തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കുമെതിരെ സമരം ശക്തമാക്കി യുവജന സംഘടനകളും റാങ്ക് ഹോൾഡേഴ്‌സും. തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് പടിക്കലും സമരം പുരോഗമിക്കുകയാണ്. പിഎസ്‌സിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് പിൻവാതിൽ നിയമനം നടക്കുകയാണെന്ന ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ നടത്തിയ മാർച്ചിൽ സംഘർഷം ഉടലെടുത്തു.

പിഎസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സമരത്തിന് എത്തിയ ഉദ്യോഗാർഥികൾ പ്രതിഷേധത്തിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. സർക്കാർ പിഎസ് സി ലിസ്റ്റിൽ നിയമനം നടത്തുന്നില്ലെന്നും സംസ്ഥാനത്ത് പിൻവാതിൽ നിയമനമാണ് നടക്കുന്നതെന്നും ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തി. പ്രതിഷേധ മാർച്ച് മുൻ മന്ത്രി വി എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു.

മുന്മന്ത്രി ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് മുദ്രാവാക്യം വിളി തുടരുന്നതിനിടെ ആദ്യം ഒരു ഉദ്യോഗാർഥി ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചത്. പൊലീസ് ഈ യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെ മറ്റൊരു ഉദ്യോഗാർഥിയും ശരീരത്തിൽ മണ്ണെയൊഴിച്ചു.

സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ സമരം കടുപ്പിച്ചത്. വിവിധ ജില്ലകളിൽ നിന്ന് നിരവധി പേർ സമരത്തിന് എത്തി.