കോഴിക്കോട്: ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് രമേശ് ചെന്നിത്തല. ജനങ്ങളോട് വെല്ലുവിളിയാണ് ശ്രീറാമിന്റെ നിയമനം. എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ എന്തിന് കെട്ടിവയ്ക്കുന്നു. സർക്കാർ ഈ തീരുമാനം പിൻവലിക്കണം.

ചിന്തൻ ശിബിരം കോൺഗ്രസിലെ മാറ്റത്തിന്റെ തുടക്കമാണ്. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും. തൃക്കാക്കരയിൽ കണ്ട ഐക്യമാകും ഇനി പാർട്ടിയിൽ തുടർന്നും കാണുകയെന്നും ചെന്നിത്തല പറഞ്ഞു.

ആലപ്പുഴ കളക്ടറുമായുള്ള ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. സമനില തെറ്റിയ സർക്കാരിന്റെ സമനില തെറ്റിയ തീരുമാനമാണ് ശ്രീറാമിന്റെ നിയമനമെന്നും ഇദ്ദേഹം പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയുള്ള നിയമനമായിരുന്നു കഴിഞ്ഞ ദിവസത്തെ ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ ഏറ്റവും വിവാദമായത് . മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കലക്ടറായി നിയമിച്ചത് ശരിയോ എന്ന വിമർശനമാണ് സജീവമാകുന്നത്.

ശ്രീറാമിന്റെ നിയമനത്തിൽ കോൺഗ്രസ് വലിയ എതിർപ്പാണ് ഉയർത്തുന്നത്.ആലുപ്പഴയിലെ കോൺഗ്രസ് നേതാക്കൾ ശ്രീറാമിനെതിരെ സമരം വരെ തുടങ്ങേണ്ടിവരുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്.