കണ്ണൂർ: മാനസയുടെ കൊലപാതകത്തിന് പ്രതി രാഖിൽ ഉപയോഗിച്ച തോക്കിന്റെ പിന്നാമ്പുറം തേടി പൊലിസ്. ധർമ്മടം സിഐ യുടെ നേതൃത്വത്തിലാണ് തോക്കിന്റെ ഉറവിടം തേടിയുള്ള അന്വേഷണം നടത്തുന്നത്. ക്‌ളോസ് റെയ്ഞ്ചിൽ നിന്നും അതീവ പ്രഹര ശേഷിയുള്ള 7.62 എം.എം റൈഫിൾ ഇയാൾ മാനസയെ കൊല്ലാൻ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

ഇത്തരം തോക്കുകൾ ഓൺ ലൈനിൽ ലഭ്യമല്ലാത്തതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഏജന്റുമാരിൽ നിന്നാവാം ഇയാൾ രഹസ്യമായി തോക്കുസംഘടിപ്പിച്ചിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസ് . വന്യമൃഗശല്യം നേരിടുന്ന അതിർത്തി ഗ്രാമങ്ങളിലെ ചില മലയോര കർഷകർക്ക് മാരകമല്ലാത്ത എയർഗൺ രഹസ്യമായി നൽകുന്ന ഏജന്റുമാരുണ്ട്. നാടൻ തോക്കുകളും ഇവർ അനധികൃതമായി വിൽക്കുന്നവരുണ്ട്. ഇവരിൽ നിന്നാവാം രാഹുൽ തോക്ക് സംഘടിപ്പിച്ചതെന്ന സംശയം പൊലിസിനുണ്ട്.

കണ്ണൂർ, കാസർകോട് മേഖലയിൽ മംഗലാപുരത്തു നിന്ന് തോക്ക് കൈമാറുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ബിഹാറിൽനിന്ന് മംഗലാപുരം വഴി തോക്ക് എത്തും. ഇറക്കുമതി ചെയ്ത പിസ്റ്റളുകളും കിട്ടും. അധോലോക കുറ്റവാളി രവി പൂജാരിയുമായി ബന്ധമുള്ള സംഘമാണു തോക്ക് കൈമാറ്റത്തിൽ പ്രധാനമായും ഇവിടെ പ്രവർത്തിക്കുന്നത്.

വിശ്വാസമുള്ള ഗുണ്ടാ സംഘങ്ങൾക്കു മാത്രമാണു കാസർകോട് സംഘം പിസ്റ്റൾ വിൽക്കുന്നത്. പെരുമ്പാവൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിന് ഇത്തരത്തിൽ തോക്ക് വരുന്നുണ്ട് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രാഖിലിന് ഇത്തരത്തിൽ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന വിവരവും പൊലീസ് അന്വേഷിക്കും. എന്നാൽ പ്രത്യക്ഷത്തിൽ ഇതിനുള്ള തെളിവൊന്നും കിട്ടിയിട്ടില്ല.

നാട്ടിൽ കാര്യമായ ബന്ധങ്ങളൊന്നുമില്ലാത്ത രാഖിലിന് പ്രത്യേകിച്ച് രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലെന്നാണ് പൊലിസ് പറയുന്നത് ബംഗ്ളൂരിൽ നിന്നും എം.ബി.എ പൂർത്തിയാക്കിയ ഇയാൾ ഏറെക്കാലമായി കൊച്ചിയിൽ ഇന്റീരിയർ ഡിസൈനുമായി ബന്ധപ്പെട്ട പ്രവർത്തികൾ ചെയ്തു വരികയായിരുന്നു. കണ്ണുർ പയ്യാമ്പലത്ത് രാഖിലിന്റെ പിതാവ് രഘുത്തമന്റെ സഹോദരിമാർക്കൊപ്പമായിരുന്നു അധികവും ഇയാളുടെ താമസം.

വല്ലപ്പോഴും മാത്രമേ ഇയാൾ മേലൂർ കടവിലെ വീട്ടിലെത്താറുള്ളുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. കണ്ണൂർ പയ്യാമ്പലം പള്ളിയാംമുല സ്വദേശിയാണ് രാഖിലിന്റെ പിതാവ് രഘുത്തമൻ. വർഷങ്ങൾക്ക് മുൻപ് ചെമ്മിൻ കൃഷി നടത്തുന്നതിനാണ് മേലൂർ കടവിൽ വീടെടുത്ത് താമസമാരംഭിച്ചത്. കോതമംഗലത്ത് സംസ്ഥാനത്തെ തന്നെ നടുക്കിയ കൊലപാതകം ഇന്നലെ രാത്രി ഏഴരയോടെ വരെ വിട്ടുകാർ അറിഞ്ഞിരുന്നില്ല രഘൂത്തമന്റെ വീട്ടിലെ ടെലിവിഷൻ കേടായതിനാലാണ് മകൻ നടത്തിയ കൊലപാതകവും സ്വയം ഹത്യയും ഇവരറിയാതിരുന്നത്.

ഒടുവിൽ രാത്രി ഏഴരയോടെ ധർമടം പൊലിസാണ് വിട്ടുകാരോട് വിവരം പറഞ്ഞത്. അപ്പോഴെക്കും വീട്ടിൽ കൂട്ട നിലവിളിയുയർന്നിരുന്നു. ഇൻസ്റ്റാഗ്രാമിലുടെ മാനസയുമായി പരിചയപ്പെട്ട രാഖിലുമായി പിന്നീട് മാനസ അകലുകയായിരുന്നു.ഇതോടെ ഇയാൾ ശല്യപ്പെടുത്താനാരംഭിക്കുകയായിരുന്നു. ഇതോടെയാണ് വി മുക്തഭടനും കണ്ണൂർ ട്രാഫിക്ക് സ്റ്റേഷനിലെ വിമുക്ത ഭടനുമായ പിതാവ് മാധവനോട് വിവരം പറയുന്നത്.

ഇദ്ദേഹം കണ്ണുർ ഡി.വൈ.എസ്‌പിക്ക് നൽകിയ പരാതി പ്രകാരം രാഖിലിനെയും ബന്ധുക്കളെയും ഡി.വൈ.എസ്‌പി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ഇനി ശല്യപ്പെടുത്തുകയില്ലെന്ന് എഴുതി വാങ്ങിക്കുകയുമായിരുന്നു. എന്നാൽ ഈ പക മനസിൽ കൊണ്ടു നടന്ന രാഖിൽ മാനസയെ കൊല്ലാൻ തന്നെ തീരുമാനിക്കുകയായിരുന്നു.

മാനസയുടെ കോളേജിനടുത്ത് ഒരു വാടക വീട് പ്‌ളൈവുഡ് വ്യാപാരിയെന്ന പേരിലെടുത്ത് ഇയാൾ താമസിച്ചാണ് കൊലപാതകം ആസുത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.