കറാച്ചി: പാക്കിസ്ഥാൻ പര്യടനത്തിൽ നിന്നുള്ള ന്യൂസിലൻഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുകളുടെ പിന്മാറ്റത്തിന് പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗിനെയും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളെയുമടക്കം രൂക്ഷമായി പരിഹസിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ പണത്തിൽ കണ്ണുവച്ച് ഐപിഎലിൽ കളിക്കുന്നതിന് സ്വന്തം 'ഡിഎൻഎ' വരെ തിരുത്തിയവരാണ് ഓസ്‌ട്രേലിയൻ താരങ്ങളെന്ന് റമീസ് രാജ കുറ്റപ്പെടുത്തി. ഐപിഎൽ കരാർ സംരക്ഷിക്കുന്നതിന് ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ ഓസ്‌ട്രേലിയൻ താരങ്ങൾ അവരുടെ സ്വാഭാവികമായ ആക്രമണോത്സുകത പോലും ഒളിച്ചുവയ്ക്കുകയാണെന്ന് റമീസ് രാജ ആരോപിച്ചു.

ഇന്ത്യൻ പ്രിമിയർ ലീഗിൽനിന്ന് (ഐപിഎൽ) വൻതോതിൽ പണം ലഭിക്കുമെന്നതിനാൽ, ഐപിഎൽ കരാർ സംരക്ഷിക്കുന്നതിന് രാജ്യാന്തര താരങ്ങൾ ഏതറ്റം വരെയും പോകുമെന്നും റമീസ് രാജ ചൂണ്ടിക്കാട്ടി.

'പണത്തിനായി സ്വന്തം ഡിഎൻഎ വരെ തിരുത്തിയവരാണ് ഓസ്‌ട്രേലിയക്കാർ. ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ അവർ വളരെ സന്തോഷവാന്മാരാണ്. മാത്രമല്ല, സ്വാഭാവികമായ ആക്രമണോത്സുകതയും അവർ മാറ്റിവയ്ക്കും' റമീസ് രാജ പറഞ്ഞു.

'ഐപിഎൽ കരാർ സംരക്ഷിക്കാനുള്ള കടുത്ത സമ്മർദ്ദം രാജ്യാന്തര ക്രിക്കറ്റ് താരങ്ങൾ നേരിടുന്നുണ്ട്. അവിടെ പണമാണ് അവരെ ആകർഷിക്കുന്നത്' റമീസ് രാജ ചൂണ്ടിക്കാട്ടി. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിൽ പാക്കിസ്ഥാൻ പര്യടനം റദ്ദാക്കിയ ന്യൂസീലൻഡ്, ഇംഗ്ലണ്ട് ടീമുകളെ റമീസ് രാജ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

'ന്യൂസീലൻഡ് പാക്കിസ്ഥാനിൽ എത്തിയശേഷം പരമ്പര ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇംഗ്ലണ്ടും അതേ വഴി പിന്തുടർന്നു. രണ്ടു ടീമുകളും പാക്കിസ്ഥാനോട് തെറ്റാണ് ചെയ്തത്. പാക്കിസ്ഥാൻ പര്യടനം റദ്ദാക്കിയതുവഴി അവർ വലിയ പിഴവു വരുത്തി. അത് അവരുടെ മാത്രം പിഴവായതിനാൽ പാക്കിസ്ഥാൻ ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ട കാര്യമില്ലല്ലോ' റമീസ് രാജ പറഞ്ഞു.