കൊച്ചി : നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ പ്രതികൾ ആയുധവും കടത്തിയെന്ന് സൂചന. ദേശവിരുദ്ധ സ്വഭാവമുള്ള സ്വർണക്കടത്തിനു പുറമേ വിദേശബന്ധമുള്ള കള്ളപ്പണ ഇടപാടും ആരോപിക്കപ്പെടുന്ന കേസിലെ 'മ്യാന്മർ' കണക്ഷൻ കസ്റ്റംസ് കണ്ടെത്തി കഴിഞ്ഞു. ഈ വിഷയത്തിൽ എൻ ഐഎ പ്രത്യേക അന്വേഷണം നടത്തും. യുഎഇ കോൺസുലേറ്റിലെ ജീവനക്കാർക്ക് ആയുധ കടത്തിൽ ബന്ധമുണ്ടോ എന്നും പരിശോധിക്കും.

മ്യാന്മർ അതിർത്തി വഴിയും ഇന്ത്യയിലേക്കു വൻതോതിൽ സ്വർണം കടത്തിയിരുന്നു അറസ്റ്റിലായ പ്രതികളിൽ ഒരാളുടെ ഫോണിൽ മണിപ്പുർ സ്വദേശിയുടെ പേരിലുള്ള സിംകാർഡ് കണ്ടെത്തിയതാണ് ഈ വിവരം പുറത്തു കൊണ്ടു വന്നത്. ഇതേ ചാനലിലൂടെ ആയുധവും കടത്തിയെന്നാണ് സംശയം. പ്രതികൾ രാജ്യാതിർത്തി ഭേദിച്ച് ആയുധങ്ങളും കടത്തിയിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന് അടിവരയിടുന്നതാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.

മണിപ്പുർ സ്വദേശിയുടെ സിംകാർഡ് ഉപയോഗിച്ച പ്രതിയുടെ വിശദാംശങ്ങളും സിംകാർഡും കേസിന്റെ ദേശവിരുദ്ധ സ്വഭാവം അന്വേഷിക്കുന്ന എൻഐഎയ്ക്ക് കസ്റ്റംസ് കൈമാറും. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻ കെ.ടി. റമീസിനു വേണ്ടി വൻതോതിൽ കള്ളപ്പണം സ്വരൂപിച്ച മലബാർ സ്വദേശിയാണു മണിപ്പുർ സിംകാർഡ് വഴി ആശയവിനിമയം നടത്തിയത്. കടത്തിയ ആയുധങ്ങൾ കേരളത്തിൽ എത്തിയോ എന്നും പരിശോധിക്കും.

ഇത്തരത്തിലുള്ള മറ്റൊരു സിംകാർഡും അതുപയോഗിച്ച മൊബൈൽ ഫോണും അറസ്റ്റിലാകും മുൻപ് റമീസ് തീയിട്ടു നശിപ്പിച്ചിരുന്നു. സ്വർണക്കടത്തു പിടിക്കപ്പെട്ട 2020 ജൂൺ 30നും ജൂലൈ 5നുമിടയിൽ റമീസ് കൂട്ടുപ്രതി സന്ദീപ് നായരെ വിളിച്ച സിംകാർഡും ഫോണുമാണു നശിപ്പിച്ചത്. ഇതിന് പിന്നിലും തെളിവ് നശീകരണമാണ്. റമീസാണ് സ്വപ്‌നയോട് ഒളിവിൽ പോകാൻ നിർദ്ദേശിച്ചത്.

പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തിരുവനന്തപുരത്തുനിന്നു കൊച്ചിയിലെ ഒളിത്താവളത്തിലെത്തിയ സന്ദീപ്, സ്വപ്ന എന്നിവരോട് എത്രയും വേഗം കേരളം വിടണമെന്നും മണിപ്പുരിലോ നാഗാലാൻഡിലോ എത്തിയാൽ മ്യാന്മർ വഴി വിദേശത്തേക്കു കടക്കാനുള്ള സൗകര്യം ഒരുക്കാമെന്നും റമീസ് അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് അവർ ബംഗളൂരുവിൽ എത്തിയത്. എന്നാൽ അവിടെ വച്ച് പിടിക്കപ്പെട്ടു.

റമീസ് നിരവധി കേസുകളിലെ പ്രതിയാണ്. ഷാർപ്പ് ഷൂട്ടറായ റമീസ് മണ്ണാർക്കാട് വനമേഖലയിൽ അടക്കം മൃഗവേട്ട നടത്തിയതിന്റെ പേരിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. 2014 ൽ രണ്ട് മാനുകളെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ് റമീസ്. പാലക്കാട് വാളയാർ സ്റ്റേഷനിലാണ് കേസ്. റിയൽ എസ്റ്റേറ്റ് ബിസിനസ് നോട്ട് നിരോധനത്തിന് പിന്നാലെ തകർന്നതോടെ റമീസ് ദുരൂഹമായ ഇടപാടുകളിലേക്ക് കടക്കുകയായിരുന്നു.

സ്വർണക്കടത്ത് ശൃംഖലയിലെ മുഖ്യകണ്ണികളിലൊരാളാണ് റമീസ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്ന കടത്ത് സംഘത്തെ നിയന്ത്രിച്ച പ്രധാനിയാണ് ഇയാൾ. നെടുമ്പാശേരി വിമാനത്താവളം വഴി തോക്ക് കടത്താൻ ശ്രമിച്ച കേസിലെ പ്രതിയുമാണ് റമീസ്. രണ്ടു ബാഗുകളിലായി അന്ന് കൊണ്ടുവന്നത് ആറു റൈഫിളുകൾ ഗ്രീൻചാനൽവഴി കടത്താൻ ശ്രമിക്കവെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാൾക്ക് തീവ്രവാദികളുമായുള്ള ബന്ധത്തിന് തെളിവാണ് ഈ വസ്തുതകൾ.

2015ൽ കരിപ്പൂരിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായ റമീസിന് അന്ന് കേരളത്തിലെ മന്ത്രിയുമായി ബന്ധമുള്ളതായി സൂചനകൾ പുറത്തു വന്നിരുന്നു. അന്ന് റമീസ് താൻ മന്ത്രിയുടെ ബന്ധുവാണെന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പറഞ്ഞ് പ്രതി വിരട്ടിയായും ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത് വലിയ വ്യക്തമായിരുന്നു. ഇയാൾക്ക് മന്ത്രി കുഞ്ഞാലികുട്ടിയുടെ അകന്ന ബന്ധുവാണെന്നായിരുന്നു റമീസിന്റെ അവകാശ വാദം. എന്നാൽ ഇയാളുമായി കുഞ്ഞാലിക്കുട്ടിക്ക് വലിയ ബന്ധങ്ങളൊന്നും ഇല്ലെന്നതാണ് വസ്തുത.