കൊച്ചി: നെഹ്‌റു ട്രോഫി വള്ളംകളി സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു വള്ളം തുഴഞ്ഞതുകൊണ്ടാണോ നെഹ്‌റു ട്രോഫി എന്ന പേരിട്ടതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. നെഹ്റു ട്രോഫിയെക്കുറിച്ച് വി മുരളീധരന് അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു മനസിലാക്കണമെന്ന് ചെന്നിത്തല ഉപദേശിച്ചു. അല്ലാതെ വിവരക്കേട് വിളിച്ചു പറയരുത്.-ചെന്നിത്തല പരഞ്ഞു.

അതേസമയം രാജീവ് ഗാന്ധി ബയോടെക്‌നോളജി ഇൻസറ്റിറ്റിയൂട്ടിന് ഗോൾവാൾക്കറുടെ പേര് ഒരു കാരണവശാലും ഇടാൻ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ജനങ്ങൾ അത് അംഗീകരിക്കില്ല. അതിനേക്കാളും ശശി തരൂരിന്റെ നിർദേശത്തോടാണ് എനിക്ക് യോജിപ്പ്. ഇൻസ്റ്റിറ്റ്യൂട്ടിന് ഡോക്ടർ പൽപ്പുവിന്റെ പേരിടണം.' ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു.

അതേസമയം, നെഹ്‌റു ട്രോഫി വള്ളം കളി സംബന്ധിച്ച വി. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.സി വേണുഗോപാലും രംഗത്തെത്തി. കേന്ദ്രമന്ത്രി നടത്തിയത് പദവിക്ക്‌ േചരാത്ത പ്രസ്താവനയെന്ന് കെ.സി.വേണുഗോപാൽ ആരോപിച്ചു.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ (ആർജിസിബി) ആക്കുളത്തുള്ള പുതിയ ക്യാംപസിന് ആർഎസ്എസ് താത്വികാചാര്യൻ എം.എസ്.ഗോൾവാൾക്കറുടെ പേരു നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ന്യായീകരിച്ച മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ജവഹർലാൽ നെഹ്റു കായികതാരമായിട്ടാണോ നെഹ്റു ട്രോഫിയെന്ന് പേരിട്ടതെന്നായിരുന്നു മുരളീധരന്റെ ചോദ്യം.