പത്തനംതിട്ട: ബിജെപി പിന്തുണയോടെ സിപിഎം നേതൃത്വത്തിൽ കേരളാ കോൺഗ്രസ് (എം) അംഗം പ്രസിഡന്റായിരിക്കുന്ന റാന്നി പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം നാളെ ചർച്ചയ്ക്കെടുക്കും. അവിശ്വാസം വിജയിച്ചാൽ ആര് അടുത്ത പ്രസിഡന്റാകണമെന്നതിനെ ചൊല്ലി യുഡിഎഫിൽ അഭിപ്രായ ഭിന്നത. ഇതു മുതലെടുത്ത് പ്രമേയം പരാജയപ്പെടുത്താമെന്ന് എൽഡിഎഫും കണക്ക് കൂട്ടുന്നു.

ബിജെപി, സിപിഎം പിന്തുണയോടെ കേരളാ കോൺഗ്രസ് (എം) അംഗം ശോഭാ ചാർലി പ്രസിഡന്റായത് സംസ്ഥാനമൊട്ടാകെ ചർച്ചയായിരുന്നു. സ്വതന്ത്രനെ പ്രസിഡന്റാക്കി ഭരണം പിടിക്കാൻ യുഡിഎഫ് തയ്യാറെടുക്കുമ്പോഴാണ് ഞെട്ടിച്ചു കൊണ്ട് എൽഡിഎഫും ബിജെപിയും പുറമേ നിന്ന് പിന്തുണച്ചു കൊണ്ട് കേരളാ കോൺഗ്രസ്(എം) അംഗത്തെ പ്രസിഡന്റാക്കിയത്. 13 അംഗ പഞ്ചായത്ത് കമ്മറ്റിയിലേക്ക് അഞ്ചു വീതം സീറ്റുകളിൽ എൽഡിഎഫും യു.ഡി.എഫും വിജയിച്ചപ്പോൾ രണ്ടു സീറ്റ് ബിജെപിയും ഒന്ന് സ്വതന്ത്രനും നേടി.

പ്രമേയം പരിഗണിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും യുഡിഎഫിന് ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടില്ല. യുഡിഎഫിലെ നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രനും ഉൾപ്പെടെ അഞ്ചു പേരാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുള്ളത്. വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, മിനി തോമസ്, മിനു ഷാജി, പ്രസന്നകുമാരി, സ്വതന്ത്രൻ കെ.ആർ. പ്രകാശ് എന്നിവരാണ് പ്രമേയത്തിൽ ഒപ്പിട്ടിട്ടുള്ളത്. യുഡിഎഫ് പാളയത്തിൽ ഇപ്പോൾ ആശയക്കുഴപ്പം നില നിൽക്കുകയാണ്. മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ കേരളാ കോൺഗ്രസ് (ജോസഫ്) അംഗം സച്ചിൻ വയലാ പ്രമേയ നോട്ടീസിൽ ഒപ്പിട്ടിരുന്നില്ല.

പ്രമേയം വിജയിച്ച് യുഡിഎഫിന് ഭരണം കിട്ടിയാൽ ആരു പ്രസിഡന്റാകും എന്ന കാര്യത്തിൽ തീർച്ച ഉണ്ടാകാത്തതാണ് സച്ചിന്റെ പിന്മാറ്റത്തിനു കാരണമായി കൂടുതൽ പറഞ്ഞു കേൾക്കുന്നത്. സ്വതന്ത്രനെ പ്രസിഡന്റാക്കി ഭരണം നടത്താമെന്ന തീരുമാനത്തിലായിരുന്നു ആദ്യം യുഡിഎഫ് നീങ്ങിയിരുന്നത്. ഇതിനോട് സഹകരിക്കാൻ ബിജെപി പ്രാദേശിക നേതൃത്വം തയാറായിരുന്നില്ല. അവർ ഇടതു പക്ഷത്തെ ശോഭാ ചാർളിയുമായി രഹസ്യ കരാർ ഉണ്ടാക്കി അവരെ പ്രസിഡന്റാക്കുകയായിരുന്നു. നിലവിൽ അവിശ്വാസം വിജയിച്ചാൽ തനിക്ക് പ്രസിഡന്റ് ആകണമെന്ന താൽപര്യം കേരളാ കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പ് അംഗം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.

വൈസ് പ്രസിഡന്റ് ഹിന്ദു-നായർ വിഭാഗക്കാരി ആയതിനാൽ പ്രസിഡന്റിന്റെ കാര്യത്തിൽ ജാതി-മത സമവാക്യം പരിഗണിക്കണ മെന്ന ഉപാധിയും ചില കേന്ദ്രങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് അംഗത്തിന്റെ നിലപാട് യുഡിഎഫിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവിശ്വാസവുമായി മുന്നോട്ടു പോകാനാണ് അവരുടെ തീരുമാനം. വരും മണിക്കൂറുകൾ അതിനാൽ നിർണായകവുമാകും. ഭൂരിപക്ഷം ഇല്ലാതെ ലഭിച്ചതാണെങ്കിലും ഭരണം നഷ്ടമാകാതിരിക്കാനുള്ള എല്ലാ മാർഗവും സിപിഎം സ്വീകരിച്ചു വരികയാണ്. യു.ഡി.എഫിലെ കേരളാ കോൺഗ്രസ് അംഗം ഇപ്പോൾ കോവിഡ് ക്വാറന്റൈനിൽ ആണെന്നു പറയുന്നു. അതിനാൽ അതിന്റെ പേരിൽ അവിശ്വാസ ചർച്ചയിൽ നിന്നും വിട്ടു നിർത്തിക്കാനുള്ള നീക്കവും സജീവമാണ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ വിവാദം ഒഴിവാക്കാൻ ശോഭാ ചാർളിയെ ഇടതു മുന്നണിയിൽ നിന്നും പുറത്താക്കിയതായി സിപിഎം പ്രസ്താവന നടത്തിയിരുന്നു. എന്നാൽ, മാതൃസംഘടനയായ കേരളാ കോൺഗ്രസ് (എം) ഒരു നടപടിയും സ്വീകരിച്ചില്ല. വിശദീകരണം തേടിയെന്ന് മാത്രമാണ് തലയൂരി. എങ്കിലും കേരളാ കോൺഗ്രസ് പുറത്താക്കാതിരുന്ന അവർ ഇപ്പോഴും ഇടതു മുന്നണിയുടേയും സിപിഎമ്മിന്റേയും സന്തത സഹചാരിയായാണ് പ്രവർത്തിച്ചു പോരുന്നത്.