തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കം ആറ് പ്രതികളുടെ വിടുതൽ ഹർജികൾ തള്ളിയ കോടതി നടപടിയിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യമേവ ജയതേയെന്നാണ് രമേശ് ചെന്നിത്തല വാർത്ത പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇടതുനേതാക്കളുടെ ഹർജി തള്ളിയത്. പ്രതികൾ നവംബർ 22 ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. സഭയിൽ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു വിടുതൽ ഹർജിയിലെ പ്രതികളുടെ വാദം. എന്നാൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു വാങ്ങിയ പൊതുസ്വത്ത് നശിപ്പിക്കാൻ എംഎൽഎമാർക്ക് അധികാരമില്ലെന്ന് സർക്കാർ അഭിഭാഷകൻ എതിർവാദം ഉന്നയിച്ചു. മന്ത്രി വി ശിവൻകുട്ടിക്ക് പുറമെ മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ, മുൻ എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണത്തിനിടെയായിരുന്നു കേസിനാസ്പദമായ നാശനഷ്ടങ്ങളുണ്ടായത്. 2.20 ലക്ഷം രൂപയുടെ പൊതുസ്വത്ത് നശിപ്പിച്ചെന്നാണ് കേസ്.