തിരുവനന്തപുരം: തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. ഭാവന ഐഎഫ്എഫ്‌കെ വേദിയിൽ എത്തിയതിന് പിന്നാലെ ദിലീപിനെ ജയിലിൽ സന്ദർശിച്ച രഞ്ജിത്തിന്റെ പഴയ ചിത്രം സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരുന്നു. ഇതിനെതിരെയാണ് രഞ്ജിത്ത് പ്രതികരണവുമായി രംഗത്തുവന്നത്.

നടൻ ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് രഞ്ജിത് പറഞ്ഞു. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടത്. ദിലീപുമായി അടുത്ത ബന്ധം ഇല്ലെന്നും രഞ്ജിത് വിശദീകരിച്ചു. താനാണ് വ്യക്തിപരമായി ഭാവനയെ ക്ഷണിച്ചതെന്നും ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങിൽ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാൻ വേണ്ടിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിലും വലിയ കാറ്റ് വന്നിട്ട് താൻ ആടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

ഭാവനയെ കൊണ്ട് വന്നത് തെറ്റായിപ്പോയി എന്ന തരത്തിലാണ് ചർച്ചകൾ. ദിലീപ് ഇത്തരം ഒരു കാര്യം ചെയ്തു എന്ന് വിശ്വസിക്കാൻ അന്ന് തനിക്കും പ്രയാസമായിരുന്നു. കേസ് കോടതിയിലാണ്. താൻ ദിലീപിനെ ന്യായീകരിക്കുന്നില്ല. ജയിലിൽ പോയി കണ്ടത് അന്ന് നടൻ സുരേഷ് കൃഷ്ണ പോയപ്പോൾ കൂടെ പോയത്. ജയിലിൽ കാണാൻ വേണ്ടി താൻ സ്വന്തം നിലയ്ക്ക് പോയതല്ല. സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് പോയത്. കാണാൻ ആഗ്രഹം ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തു നിൽക്കുന്നത് കണ്ട് ചർച്ചകൾ ഒഴിവാക്കാൻ ആണ് അകത്തു കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്.

സുപ്രണ്ടിന്റെ മുറിയിലാണ് താൻ ഇരുന്നത്. ദിലീപിനെ കണ്ടപ്പോൾ അദ്ദേഹവുമായി സംസാരിച്ചു. പിന്നീട് ദിലീപും സുരേഷ് കൃഷ്ണയും മാറിയിരുന്ന് സംസാരിച്ചു. അവർ അടുത്ത ബന്ധമുള്ളവരായിരുന്നു. സുപ്രണ്ടും ഞാനും ജയിലിൽ പ്രദർശിപ്പിക്കേണ്ട സിനിമയെകുറിച്ചാണ് സംസാരിച്ചതെന്നും രഞ്ജിത് പറഞ്ഞു.ഐഎഫ്എഫ്കെ വേദിയിലേക്ക് നടി ഭാവനയെ ക്ഷണിച്ചത് തെറ്റായിരുന്നോവെന്നും രഞ്ജിത്് ചോദിക്കുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഭാവനയെ കൊണ്ടുവന്നതിൽ തനിക്ക് പ്രത്യേകിച്ച് നന്ദിയോ അഭിനന്ദനമോ വേണ്ട.

ചുഴിഞ്ഞുകുത്തി കാര്യങ്ങളെ സമീപിക്കരുത്. വിവാദത്തിന് പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ട്. അതൊന്നും ഇവിടെ നടക്കില്ല. സർക്കാരാണ് തന്നെ തെരഞ്ഞെടുത്തത്. അതിന് വിരുദ്ധമായ ചുവടുവെപ്പ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും രജ്ഞിത്ത് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലെ ആളുകളുടെ വിലകുറഞ്ഞ വഷളത്തരങ്ങൾക്ക് മറുപടി പറയാൻ താൽപര്യമില്ലെന്നും അത് പ്രതീക്ഷിക്കേണ്ടെന്നും രരഞ്ജിത്

അനുരാഗ് കശ്യപും ആ വേദിയിലുണ്ടായിരുന്നു. അനുരാഗ് അദ്ദേഹത്തിന്റെ ജന്മനാടായ യു.പിയിൽ കാലുകുത്തിയിട്ട് 6 വർഷമായി. നിർഭയമായി സഞ്ചരിക്കാവുന്ന ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ ഒന്ന് കേരളവും മറ്റൊന്ന് തമിഴ്‌നാടുമാണെന്നാണ് അനുരാഗ് കശ്യപ് പറഞ്ഞതെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.