കോഴിക്കോട് : എ.കെ.ജി സെന്റർ ആക്രമണത്തിന്നു പിന്നിൽ ദുരൂഹതയെന്ന് രമേശ് ചെന്നിത്തല. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ജനശ്രദ്ധ തിരിച്ചുവിടുവാനുള്ള അടവാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 24 മണിക്കൂറും പൊലീസിന്റെ സർവൈലൻസുള്ള സ്ഥലമാണു എ.കെ.ജി സെന്റർ അടക്കമുള്ള പ്രദേശം.

പൊലീസ് ഇത് അന്വേഷിക്കണം. പൊലീസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയും അനാസ്ഥയും ഒഴിവാക്കണം. സംഭവം ഗൗരവമായി അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണം. പാർട്ടി നേതൃത്വവും ഭരണകൂടവും അതാണ് ചെയ്യേണ്ടത്. ആരും പ്രതീക്ഷിക്കാത്ത നിലയിലുള്ള അക്രമം ഉണ്ടാകുമ്പോൾ അതിന്റെ ഉത്തരവാദിത്ത്വം യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും തലയിൽ കെട്ടിവെക്കുന്നത് അങ്ങേയറ്റം നീചമായ നടപടിയാണ്.

കഴിഞ്ഞ 15 മണിക്കൂറായി പൊലീസ് പ്രതിയെ എന്തുകൊണ്ട് പിടിക്കുന്നില്ല. നാളെ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലകളിൽ യു.ഡി.എഫിന്റെ സമരമാണ്. ഇന്ന് രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുകയാണ്. ഈ സന്ദർഭത്തിൽ കോൺഗ്രസ് പാർട്ടി ഇതിനു മുതിരുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ.

നട്ടാൽ കുരുക്കാത്ത നുണയാണ് സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. സംഭവം നടന്ന് 5 മിനിറ്റിനുള്ളിൽ തന്നെ ഇ.പി. ജയരാജനും കോടിയേരിയും കോൺഗ്രസാണ് ആക്രമണം നടത്തിയത് എന്ന് പറയുന്ന ചേതോവികാരം എന്താണ്. എന്നിട്ട് പ്രവർത്തകരോട് ആത്മസംയമനം പാലിക്കുവാൻ പറയുകയാണ്. ആലപ്പുഴ ജില്ലയിൽ വ്യാപക ആക്രമണം നടക്കുകയാണ്. കേരളത്തിന്റെ പല ഭാഗത്ത് അക്രമം നടക്കുന്നു.

സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ടും സ്പ്രിഗ്ളർ അഴിമതിയുമായി ബന്ധപ്പെട്ടും ഉയർന്ന് വന്നിരിക്കുന്ന വസ്തുതകൾ മുഖ്യമന്ത്രിയേയും സർക്കാരിനെയും നാണം കെടുത്തി. അതിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുവാൻ വേണ്ടിയിട്ടാണ് ഈ നടപടികളുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നത്.

കോൺഗ്രസിന് എതിരായ ആരോപണം ഉന്നയിക്കുവാൻ ജയരാജന് എങ്ങനെ കഴിഞ്ഞു. പൊലീസ് പ്രതികളെ കണ്ട് പിടിച്ചില്ല. ജയരാജന് യു.ഡി.എഫിന്റെ തലയിൽ കെട്ടിവെക്കുവാൻ എങ്ങനെ കഴിഞ്ഞു. ഇതിൽ ദുരൂഹതയുണ്ട്. വളരെ ഗുരുതരമായ പ്രശ്നമാണിത്. ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തത് നാണംകെട്ട നടപടിയായി. കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായി നടന്നുകൊണ്ടിരിക്കുന്നത് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായി ഗൗരവമായ ആരോപണങ്ങളാണ് ഉയർന്നു വരുന്നതെന്നും ചെന്നിത്തല പറഞ്ഞു