ന്യൂഡൽഹി: മുതിർന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ഗുരുതരമായ കോടതിയലക്ഷ്യം നടത്തി എന്ന സുപ്രീംകോടതി വിധിയിൽ വിമർശനം രേഖപ്പെടുത്തി ചരിത്രകാരൻ രാമചന്ദ്ര ഗുഹ.പ്രശാന്ത് ഭൂഷണെതിരെ എടുത്തിരിക്കുന്ന നടപടിയിലൂടെ സുപ്രീംകോടതി സ്വയം താഴുകയും ജനാധിപത്യഭരണത്തെ താഴ്‌ത്തുകയും ചെയ്തിരിക്കുകയാണെന്നും ഗുഹ പറഞ്ഞു.

ജനാധിപത്യത്തിന്റെ ഇരുണ്ട ദിനം എന്നാണ് കോടതി നടപടിയെ ഗുഹ വിശേഷിപ്പിച്ചത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് വിധിച്ചത്

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയ്‌ക്കെതിരെ നടത്തിയ പരാമർശത്തിനാണ് കോടതി സ്വമേധയാ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. ചീഫ് ജസ്റ്റിസ് ഹാർലി ഡേവിസ്ൺ ബൈക്കിൽ ഇരിക്കുന്ന ചിത്രം ഭൂഷൺ പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ട്വീറ്റിൽ മുൻ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമർശിച്ചു.

രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു.50 ലക്ഷം വിലമതിക്കുന്ന ബൈക്കിൽ കോവിഡ് കാലത്ത് സുപ്രീംകോടതി അടച്ചിരിക്കെ ചീഫ് ജസ്റ്റിസ് മാസ്‌കും ഹെൽമെറ്റും ഇല്ലാതെ ഇരിക്കുന്നു എന്ന പരാമർശത്തോടെയാണ് പ്രശാന്ത് ഭൂഷൺ ഫോട്ടോ പോസ്റ്റ് ചെയ്തത്.