കാമുകന്റെ ചതിയെ തുടർന്ന് ജീവിതം അവസാനിപ്പിക്കേണ്ടി വന്ന കൊല്ലം കൊട്ടിയം സ്വദേശി റംസിയുടെ ടിക്ടോക് വിഡിയോകൾ സോഷ്യൽ മീഡിയയിൽ നൊമ്പരക്കാഴ്‌ച്ചയാകുന്നു. ജീവിതം സ്വപ്നമായി കണ്ടു നടന്ന നാളുകളിൽ റംസി പങ്കുവച്ച ടിക് ടോക് വിഡിയോകളാണ് ഇപ്പോൾ പലരുടെയും ഉള്ളു പൊള്ളിക്കുന്നത്. ഈ ചിരിയാണവർ തല്ലിക്കെടുത്തിയതെന്നും കാരണക്കാരായവർ ശിക്ഷിക്കപ്പെടണമെന്നും പലരും രോഷം കൊള്ളുന്നുമുണ്ട്. ഹാരിസിനു നേരെ ശാപവാക്കുകൾ എറിയുകയാണ് ഏറെപ്പേരും.

സ്‌കൂൾതലം മുതൽ കായിക മേഖലയിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിരുന്നു റംസി. കൊല്ലം എസ്എൻ വിമൻസ് കോളജിൽ പഠിക്കുമ്പോൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ സർട്ടിഫിക്കറ്റുകൾ നേടിയിട്ടുണ്ട്. ബാസ്‌ക്കറ്റ് ബോൾ, സോഫ്റ്റ് ബോൾ, ഹാൻഡ് ബോൾ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. പവർലിഫ്റ്റിങ്ങിൽ യൂണിവേഴ്‌സിറ്റി മെഡലും നേടിയിട്ടുണ്ട്. 6 മാസം ദിവസവേതനാടിസ്ഥാനത്തിൽ സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ റംസിയെ കണ്ടത്. ഹാരീസുമായി റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വളയിടൽ ചടങ്ങുകളും മറ്റ് സാമ്പത്തിക ഇടപാടുകളും കഴിഞ്ഞശേഷം യുവാവ് വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. റംസി മരിക്കുന്നതിന് മുമ്പ് ഹാരീഷിന്റെ അമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. താൻ മരിക്കാൻ പോവുകയാണെന്ന് ഹാരീസിന്റെ അമ്മയോട് റംസി പറയുന്നത് ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്. യുവാവിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പൊലീസ് കേസെടുത്തത്.

പൊലീസ് പറയുന്നത് ഇങ്ങനെ: റംസിയും ഹാരീസും പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയ ബന്ധം ഇരുവീട്ടുകാരും അറിയുകയും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവയ്ക്കുകയുമായിരുന്നു. ഹാരീസിനു ജോലി ലഭിക്കുന്ന മുറയ്ക്കു വിവാഹം നടത്താമെന്ന ധാരണയിലായിരുന്നു ഇരുകുടുംബവും. ഒന്നരവർഷം മുൻപു ധാരണപ്രകാരം വളയിടൽ ചടങ്ങു നടത്തി. ഇതിനിടെ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിനു പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു. പിന്നീടു വിവാഹത്തെപ്പറ്റി പറയുമ്പോൾ ഹാരീസ് ഒഴിവുകഴിവുകൾ പറഞ്ഞിരുന്നു. ഇതിനിടെ റംസിയുടെ ഇളയ സഹോദരിയുടെ വിവാഹം നടന്നു.

ഹാരീസിനു മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണു റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിയിലായിരുന്നു റംസി. ഇതു സംബന്ധിച്ചു റംസിയും ഹാരീസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ ഹാരീസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം.

റംസിയുടെ മരണത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. കൊട്ടിയം, കണ്ണനല്ലൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിലുള്ളതാണ് സംഘം. സൈബർ സെൽ അംഗങ്ങളും രണ്ട് വനിതാ പൊലീസുകാരും ഉൾപ്പെടെ ഒൻപത് പേരാണ് സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണർ ആണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. കുടുംബാംഗങ്ങളുടെ പങ്ക് ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിക്കും. നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. സീരിയൽ നടി ലക്ഷ്മി പ്രമോദ് അടക്കം സംശയ നിഴലിലാണ്. ലക്ഷ്മിയുടെ ഭർതൃ സഹോദരനാണ് റംസിയെ പ്രണയചതിയിൽ കുടുക്കിയ ഹരീഷ്.

അതിനിടെ വിവാഹം ഉറപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത ശേഷം വാഗ്ദാന ലംഘനം നടത്തുകയും റംസിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ ഹാരിഷിനും കുടുംബത്തിനുമെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു പിഡിപി ആവശ്യപ്പെട്ടു. സംഭവത്തിൽ ഹാരീസിന്റെ മാതാപിതാക്കൾക്കും സഹോദരന്റെ ഭാര്യയ്ക്കും പങ്കുണ്ടെന്നും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ രോപിച്ചു. ലക്ഷ്മി പ്രമോദിനെതിരെ ഓഡിയോ തെളിവുകളും പുറത്തു വന്നിരുന്നു. എന്നാൽ ഇതൊന്നും ആദ്യ അന്വേഷണ സംഘം കാര്യമായെടുത്തില്ല.

നടി ലക്ഷ്മി പ്രമോദിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് ഇവരുടെ ഫോൺ കസ്റ്റഡിയിലെടുത്തതായാണ് സൂചന. കേസിൽ അറസ്റ്റിലായ പ്രതി കൊല്ലൂർവിള പള്ളിമുക്ക് ഇക്‌ബാൽനഗർ കിട്ടന്റഴികത്ത് വീട്ടിൽ ഹാരിഷ് മുഹമ്മദിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ഇവർ. ജമാഅത്തിന്റെ പേരിൽ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി യുവതിയെ എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയി ഗർഭഛിദ്രം നടത്തിയതിൽ ഇവർക്ക് പങ്കുണ്ടെന്ന് യുവതിയുടെ വീട്ടുകാർ പരാതിപ്പെട്ടിരുന്നു. യുവതിയെ പലപ്പോഴും വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയത് ഇവരായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. അറസ്റ്റിലായ ഹാരിഷ് യുവതിയെ കരുവാക്കി ബാങ്കുകളിൽനിന്ന് വായ്പകളും തരപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

യുവതിയെ വിവാഹം ഉറപ്പിച്ച് സ്വർണവും പണവും കൈപ്പറ്റിയതിനും യുവതിയെ നിരവധി തവണ കൊണ്ടുനടന്ന് പീഡിപ്പിച്ചതിനും ഹാരിഷിന്റെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന ആക്ഷേപം ശക്തമായതിനാൽ അവരെയും ഉടൻ പുതിയ അന്വേഷണ സംഘം ചോദ്യം ചെയ്യും. സംഭവത്തിൽ അറസ്റ്റിലായ ഹാരിഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് നടപടികൾ നടത്തി വരികയാണ്. ആത്മഹത്യ ചെയ്ത റംസിയെയും കൊണ്ട് ഹാരിഷ് പോയിട്ടുള്ള സ്ഥലങ്ങളിലെല്ലാം പോയി തെളിവെടുക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്, ബെംഗളൂരു എന്നിവിടങ്ങളിൽ പോയിട്ടുള്ളതായാണ് വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാകും പൊലീസ് വിശദമായ അന്വേഷണം നടത്തുക.