലകളിലേക്കു കടന്നു. ഇതൊന്നും ലക്ഷ്യപ്രാപ്തിക്ക് സഹായകമായിരുന്നില്ല. അതുകൊണ്ട് തന്നെ വേഗം പണമുണ്ടാക്കാനുള്ള മറ്റു വഴികളിലേക്കും രാഖിൽ കടന്നിട്ടുണ്ടാകുമോ എന്ന സംശയവും പൊലീസിനുണ്ട്. തോക്ക് കൈയിലുണ്ടായിരിക്കണമെങ്കിൽ അധോലോക ബന്ധങ്ങളും രാഖിലിന് ഉണ്ടായിരുന്നിരിക്കാം എന്ന നിഗമനം അന്വേഷണ സംഘത്തിനുണ്ട്. ആരോടും ഒന്നും പറയുന്ന പ്രകൃതമല്ല രാഖിലിന്റേത്. ഇതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.

മാനസ അവഗണിച്ചതോടെ രാഖിലിനു കടുത്ത വാശിയും പകയുമുണ്ടായതായി പാർട്ണറും സുഹൃത്തുമായ കണ്ണൂർ സ്വദേശി ആദിത്യൻ പറയുന്നു. ഉപരിപഠനം നടത്തിയ ബെംഗളൂരുവിലും കൊച്ചിയിലും രാഖിലിന് അടുപ്പക്കാരുണ്ട്. ഇന്റീരിയർ ഡിസൈനിങ്ങിനുള്ള സാധനങ്ങൾ വാങ്ങാൻ രാഖിൽ ഇടയ്ക്കിടെ ബെംഗളൂരുവിൽ പോകാറുണ്ടായിരുന്നു. ഇവിടെയുള്ള ബന്ധങ്ങളും പൊലീസ് പരിശോധിക്കും. തനിക്കൊന്നും അറിയില്ലെന്നാണ് ആദിത്യൻ പറയുന്നത്. ബീഹാർ യാത്രയും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ രാഖിലിന്റെ മരണത്തോടെ സത്യം കണ്ടെത്തുക വലിയ വെല്ലുവിളിയാണ്. കൃത്യമായ തെളിവുകൾ കണ്ടെത്തുക പ്രയാസമാണ്.

മാനസയുമായി പരിചയപ്പെടുമ്പോൾ ആദ്യ പ്രണയ പരാജയത്തിന്റെ വേദനയിലായിരുന്നു രാഖിൽ. മാനസയോടുള്ള പ്രണയം പരാജയപ്പെടുന്നൂ എന്ന ഘട്ടത്തിൽ തന്റെ ജീവിതം തകർന്നതായി തനിക്കു സന്ദേശം അയച്ചിരുന്നെന്ന് രാഖിലിന്റെ സഹോദരൻ രാഹുൽ പറയുന്നു. പിന്നീട് വിഷയം പൊലീസ് സ്‌റ്റേഷനിലുമെത്തി. എന്നാൽ ഈ സമയത്തൊക്കെയും മാനസയോടുള്ള അടങ്ങാത്ത പകയായിരുന്നു രാഖിലിന്റെ ഉള്ളിൽ. ഇതാണ് കോതമംഗലത്തെ പ്രതികാരത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. സിനിമാ സ്റ്റൈലിലായിരുന്നു സൈക്കോ മാനസികാവസ്ഥയിലെ ഇടപെടൽ.

നെല്ലിക്കുഴിയിലെ ഡെന്റൽ കോളജിനു സമീപം രാഖിൽ വാടകയ്‌ക്കെടുത്ത മുറിയുടെ മുൻവശത്തെ തണൽ വലയിൽ ഇയാൾ തന്നെ സൃഷ്ടിച്ച് വിടവിലൂടെ മാനസയെ നിരീക്ഷിച്ചു. റോഡിൽ ഇട്ട് കൊല്ലാനായിരുന്നു പദ്ധതിയെന്നും സൂചനയുണ്ട്. ഈ സമയത്തും മാനസയെ അടുപ്പിക്കാൻ രാഖിൽ ശ്രമിച്ചിരുന്നു. ഒരു തരത്തിലും വഴങ്ങില്ലെന്ന ഘട്ടം വന്നപ്പോൾ തോക്കുമായി മാനസയുടെ താമസ സ്ഥലത്തേക്ക് പാഞ്ഞെത്തുകയായിരുന്നു രാഖിൽ.

റോഡിനോടു ചേർന്നുള്ള കെട്ടിടത്തിൽ രണ്ടാം നിലയിലുള്ള 2 മുറികളിൽ ആദ്യത്തേതിലായിരുന്നു രാഖിൽ താമസിച്ചിരുന്നത്. ഈ 2 മുറികൾക്കു മുന്നിലായി വെയിലടിക്കാതിരിക്കാൻ കെട്ടിട ഉടമ കെട്ടിയ തണൽവലയിലുണ്ടാക്കിയ വിടവാണു രാഖിൽ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. കോളജിൽനിന്ന് മാനസ പേയിങ് ഗെസ്റ്റായി താമസിക്കുന്ന വീട്ടിലേക്കു 100 മീറ്റർ ദൂരമാണുള്ളത്.

എസിപി ഓഫിസിലെ ചർച്ചകൾക്കു ശേഷം രാഖിലിന്റെ പെരുമാറ്റത്തിൽ വലിയ മാറ്റം ഉണ്ടായിരുന്നു. ഇത് അച്ഛനും അമ്മയും തിരിച്ചറിയുകയും ചെയ്തു. മറ്റൊരു വിവാഹം ആലോചിക്കാൻ പറഞ്ഞതും മാതാപിതാക്കളെ ആശങ്കാകുലരാക്കിയിരുന്നു. ഓൺലൈൻ മാര്യേജ് സൈറ്റിൽ രാഖിലിന്റെ പേര് രജിസ്റ്റർ ചെയ്തിരുന്നു.

പെട്ടെന്നു പ്രകോപിതനാകുന്ന സ്വഭാവക്കാരനായിരുന്നു രാഖിലെന്നു സുഹൃത്തുക്കൾ പറയുന്നുണ്ട്. എങ്കിലും ഇത്തരമൊരു കൊടും ക്രൂരത രാഖിൽ ചെയ്യുമെന്ന് വീട്ടുകാരോ നാട്ടുകാരോ സുഹൃത്തുക്കളോ കരുതിയിരുന്നില്ല.