ആലപ്പുഴ: ഹരിപ്പാട്ടെ ജനതയുടെ സ്നേഹത്തിന് മുന്നിൽ വികാരാധീനനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് തനിക്ക് അമ്മയെ പോലെ ആണെന്നും ഒരു അമ്മ മകനെ എന്ന പോലെയാണ് ഹരിപ്പാട് തന്നെ സ്നേഹിക്കുന്നതെന്ന് ഹരിപ്പാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

'26-ാമത്തെ വയസിൽ ഈ മണ്ഡലത്തിൽനിന്നും ഇവിടുത്തെ ജനങ്ങൾ എന്നെ നിയമസഭയിലേക്ക് ജയിപ്പിച്ച് വിട്ടതാണ്. നിയമസഭയിലേക്ക് ഞാൻ മത്സരിക്കുമെങ്കിൽ അത് ഹരിപ്പാട് നിന്നുമാത്രമായിരിക്കും. നേമത്ത് മത്സരിക്കണമെന്ന ഒരു അഭിപ്രായം ഉയർന്നപ്പോൾ കെപിസിസി പ്രസിഡന്റ് എന്നോട് പറഞ്ഞു ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിച്ചാൽ മതിയെന്ന്. ഈ നാടും നാട്ടുകാരും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്', ചെന്നിത്തല പറഞ്ഞു.

‘ഹരിപ്പാട് എനിക്ക് അമ്മയെപ്പോലെയാണ്. ഒരു അമ്മ മകനെ സ്‌നേഹിക്കുന്നതുപോലെയാണ് ഹരിപ്പാടെന്ന ഈ നാട് എന്നെ സ്‌നേഹിച്ചത്. എന്നെ വാത്സല്യത്തോടെയാണ് കണ്ടത്. 1982ലാണ് ആദ്യമായി ഞാൻ ഇവിടെനിന്നും മത്സരിച്ചത്. പിന്നീട് ഞാൻ മന്ത്രിയായി 87ൽ മത്സരിച്ചു. അന്നുമെന്നെ വിജയിപ്പിച്ചു. രാജീവ് ഗാന്ധിയും കെ കരുണാകരനും എകെ ആന്റണിയുമാണ് അന്നെന്നോട് കോട്ടയം പാർലമെന്റ് സീറ്റിൽ മത്സരിക്കാൻ പറഞ്ഞത്. ഞാൻ ആഗ്രഹിച്ചതല്ല. എന്നെ കോട്ടയത്ത് നിർത്തി. അവിടെനിന്നും ഞാൻ ജയിച്ചു. നാല് തവണ പാർലമെന്റ് അംഗമായതിന് ശേഷം വീണ്ടും ഈ മണ്ഡലത്തിൽനിന്നും മത്സരിക്കാൻ ചിന്തയുണ്ടായപ്പോൾ വീണ്ടും മത്സരിച്ചു. കേരളത്തിൽ രമേശ് ചെന്നിത്തലയ്ക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലം ഹരിപ്പാടാണ് എന്ന് ബോധ്യപ്പെട്ടു. അന്നും ഇവിടുത്തെ ജനങ്ങൾ വലിയ ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ചു. പിന്നീടുള്ള തെരഞ്ഞെടുപ്പിൽ മന്ത്രിയായി. അത് കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിലും എന്നെ വിജയിപ്പിച്ചു', അദ്ദേഹം വിശദീകരിച്ചു.

‘അഞ്ചാമത്തെ തവണ വീണ്ടും മത്സരിക്കുമ്പോൾ, 82ൽ വന്ന അതേവികാരവായ്‌പോടെ എന്നെ സ്വീകരിക്കുന്ന ജനങ്ങളെയാണ് ഞാൻ കണ്ടത്. നാല് തലമുറകളുമായിട്ടുള്ള ബന്ധമാണ് ഹരിപ്പാട് എനിക്കുള്ളത്. പ്രായമായവരും ചെറുപ്പക്കാരും കുട്ടികളും സ്‌നേഹം നൽകി എന്നെ സ്വീകരിക്കാറുണ്ട്. ജീവിതത്തിൽ മറ്റെന്ത് നേട്ടമുണ്ടാവുന്നതിലും വലുതാണ് ഹരിപ്പാടെ ജനങ്ങളുടെ സ്‌നേഹം ലഭിക്കുന്നത്. എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. അവയിലെല്ലാം ഹരിപ്പാട്ടെ ജനങ്ങൾ ഹൃദയത്തോടെന്നെ ചേർത്തുവെച്ചു. ഒരു രാഷ്ട്രീയ നേതാവിന് ഇതിനേക്കാൾ വലിയ സമ്പാദ്യം മറ്റെന്താണ്?', ഇടറിയ ശബ്ദത്തോടെ ചെന്നിത്തല ചോദിച്ചു.