തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കേരളം അപമാനിച്ചുവോ? ഗവർണ്ണർ നിർദ്ദേശിച്ച പ്രകാരം രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാമെന്ന് കേരളാ സർവ്വകലാശാല ഉറപ്പു നൽകിയുന്നതായി റിപ്പോർട്ട്. പിന്നീട് രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് സർവ്വകലാശാല പിന്മാറി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓണററി ഡീ ലിറ്റ് വാങ്ങാൻ വേണ്ടി കൂടിയാണ് കേരള സന്ദർശനത്തിന് എത്തിയപ്പോൾ തിരുവനന്തപുരത്ത് ഒരു ദിവസം തങ്ങിയതെന്നാണ് സൂചന. എന്നാൽ ഇത് അട്ടിമറിക്കപ്പെട്ടതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്ന് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നു.

ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാൻ കൂടി വേണ്ടിയാണ് കേരളത്തിലേക്കുള്ള യാത്ര പരിപാടി രാഷ്ട്രപതി നേരത്തെ നിശ്ചയിച്ചത്. കേരള യൂണിവേഴ്‌സിറ്റി ഒഴിഞ്ഞു മാറിയതോടെയാണ് അപമാനിതനായി രാഷ്ട്രപതി മടങ്ങിയത്. അതുകൊണ്ടാണ് ഒരു ചടങ്ങുമില്ലാതെ ഒരു ദിവസം രാഷ്ട്രപതിക്ക് തിരുവനന്തപുരത്ത് തങ്ങേണ്ടി വന്നത്-കേരള കൗമുദി പറയുന്നു. രാഷ്ട്രപതിക്ക് ഡിലിറ്റ് കൊടുക്കാൻ സമ്മതിച്ച് മടങ്ങിയ വിസി താൽപ്പര്യമില്ലെന്ന് അറിയിക്കുന്ന കത്ത് ഗവർണ്ണർക്ക് കൈമാറി. എന്തുകൊണ്ടാണെന്ന ഗവർണ്ണറുടെ ചോദ്യത്തിന് സർക്കാരിനും മുഖ്യമന്ത്രിക്കും താൽപ്പര്യമില്ലെന്ന് വിസി ഗവർണ്ണറെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്. കേരള കൗമുദിയുടെ ഈ വാർത്തയനുസരിച്ച് രാഷ്ട്രപതിക്ക് കേരളത്തിൽ അപമാനം നേരിടേണ്ടി വന്നു. ഇതാണ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിതനാക്കിയത്.

ഡിസംബറിലാണ് രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന ആവശ്യം ഗവർണ്ണർ മുമ്പോട്ട് വച്ചത്. ഇത് തത്വത്തിൽ വിസി അംഗീകരിച്ചു. ഇതോടെ ഇക്കാര്യം രാഷ്ടപതി ഭവനെ ഗവർണ്ണർ അറിയിച്ചു. രാഷ്ട്രപതിയെ നേരിട്ടും അറിയിച്ചു. കേരളത്തിൽ എത്തുമ്പോൾ തിരുവനന്തപുരത്തെത്താനും സെനറ്റ് ഹാളിൽ പ്രൗഡഗംഭീര ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പരിപാടി കൂടി ഉൾപ്പെടുത്താനും ശുപാർശ ചെയ്തു. ഇതിന് അനുസരിച്ച് രാഷ്ട്രപതിയുടെ ചടങ്ങുകൾ പുനക്രമീകരിച്ചു. കാസർകോടു നിന്ന് കൊച്ചിയിൽ എത്തിയ സേഷം 23ന് തിരുവനന്തപുരത്ത് എത്തി. പി എൻ പണിക്കർ ഫൗണ്ടേഷന്റെ ചടങ്ങിന് ശേഷം തിരുവനന്തപുരത്ത് തങ്ങാനും തീരുമാനിച്ചു. എന്നാൽ ഡിലിറ്റ് മാത്രം നൽകാനായില്ല.

നല്ല വിദ്യാഭ്യാസ യോഗ്യതയുള്ള പിന്നോക്ക ജാതിയിൽ നിന്നുള്ള വ്യക്തിയാണ് രാം നാഥ് കോവിന്ദ്. പോരാത്തതിന് രാജ്യത്തിന്റെ പ്രഥമ പൗരനും. അത്തരത്തിലൊരു വ്യക്തിത്വത്തിന് ഡി ലിറ്റ് നൽകുന്നതിൽ മറ്റ് ആരോപണങ്ങൾ ഉയരേണ്ട ആവശ്യവുമില്ല. എല്ലാ അർത്ഥത്തിലും അർഹനാണ് അതിന് രാഷ്ട്രപതി. പക്ഷേ ഇതൊന്നും കേരള സർവ്വകലാശാല കണ്ടില്ലെന്ന് നടിച്ചു. ഡി.ലിറ്റ് നൽകണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശത്തോട് താൽപര്യമില്ലെന്ന് പ്രതികരിച്ച് കേരള സർവകലാശാല വിവാദങ്ങളിലേക്ക് നീങ്ങി. വൈസ് ചാൻസിലർ ഡോ.വി.പി മഹാദേവൻ പിള്ളയാണ് ഈ തീരുമാനം ഗവർണറെ നേരിട്ടെത്തി അറിയിച്ചത്. മറുപടി രേഖാമൂലം ഗവർണർ വാങ്ങിയതായാണ് സൂചന.

മുൻപ് വി സിയെ നേരിട്ട് വിളിച്ചുവരുത്തിയാണ് രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നതിനുള്ള താൽപര്യം ഗവർണർ അറിയിച്ചത്.സർവകലാശാലയുടെ മറുപടിയെത്തുടർന്ന് നേരത്തെ കാലടി സംസ്‌കൃത സർവകലാശാലയിൽ ചാൻസലർ അംഗീകാരം നൽകിയ ഡി.ലിറ്റ് ബിരുദദാനത്തിനുള്ള തീയതി ഗവർണർ മരവിപ്പിച്ചു. മുൻ വി സി ഡോ.എൻ.പി ഉണ്ണി, നടി ശോഭന, ഡോ.ടി.എം കൃഷ്ണ എന്നിവർക്ക് ഡി.ലിറ്റ് നൽകുന്നതാണ് നീട്ടിവച്ചത്.കേരള സർവകലാശാലയിൽ ഡി.ലിറ്റ് നൽകാൻ വി സി ഡോ. വി.പി മഹാദേവൻ പിള്ളയ്ക്ക് എതിർപ്പില്ലെങ്കിലും രാഷ്ട്രപതിയുടെ രാഷ്ട്രീയ നിലപാടിനോടുള്ള എതിർപ്പുകൊണ്ട് സർക്കാരിനും സിൻഡിക്കേറ്റിനും താൽപര്യമില്ലെന്നാണ് സൂചന.ഇക്കാര്യങ്ങളെക്കുറിച്ചാണ് വി സി ഗവർണറെ അറിയിച്ചിരുന്നത്.

എന്നാൽ ഇക്കാര്യങ്ങൾ യോഗം ചേർന്ന് തീരുമാനിച്ചതല്ല, യോഗം ചേർന്ന് സർക്കാരിന് രാഷ്ട്രപതിയോട് എതിർപ്പുണ്ടെന്ന് അറിയിക്കുക ഒഴിവാക്കാനായി യോഗം തന്നെ വേണ്ടെന്നുവച്ചിരുന്നു. ഇതിനോട് രാജ്യത്തിന്റെ അഭിമാനം മാനിച്ച് എല്ലാം താൻ തുറന്നുപറയുന്നില്ലെന്ന് ഗവർണർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ചാൻസിലർ പദവിയെ ചൊല്ലി സർക്കാരും ഗവർണറും തമ്മിലെ അനിശ്ചിതത്വം ഇതിനിടെ ഇപ്പോഴും തുടരുകയാണ്.