തിരുവനന്തപുരം: കാലാവധി തീർത്ത പിഎസ് സി റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന പിഎസ് സി ചെയർമാൻ എം കെ സക്കീറിന്റെ നിരപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കാലത്തും ഇല്ലാത്ത വിധം അനധികൃത കരാർ നിയമനങ്ങൾ അരങ്ങ് തകർത്തിട്ടും സർക്കാരിനെ വെള്ളപൂശാനാണ് പിഎസ് സി ചെയർമാൻ ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. കരാർ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ തയ്യാറാകുന്നതിന് പകരം ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ ജോലിയിൽ കരാർ നിയമനങ്ങൾ ഒന്നും നടക്കുന്നില്ലെന്ന ചെയർമാന്റെ വാദം അത്ഭുതകരമാണ്. കൺസൾട്ടൻസികൾ വഴി കരാർ നിയമനം നടത്തുന്ന കാര്യം സർക്കാർ തന്നെ സമ്മതിക്കുമ്പോൾ പി.എസ്.സി ചെയർമാൻ അത് നിഷേധിക്കുന്നത് രാജാവിനെക്കാൾ വിലിയ രാജഭക്തിയാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ഉറക്കമിളച്ചിരുന്ന് പഠിച്ച് പിഎസ് സി റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റുന്ന മിടുക്കരെ ഇളിഭ്യരാക്കിക്കൊണ്ടാണ് യാതൊരു യോഗ്യതയുമില്ലാതെ സ്വപ്നയെപ്പോലുള്ളവർ വൻശമ്പരളത്തിൽ സർക്കാർ ജോലികളിൽ കയറിപ്പറ്റുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കൊവിഡിന്റെ മറവിൽ സംസ്ഥാനത്ത് പിഎസ്‌സി വഴിയുള്ള നിയമനങ്ങൾ മാസങ്ങളായി നിർത്തി വച്ചിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിലുണ്ടായ ആയിരക്കണക്കിന് റിട്ടയർമെന്റ് ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പകരം എല്ലായിടത്തും സ്വന്തം പാർട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും പിൻവാതിലിലൂടെ നിയമിക്കുകയാണ്. പകൽ പോലെ തെളിഞ്ഞു കഴിഞ്ഞ ആ സത്യം നിലനിൽക്കെയാണ് കരാർ നിയമനങ്ങൾ നടക്കുന്നില്ലെന്ന് പിഎസ്‌സി ചെയർമാൻ പറയുന്നത്.

ഉമാദേവി കേസിലെ സുപ്രീംകോടതി വിധി പോലും ലംഘിച്ചു കൊണ്ടാണ് പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത്. അതിനാൽ കരാർ നിയമനങ്ങൾ അടിയന്തിരമായി നിർത്തി വച്ച് പിഎസ്‌സി വഴി നിയമനം നടത്തണമെന്ന് പിഎസ്‌സി ചെയർമാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ് യഥാർത്ഥത്തിൽ വേണ്ടത്.
നൂറിലധികം റാങ്കു ലിസ്റ്റുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളിൽ ലാപ്സായത്. നാമമാത്രമായ നിയമനങ്ങൾ മാത്രമേ അതിൽ നടന്നിട്ടുള്ളൂ. സിവിൽ പൊലീസ് ഓഫീസർ, ലാസ്റ്റ് ഗ്രേഡ്, ഇംഗ്ലീഷ് ലക്ച്ചറർ തുടങ്ങിയ ഒട്ടേറെ ലിസ്റ്റുകളിൽ പേരിന് മാത്രം നിമനം നടന്നു. നഴ്സുമാരുടെ റാങ്ക് ലിസ്റ്റ് വെറുതെ കിടക്കുമ്പോൾ താത്ക്കാലിക്കാരെ നൂറു കണക്കിനാണ് നിയമിക്കുന്നത്. സി.ഡിറ്റിൽ താത്ക്കാലിക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തകൃതിയായി നടക്കുന്നു. 53 സ്ഥാപനങ്ങളിൽ നിമനം പിഎസ്‌സിക്ക് വിട്ടിട്ടും ചട്ടങ്ങൾ രൂപീകരിക്കാതെ പിൻവാതിൽ നിമനം നടത്തുകയാണ്.

അതിനാൽ താത്ക്കാലിക നിയമനങ്ങളും പിൻവാതിൽ നിയമനങ്ങളും അവസാനിപ്പിച്ച് പിഎസ്‌സി വഴി നിയമനങ്ങൾ നടത്താൻ സർക്കാർ തയ്യാറാവണം. അതിന് വേണ്ടി റാങ്കു ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഒരുതരത്തിലുള്ള നിയമന നിരോധനവും ഇല്ലെന്നായിരുന്നു നേരത്തെ പിഎസ് സി ചെയർമാൻ എം കെ സക്കീർ വ്യക്തമാക്കിയത്. ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് പറഞ്ഞ അദ്ദേഹം സർക്കാർ ജോലികളിൽ കരാർ നിയമനം നടത്തുന്നുവെന്ന പരാതി ശരിയല്ലെന്നും പറഞ്ഞു.'കേരള പൊലീസിൽ റിപ്പോർട്ടുചെയ്ത മുഴുവൻ ഒഴിവുകളും നികത്തിയിട്ടുണ്ട്. പി എസ് സിക്ക് റിപ്പോർട്ടുചെയ്ത തസ്തികകളിൽ ഒരു തരത്തിലുള്ള കരാർ നിയമവും നടക്കില്ല.

അത്തരത്തിലുള്ള ഒരറിയിപ്പും ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല. പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിൽ ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കാനുള്ള പ്രത്യേക സമിതിയുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും അധികം നിയമനങ്ങൾ നടത്തുന്ന സർക്കാർ ഏജൻസിയാണ് പി എസ്. സി' -ചെയർമാൻ അറിയിച്ചു. പുതിയ ഉദ്യോഗാർത്ഥികൾക്ക് അവസരം നിഷേധിക്കപ്പെടും എന്നതിനാൽ റാങ്ക് ലിസറ്റുകളുടെ കാലാവധി ഇനി നീട്ടാൻ സാധിക്കില്ലെന്നും അദ്ദേഹം അറയിച്ചു. നിയമന നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.