കൊച്ചി: കോവിഡ് രോഗികളുടെ ഫോൺരേഖകൾ ശേഖരിക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. രോഗികളുടെ ടവർ ലൊക്കേഷൻ മാത്രമേ എടുക്കുകയുള്ളൂവെന്ന സർക്കാർ നിലപാട് അംഗീകരിച്ചാണ് നടപടി. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ഹർജികളുമായി മുന്നോട്ട് വരുന്നതിനെ കോടതി വിമർശിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വീഴ്ചകൂടാതെ നടത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിലയിരുത്തി. കോവിഡ് രോഗികളുടെ മൊബൈൽ സി ഡി ആർ ശേഖരിക്കുകയില്ലെന്നും പകരം ടവർ ലൊക്കേഷൻ മാത്രമേ ശേഖരിക്കുകയുള്ളൂവെന്നും കഴിഞ്ഞ ദിവസം ഡിജിപിക്ക് വേണ്ടി സർക്കാർ രേഖാമൂലം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി രമേശ് ചെന്നിത്തലയുടെ ഹർജി തള്ളിയത്. കോവിഡ് രോഗികളുടെ മുഴുവൻ സിഡിആറും ശേഖരിച്ച് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുമെന്ന ആശങ്കയാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.

പൊലീസ് മേധാവിയുടെ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്നും ഇതുവരെ ശേഖരിച്ച മുഴുവൻ വിവരങ്ങളും കോടതിയിൽ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മറ്റൊരു ഹർജി കൂടി സമർപ്പിച്ചിരുന്നു. ഇതും കോടതി തള്ളുകയായിരുന്നു.