റാന്നി: സർക്കാർ സ്‌കൂളിൽ പഠിക്കാൻ കുട്ടികളെ കിട്ടുന്നില്ല. ഈ പ്രതിസന്ധിയിൽ കടന്നു പോകുന്ന സ്‌കൂളുകൾക്ക് പുതു മാതൃകയാവും റാന്നി പഴവങ്ങാടിക്കര ഗവ.യു.പി.സ്‌കൂൾ പി.റ്റി.എയുടെ ഇടപെടൽ. ഈ സ്‌കൂളിൽ കുട്ടികളെ പഠിപ്പിക്കാൻ വിട്ടാൽ രക്ഷിതാവിന് ജോലിക്കുള്ള സാഹചര്യവും ഒരുക്കും.

രക്ഷിതാക്കൾക്ക് ജോലി നേടികൊടുക്കുകയെന്ന ദൗത്യവുമായി സ്‌കൂൾ പി.റ്റി.എ.ആണ് രംഗത്തെത്തിയത്. ശതോത്തര സുവർണ ജൂബിലിയാഘോഷിക്കുന്ന റാന്നി പഴവങ്ങാടിക്കര ഗവ.യു.പി.സ്‌കൂൾ പി.റ്റി.എയാണ് ജോലിയില്ലാത്ത രക്ഷിതാക്കൾക്ക് സർക്കാർ ജോലി എന്ന സ്വപ്ന പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. പി.എസ്.സി.പരീക്ഷകൾക്ക് സജ്ജരാക്കുകയെന്ന ദൗത്യമാണ് പി.റ്റി.എ. ഏറ്റെടുക്കുന്നത്. അതായത് പി എസ് സി കോച്ചിങ് നൽകി അവരെ പരീക്ഷയ്ക്ക് സജ്ജരാക്കും.

കുട്ടികളുടെ കുടുംബത്തിന്റെ വിവരങ്ങൾ ശേഖരിച്ചപ്പോൾ രക്ഷിതാക്കളിൽ ഭൂരിപക്ഷംപേർക്കും ജോലിയില്ലെന്ന് കണ്ടെത്തി. കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം രക്ഷിതാക്കളുടെ സാമ്പത്തിക അടിത്തറയും വിവേകപൂർവമായ അറിവുംകൂടി ചേർന്നാലേ ഇവർക്ക് സാമൂഹിക പുരോഗതി കൈവരിക്കാനാവൂ. ഇത് മനസ്സിലാക്കിയാണ് ഇടപെടലെന്ന് ഹെഡ്‌മാസ്റ്റർ രാജ് മോഹൻ തമ്പി, സ്വാഗത സംഘം ചെയർമാൻ ഫാ.ബെൻസി മാത്യു, പ്രോഗ്രാം കോ-ഓർഡിനേറ്റർ റ്റി.ജെ.ബാബുരാജ് എന്നിവർ പറഞ്ഞു.

ജോലിയില്ലാത്തവരിൽ മിക്കവരും എസ്.എസ്.എൽ.സി. മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവരാണ്. ജൂൺ പത്തിനുള്ളിൽ രക്ഷിതാക്കളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ ഇവരെക്കൊണ്ട് ലാസ്റ്റുഗ്രേഡിന് അപേക്ഷ നൽകിച്ച് പരിശീലനം നൽകും. 40 രക്ഷിതാക്കളുടെ അപേക്ഷ അയയ്ക്കുന്നതിന് നടപടി തുടങ്ങി. ക്ലാസുകൾ ജൂലായിൽ ആരംഭിക്കും.

അവധി ദിവസങ്ങളിലായിരിക്കും ക്ലാസുകൾ ക്രമീകരിക്കുന്നത്. സ്‌കൂളിലെ അദ്ധ്യാപകർ ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി വിവിധ കമ്മിറ്റികൾ രൂപവൽക്കരിച്ച് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.