തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഐസക്ക് നിയമസഭയെ അവഹേളിച്ചെന്നും അദ്ദേഹം ആരേപിച്ചു. കേരളത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തിൽ സിഎജിയുടെ റിപ്പോർട്ട് കരട് റിപ്പോർട്ടാണെന്ന് പറഞ്ഞ് ഇന്ന് വരെ പ്രസിദ്ധികരിച്ചിട്ടുണ്ടോ?. തോമസ് ഐസക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. തുടർച്ചയായി നുണപറയുകയാണ്. സിഎജിയുടെ വാർത്താക്കുറിപ്പ് പുറത്തുവന്നതോടെ ധനമന്ത്രിയുടെ എല്ലാ കള്ളവും പൊളിഞ്ഞെന്ന് ചെന്നിത്തല വാർത്താസമ്മേളനത്തൽ പറഞ്ഞു.

അഴിമതിയും കൊള്ളയും മറയ്ക്കാനാണ് മന്ത്രി കള്ളം പറയുന്നത്. മന്ത്രി ഭരണഘടനാ തത്വം ലംഘിച്ചിരിക്കന്ന സാഹചര്യത്തിൽ അധികാരത്തിൽ തുടരാൻ അവകാശമില്ല. ഇക്കാര്യത്തിൽ മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി നൽകിയതായി ചെന്നിത്തല പറഞ്ഞു. ധനകാര്യമന്ത്രി വീണിടത്ത് നിന്ന് ഉരുളുകയാണ്. പവിത്രമായ മാലാഖയായിട്ടാണ് ഇടതുപക്ഷം പ്രതിപക്ഷത്തിരുന്നപ്പോൾ സിഎജിയെ കണ്ടത്. ഇടതുമുന്നണിയുടെ അഴിമതി ആരെങ്കിലും കണ്ടെത്തിയാൽ ഗുഢാലോചന ആരോപിക്കും. എന്തുപറഞ്ഞാലും നാട്ടിൽ രക്ഷയില്ലാത്ത സ്ഥിതിയാണ്. അപ്പോൾ ബിജെപി -കോൺഗ്രസ് ഗൂഢാലോചന എന്നുപറയും. ഇത് എത്രനാൾ പറയും ഈ കള്ളം. പഴകി തുരുമ്പിച്ച ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്ത പറഞ്ഞു.

തോമസ് ഐസകിന്റെ പ്രസംഗം കേട്ടാൽ കേരളം സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് തോന്നും. ഗവർണർക്ക് നൽകേണ്ട റിപ്പോർട്ട് മോഷ്ടിച്ച് പത്രസമ്മേളനം നടത്തുകയായിരുന്നു ഐസക്. മസാലബോണ്ടിലൂടെ ആർക്കൊക്കെ കമ്മീഷൻ കിട്ടിയെന്ന് പറയാൻ തോമസ് ഐസക് തയ്യാറാവണം. മസാലബോണ്ടിനെക്കാൾ കുറഞ്ഞ പലിശയ്ക്ക് ഇവിടെ പണം ലഭിക്കുമായിരുന്നു. ലാവ്ലിൻ കമ്പനിയെ സഹായിക്കാനാണ് മസാല ബോണ്ടിറക്കിയത്. പിണറായി വിജയന്റെ പഴയ ലാവ്ലിൻ ബന്ധമാണ് ഇതിന് പിന്നിലെന്ന് ചെന്നിത്തല പറഞ്ഞു.

അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമെന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി സമനില തെറ്റിയ പോലെ പെരുമാറുന്നത്. അതാണ് കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ കണ്ടത്. കേന്ദ്രഏജൻസികളെ വിളിച്ചുകൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. എന്നിട്ട് കുടുങ്ങുമെന്നായപ്പോൾ എന്തൊക്കയോ പറയുകയാണ്. തോമസ് ഐസക് നടത്തിയ കള്ളം വെളിച്ചത്തുവരുന്നപ്പോഴാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടതെന്നും ചെന്നിത്തല പറഞ്ഞു.