തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വന്തം മണ്ഡലമായ ഹരിപ്പാട് വിട്ട് അരുവിക്കര നിയോജക മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തകൾ തെറ്റാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

അരുവിക്കര എംഎൽഎ ശബരീനാഥനെ വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് മാറ്റി ചെന്നിത്തല അരുവിക്കരയിൽ മത്സരിക്കുമെന്നാണ് വാർത്തകൾ പ്രചരിച്ചത്. തിങ്കളാഴ്ച മുതൽ സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു.

ഇത്തരത്തിലുള്ള ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ചെന്നിത്തലയുടെ മണ്ഡലമാറ്റം സംബന്ധിച്ച അനാവശ്യ ചർച്ചകൾ ഉയർത്തി വിടുന്നത് കോൺഗ്രസിലെ തന്നെ ഒരു വിഭാഗം ആണെന്ന സംശയവും അവർ ഉന്നയിക്കുന്നു.