ന്യൂഡൽഹി: അലോപ്പതി ചികിത്സയ്ക്ക് എതിരായി നടത്തിയ വിവാദ പരാമർശങ്ങളിൽ തനിക്കെതിരെ രാജ്യത്തെ വിവിധയിടങ്ങളിൽ നിലനിൽക്കുന്ന എഫ്ഐആറുകൾ സ്റ്റേ ചെയ്യണമെന്നും ഇവയെല്ലാം ഒരുമിച്ച് ചേർത്ത് ഡൽഹിയിൽ ഫയൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് ബാബ രാംദേവ് സുപ്രീംകോടതിയെ സമീപിച്ചു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് രാംദേവിന് എതിരെ പട്‌ന, റായ്പൂർ എന്നിവിടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അലോപ്പതി മരുന്നുകൾക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്ന രാംദേവിന്റെ പരാമർശത്തിന് എതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ നിരവധിപേർ വിവിധയിടങ്ങളിൽ കേസ് കൊടുത്തിരുന്നു. ഇവയെല്ലാം ഒരുമിച്ചാക്കണമെന്നാണ് രാംദേവിന്റെ ആവശ്യം.

സമൂഹ മാധ്യമങ്ങളിലൂടെ അലോപ്പതിക്ക് എതിരെ വ്യാജ പ്രചാരണം നടത്തുന്നു എന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരും, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചും അംഗീകരിച്ച മരുന്നുകൾ കോവിഡ് ചിക്ത്‌സയ്ക്ക് ഫലപ്രദം അല്ലെന്നാണ് രാംദേവ് ആരോപിച്ചത്. ഓക്‌സിജൻ ലഭിക്കാതെ മരിച്ചവരെക്കാൾ കൂടുതൽ പേർക്ക് അലോപ്പതി മരുന്നുകൾ കഴിച്ചതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട് എന്നും രാംദേവ് ആരോപിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിൻ ലഭിച്ച ശേഷവും പതിനായിരത്തോളം ഡോക്ടർമാർ മരിച്ചതായും രാംദേവ് ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാംദേവിന് എതിരെ ആയിരം കോടിയുടെ മാനനഷ്ടക്കേസ് നൽയിരുന്നു. പരാമർശം കോവിഡ് മുന്നണി പോരാളികളെ അപമാനിക്കുന്നതാണ് എന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ രംഗത്തുവന്നിരുന്നു.

പരാമർശം വിവാദമായതോടെ രാംദേവിനോട് പ്രസ്താവന പിൻവലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്തി ഹർഷവർധൻ ആവശ്യപ്പെട്ടിരുന്നു അലോപ്പതി മരുന്നുകൾ രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. കോവിഡ് മുന്നണിപ്പോരാളികളുടെ ആത്മധൈര്യം ചോർത്തുന്ന പ്രസ്താവന പിൻവലിക്കണമെന്ന് രാംദേവിനു നല്കിയ കത്തിൽ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പിന്നാലെ രാംദേവ് പ്രസ്താവന പിൻവലിക്കുകയും ചെയ്തിരുന്നു.